കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തപ്രദേശങ്ങളിലേക്ക് ആളുകള്‍ ഇടിച്ചുകയറി വരികയാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രക്ഷാപ്രവര്‍ത്തനം നടക്കുന്ന ഇടങ്ങളിലേക്ക് ഭക്ഷണം നല്‍കാനാണെന്ന് പറഞ്ഞ് ആളുകള്‍ ഇടിച്ചുകയറുന്നത് ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. അത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
രക്ഷാപ്രവര്‍ത്തനത്തില്‍ വെല്ലുവിളി ഉണ്ടാകാതിരിക്കാനാണ് ഒരു കേന്ദ്രത്തില്‍ ഭക്ഷണം ഒരുക്കുന്നത്. ഭക്ഷണം കിട്ടുന്നില്ല എന്ന പരാതിയുണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. നിലവിലുള്ള വളണ്ടിയേഴ്‌സിന് ആവശ്യമായതിനേക്കള്‍ അധികം ഭക്ഷണം തങ്ങൾ പാകം ചെയ്യുന്നുണ്ട്. എവിടെയും ഭക്ഷണം കിട്ടുന്നില്ലെന്ന പരാതി ഉണ്ടാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.
രക്ഷാപ്രവര്‍ത്തകര്‍ക്ക് പുറത്തുനിന്ന് ഭക്ഷണം എത്തിക്കുന്നവര്‍ വളരെ ആത്മാര്‍ത്ഥമായാണ് ഇക്കാര്യത്തില്‍ ഇടപെടുന്നതെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ഇതേ ആവശ്യം ചൂണ്ടിക്കാട്ടി നാട്ടില്‍ ആരെങ്കിലും തെറ്റായ ഉദ്ദേശത്തോടെ പിരിവ് നടത്തി, അതിന്മേല്‍ ആരെങ്കിലും നടപടിയെടുത്താല്‍ ആര് ഉത്തരവാദിത്തം പറയുമെന്നും മന്ത്രി മാധ്യമങ്ങളോട് ചോദിച്ചു. അത്തരത്തിലുള്ള വിഷയങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
അതേസമയം രക്ഷാപ്രവര്‍ത്തനത്തിനിടെ കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ മരിച്ചവരുടെ എണ്ണത്തില്‍ ഉള്‍പ്പെടുത്താത്തതിന് പിന്നിലെ സാങ്കേതിക പ്രശ്‌നങ്ങളും മന്ത്രി വിശദീകരിച്ചു. ലഭിച്ച ശരീര ഭാഗങ്ങള്‍ ഒരാളുടെ തന്നെയാണോ എന്ന് തീര്‍ച്ചപ്പെടുത്താന്‍ കഴിയില്ല. അതിനായി ഡി.എന്‍.എ പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കാണാതായവരുടെ കണക്കില്‍ ക്രോഡീകരണം നടന്നുവരികയാണെന്നും മന്ത്രി അറിയിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളുമായി ബന്ധപ്പെട്ട ഏത് പരാതിയും പരിഹരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ക്യാമ്പുകളിലെ ബാത്ത്‌റൂം ഉള്‍പ്പെടെ രണ്ട് മണിക്കൂര്‍ ഇടവിട്ട് വൃത്തിയാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ മാധ്യമങ്ങള്‍ക്ക് തന്നെ ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍ പെടുത്താം, അടിയന്തിര നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിനായി സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്. ക്യാമ്പുകളില്‍ കഴിയുന്നവരോടും ചര്‍ച്ച നടത്തിയ ശേഷം മാത്രമേ ഇതിന്മേല്‍ നടപടി സ്വീകരിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവര്‍ പോലും രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങുന്ന അവസ്ഥയാണ് ഇപ്പോള്‍. അവരുടെ മാനസികാവസ്ഥ നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. അവരുടെ മുമ്പിലേക്കാണ് ഡാര്‍ക്ക് ടൂറിസത്തിന് സമാനമായി ക്യാമറകളുമായി ആളുകള്‍ എത്തുന്നത്. ഈ സാഹചര്യത്തെ സര്‍ക്കാര്‍ ശക്തമായി പ്രതിരോധിക്കുമെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു.
എല്ലാം സംഘടനകളെയും പാര്‍ട്ടികളെയും സന്നദ്ധപ്രവര്‍ത്തകരെയും ചേര്‍ത്തുനിര്‍ത്തി രക്ഷാപ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ അനാസ്ഥകള്‍ക്ക് മേല്‍ നിയന്ത്രണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇതിനുപുറമെ ദുരന്തത്തിന് പിന്നാലെ ഏഴ് കുട്ടികള്‍ അനാഥരായിട്ടുണ്ട്. ഇവരുടെ കാര്യത്തില്‍ കൂടിയാലോചനകള്‍ക്ക് ശേഷം അനുയോജ്യമായ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Content Highlight: Minister PA Muhammad Riaz said that people are invading the disaster areas of Wayanad