| Sunday, 11th December 2022, 11:59 pm

ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യം പുര്‍ത്തിയാക്കിയത് എട്ട് മാസം കൊണ്ട്; വിജയരഹസ്യം വിശദീകരിച്ച് മന്ത്രി പി. രാജീവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യം എട്ട് മാസം കൊണ്ട് കൈവരിക്കാന്‍ കഴിഞ്ഞത് വിപുലമായ തയ്യാറെടുപ്പുകളുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെയും ഫലമായാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്.

ശരാശരി പതിനായിരം എം.എസ്.എം.ഇകളാണ് കേരളത്തില്‍ ഒരു വര്‍ഷം രജിസ്റ്റര്‍ ചെയ്യുന്നതെന്നും ആ സാഹചര്യത്തില്‍ ഇവിടെ എന്തൊക്കെ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയും എന്ന ശാസ്ത്രീയമായ അന്വേഷണം നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വ്യവസായ മേഖലയില്‍ ഇനിയുമേറെ സഞ്ചരിക്കാനുണ്ടെന്നും ഒന്നിച്ച്, കൂട്ടായി, വ്യവസായ കേരളത്തത്തിനായി നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.

വര്‍ഷത്തില്‍ 1,09,000 കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍ പുറത്തുനിന്നും കൊണ്ടുവന്ന് ഇവിടെ വില്‍ക്കുന്നുണ്ട്. ജി.എസ്.ടിയെ അടിസ്ഥാനമാക്കി ഏതെല്ലാം വിഭാഗങ്ങളിലാണ് ഇവയെന്ന് കണ്ടെത്തി. അതില്‍ കേരളത്തിന്റെ സാധ്യതകള്‍ക്ക് അനുസരിച്ച് ചെറുകിട സംരംഭങ്ങളായി ആരംഭിക്കാന്‍ കഴിയുന്നവ ലിസ്റ്റ് ചെയ്തു. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സാധ്യതയും പരിമിതിയും പഠിച്ച് One Local Body one Product സ്‌കീം ആവിഷ്‌കരിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ധന. തദ്ദേശ സ്വയംഭരണം, കൃഷി, ഫിഷറീസ്, മൃഗ സംരക്ഷവും ക്ഷീരവും, തൊഴില്‍ വകുപ്പ് മന്ത്രിമാരുടെ യോഗം ചേര്‍ന്നു ഓരോ വകുപ്പിന്റെയും ഉത്തരവാദിത്തം നിശ്ചയിച്ചു. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംസ്ഥാന നേതാക്കളുടെ യോഗം ചേര്‍ന്നു. അവര്‍ പൂര്‍ണമായ പിന്തുണ വാഗ്ദാനം ചെയ്തു.

സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ മന്ത്രി എന്ന നിലയില്‍ പങ്കെടുത്ത് പദ്ധതിക്ക് ആവശ്യമായ വായ്പാ പിന്തുണ ഉറപ്പ് വരുത്തി. തുടര്‍ന്ന് ബാങ്ക് പ്രതിനിധികളുടെ യോഗം ചേര്‍ന്ന് പ്രത്യേക വായ്പാ പദ്ധതിക്ക് രൂപം നല്‍കി. ഫിക്കി, സി.ഐ ഐ.എ, സ്‌മോള്‍ സ്‌കെയില്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍, ടായ് തുടങ്ങിയ സംരംഭക സംഘടനകളുടെ യോഗം ചേര്‍ന്നു.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാര്‍, കമ്പനി സെക്രട്ടറിമാര്‍, എച്ച്.ആര്‍ മാനേജര്‍മാര്‍ എന്നിവരുടെ സംഘടനകള്‍, മാനേജ്‌മെന്റ് അസോസിയേഷന്‍ എന്നിവരുടെ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തി. വിവിധ ഗവേഷണ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തി സാങ്കേതിക പിന്തുണ ഉറപ്പുവരുത്തി. കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികളുമായി നടത്തിയ ചര്‍ച്ചയില്‍ അവര്‍ക്ക് പിന്തുണ നല്‍കാന്‍ കഴിയുന്ന മേഖലകള്‍ പ്രത്യേകം നിശ്ചയിച്ചു.

സഹകരണ മന്ത്രിയോടൊപ്പം സഹകരണ ബാങ്ക് പ്രസിഡന്റുമാരുടേയും സെക്രട്ടറിമാരുടേയും യോഗത്തില്‍ പങ്കെടുത്തു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷരുടേയും സെക്രട്ടറിമാരുടേയും യോഗത്തില്‍ പങ്കെടുത്ത് പ്രാദേശിക ഭരണ സമിതികളുടെ നേതൃത്യം ഉറപ്പുവരുത്തി. സംസ്ഥാന തലത്തില്‍ 15 യോഗങ്ങളില്‍ മന്ത്രി എന്ന നിലയില്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ലയുടേയും വ്യവസായ ഡയറക്ടര്‍ ഹരി കിഷോറിന്റേയും നേതൃത്വത്തില്‍ പ്രൊഫഷണലായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ എല്ലാ തലങ്ങളിലും സജീവമായി ഇടപ്പെട്ടു. ജില്ലാ ഓഫീസുകള്‍ മത്സരബുദ്ധിയോടെ പ്രവര്‍ത്തിച്ചു.

1,153 ഇന്റേണുകളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിന്യസിച്ചു. ഇവരുടെ പ്രവര്‍ത്തനം സ്തുത്യര്‍ഹമാണ്’. ഓരോ ജില്ലക്കും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും പ്രത്യേകം പ്രത്യേകം ടാര്‍ജറ്റ് നിശ്ചയിച്ചു. പ്രവര്‍ത്തനങ്ങള്‍ സൂക്ഷമമായി പിന്തുടരാന്‍ പ്രത്യേക മൊബൈല്‍ അപ്ലിക്കേഷന്‍ വികസിപ്പിച്ചു. മന്ത്രിതല ഡാഷ് ബോര്‍ഡ് വഴി ഏതുസമയവും ഏതു സ്ഥലത്തേക്കും പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യാന്‍ കഴിഞ്ഞു. താലൂക്ക് വ്യവസായ കേന്ദ്രങ്ങളെ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളാക്കി മാറ്റി, ഇന്റേണ്‍സിനെ നിയോഗിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തിലും എം.എല്‍.എ മാരുടെ നേതൃത്തില്‍ മണ്ഡലതലത്തിലും മേല്‍നോട്ട സമിതികള്‍ രൂപീകരിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുതലവന്‍മാരുടെ കമ്മിറ്റിയും രൂപീകരിച്ചു.
തദ്ദേശ സ്ഥാപനങ്ങളില്‍ സംരംഭക സംഗമവും വായ്പാമേളകളും സംഘടിപ്പിച്ചു. എല്ലായിടത്തും ഹെല്‍പ് ഡെസ്‌കുകള്‍ രൂപീകരിച്ചു. 4 ശതമാനം പലിശയില്‍ വായ്പ ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ പണം വകയിരുത്തി. മൂലധന സബ്‌സിഡി സ്‌കീമുകള്‍ പ്രകാരം ഉറപ്പുവരുത്തി.

സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം മാറി, ഇന്റേണ്‍സ് സംരംഭകരെ കണ്ടെത്തി Hand hold Service നല്‍കി. എല്ലാ ജില്ലകളിലും എം.എസ്.എം.ഇ ക്ലിനിക്കുകള്‍ ആരംഭിച്ചു. മാനേജ്‌മെന്റ്, സാങ്കേതിക വിദ്യ, മാര്‍ക്കറ്റിങ്, ഫിനാന്‍സിങ് മേഖലകളില്‍ ഉപദേശം നല്‍കാന്‍ വിദഗ്ദരുടേയും സ്ഥാപനങ്ങളുടേയും സേവനം ഉറപ്പുവരുത്തി. ഇങ്ങനെയൊക്കെയാണ് നമ്മള്‍ ഒന്നിച്ച് നേരത്തേ ലക്ഷ്യം നേടിയതെന്ന് മന്ത്രി രാജീവ് പറഞ്ഞു.

Content highlight:  Minister P. Rajeev Explaining the secret of success The target of one lakh enterprises was achieved in eight months

We use cookies to give you the best possible experience. Learn more