ആലുവ: ഗാര്‍ഹിക പീഡനത്തിനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയയുടെ വീട് സന്ദര്‍ശിച്ച് വ്യവസായ മന്ത്രി പി.രാജീവ്. മോഫിയയുടെ മാതാപിതാക്കളുമായി മന്ത്രി സംസാരിച്ചു. മുഖ്യമന്ത്രിയും ഇരുവരോടും ഫോണില്‍ സംസാരിച്ചു.
സംഭവത്തില്‍ ആരോപണ വിധേയനായ സി.ഐക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി മോഫിയയുടെ പിതാവ് പറഞ്ഞു.
അന്വേഷണത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രയാസമുണ്ടെങ്കില്‍ തന്നെ നേരിട്ട് വിളിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ സാധിച്ചത് ആശ്വാസമായെന്നും മോഫിയയുടെ പിതാവ് പറഞ്ഞു.
എല്ലാതരത്തിലുള്ള അന്വേഷണവും കേസില്‍ ഉണ്ടാവുമെന്ന് മന്ത്രി ഉറപ്പുനല്‍കി. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
സി.ഐ സുധീറിനെതിരെ അന്വേഷണം നടക്കുകയാണെന്നും അതിന് ശേഷം നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഭര്‍തൃവീട്ടില്‍ മോഫിയ നേരിട്ടത് ക്രൂര പീഡനമാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഭര്‍ത്താവും മാതാപിതാക്കളും അടിമയെ പോലെയാണ് മോഫിയയെ കൊണ്ട് ജോലി ചെയ്യിപ്പിച്ചിരുന്നതെന്നും ഭര്‍തൃമാതാവ് സ്ഥിരമായി ഉപദ്രവിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭര്‍ത്താവ് സുഹൈല്‍ ലൈംഗിക വൈകൃതത്തിന് അടിമയാണ്. പലതവണ ഇയാള്‍ മോഫിയയുടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. മോഫിയയെ മാനസിക രോഗിയായി ഭര്‍തൃവീട്ടുകാര്‍ മുദ്രകുത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.