കണ്ണൂര്‍: തലശ്ശേരിയിലെ ദമ്പതികളുടെ വ്യവസായ യൂണിറ്റ് വീണ്ടും തുറന്നുപ്രവര്‍ത്തിക്കാന്‍ ആരംഭിച്ചുവെന്ന് മന്ത്രി പി. രാജീവ്. ഇന്നലെ തന്റെ ഓഫീസില്‍ നിന്ന് ഇവരുമായി ഫോണില്‍ ബന്ധപ്പെടുകയും സംരംഭം മുന്നോട്ടുകൊണ്ടുപോകുന്നതിന് നിയമപരമായി ചെയ്യാന്‍ സാധിക്കുന്ന സഹായങ്ങള്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നുവെന്നും മന്ത്രി പറഞ്ഞു.
തിരിച്ചെത്തിയ ദമ്പതികള്‍ക്ക് അധികൃതര്‍ നേരിട്ടെത്തി താക്കോല്‍ കൈമാറി. കേരളം എന്തുകൊണ്ട് സംരംഭക സൗഹൃദമാകുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ് തലശ്ശേരിയിലേത്. അപൂര്‍വമായുണ്ടാകുന്ന വീഴ്ചകള്‍ കണ്ടെത്തി തിരുത്തുകയും സംരംഭകര്‍ക്ക് മുന്നോട്ടുപോകാനുള്ള സഹായം ചെയ്യുകയുമാണ് സര്‍ക്കാര്‍. മുന്‍കാലങ്ങളില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ പോലും ഏറെ പ്രയാസമായിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു ദിവസം കൊണ്ട് കെ-സ്വിഫ്റ്റ് വഴി അനുമതി ലഭിക്കുന്നു. മുന്‍പ് അടിക്കടിയുള്ള പരിശോധനകള്‍ സംരംഭകര്‍ പരാതിയായി ഉന്നയിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ കെ-സിസ് സംവിധാനം വഴി സുതാര്യമായ വിധത്തില്‍ പരിശോധനകള്‍ സംഘടിപ്പിക്കാന്‍ സാധിക്കുന്നുവെന്നും പി. രാജീവ് പറഞ്ഞു.
വ്യവസായങ്ങളെ ബാധിക്കുന്ന കാലഹരണപ്പെട്ട ചട്ടങ്ങള്‍ ഒഴിവാക്കാനും ഈ സര്‍ക്കാര്‍ തയ്യാറായി. ഇതിന്റെയെല്ലാം ഫലമായി കേരളത്തിലേക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനകം 7,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങളും കടന്നുവന്നു. 2022 മാര്‍ച്ച് 30ന് ആരംഭിച്ച സംരംഭക വര്‍ഷം പദ്ധതി അഞ്ച് മാസം പൂര്‍ത്തിയാകുന്നതിന് മുന്‍പ് 50,000 സംരംഭങ്ങള്‍ കേരളത്തില്‍ ആരംഭിക്കുകയും ഇതിലൂടെ 1,10,000 ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്തു.