ഈ സംരംഭകവര്‍ഷത്തില്‍ ഇതുവരെ 35,000ത്തിലധികം സ്ത്രീകളെ സംരംഭക ലോകത്തേക്ക് കൈപ്പിടിച്ചുയര്‍ത്താനായി: പി. രാജീവ്
Kerala News
ഈ സംരംഭകവര്‍ഷത്തില്‍ ഇതുവരെ 35,000ത്തിലധികം സ്ത്രീകളെ സംരംഭക ലോകത്തേക്ക് കൈപ്പിടിച്ചുയര്‍ത്താനായി: പി. രാജീവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st January 2023, 7:19 pm

തിരുവനന്തപുരം: ഈ സംരംഭക വര്‍ഷത്തില്‍ 35,000ത്തിലധികം സ്ത്രീകളെ സംരംഭക ലോകത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ വ്യവസായ വകുപ്പിന് കഴിഞ്ഞെന്ന് മന്ത്രി പി. രാജീവ്. ഒരു ലക്ഷം സംരംഭങ്ങള്‍ എട്ട് മാസം കൊണ്ട് ആരംഭിച്ച് ചരിത്രം സൃഷ്ടിച്ച സംരംഭക വര്‍ഷത്തിലാണ് വനിതാ സംരംഭകരുടെ കാര്യത്തിലും മറ്റൊരു ചരിത്രം സൃഷ്ടിക്കാന്‍ കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു.

35,000ത്തിലധികം സ്ത്രീകളെ സംരംഭക ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തി സംരംഭക വര്‍ഷം മുന്നോട്ടുപോകുമ്പോള്‍ വ്യവസായ വകുപ്പിനും പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ഇത് അഭിമാന നേട്ടമാണ്.

ഫുഡ് പ്രൊസസിങ്ങ്, ബയോടെക്‌നോളജി, ഐ.ടി, ഇലക്ട്രോണിക്‌സ്, വ്യാപാരമേഖല, ഹാന്റ്‌ലൂം-ഹാന്റിക്രാഫ്റ്റ് എന്നീ മേഖലകളിലുള്‍പ്പെടെ സമസ്ത മേഖലകളിലും സ്ത്രീകള്‍ സംരംഭങ്ങള്‍ ആരംഭിച്ചു. പല മേഖലകളിലും 30 ശതമാനത്തിലധികം സംരംഭങ്ങളും രജിസ്റ്റര്‍ ചെയ്തത് സ്ത്രീകളുടെ പേരിലാണെന്നും മന്ത്രി പറഞ്ഞു.

‘തൃശൂര്‍ ജില്ലയില്‍ മാത്രം നാലായിരത്തിലധികം സംരംഭകര്‍ വനിതകളാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ മൂവായിരത്തിലധികം വീതം വനിതാ സംരംഭകരുള്ളപ്പോള്‍ താരതമ്യേന വ്യവസായ രംഗത്ത് പിന്നോക്കം നില്‍ക്കുന്ന കാസര്‍ഗോഡ്, വയനാട്, ഇടുക്കി ജില്ലകളിലും ആയിരത്തിലധികം വനിതകള്‍ സംരംഭക വര്‍ഷം പദ്ധതിയിലൂടെ സംരംഭകരായി.

അഭിമാനത്തോടെ മാത്രമേ ഈ മുന്നേറ്റഗാഥ നമുക്ക് കേള്‍ക്കാന്‍ സാധിക്കുകയുള്ളൂ. കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുന്നതിനായി ഈ സംരംഭകര്‍ക്ക് സ്‌കെയില്‍ അപ്പ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകും. ടെക്‌നോളജി ക്ലിനിക്കുകളും ഹെല്‍പ് ഡെസ്‌കുകളും ഇന്‍വസ്റ്റര്‍ ഹെല്‍പ് കോള്‍ സെന്ററുകളുമെല്ലാം പ്രതിസന്ധി ഘട്ടങ്ങളില്‍ ഇവര്‍ക്ക് സഹായം ലഭ്യമാക്കും. സംരംഭക മേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന കൂടുതല്‍ വനിതകള്‍ക്ക് കരുത്ത് പകരാന്‍ ഈ സംരംഭകര്‍ക്ക് സാധിക്കട്ടെ,’ പി. രാജീവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യം എട്ട് മാസം കൊണ്ട് കൈവരിക്കാന്‍ കേരളത്തിന് കഴിഞ്ഞിരുന്നു.