| Monday, 12th December 2022, 5:06 pm

ദാക്ഷായണി ബിസ്‌കറ്റിന് സേതുമാധവൻ പ്രയാസപ്പെടുന്ന സിനിമ വരുന്നത് രാജ്യത്തെ ആദ്യ ഐ.ടി പാര്‍ക്ക് തിരുവനന്തപുരത്ത് തുടങ്ങിയ ശേഷം: പി. രാജീവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, ശ്രീനിവാസന്‍, ഇന്നസെന്റ്, ഉര്‍വശി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1993ല്‍ പുറത്തിറങ്ങിയ ചലച്ചിത്രമാണ് മിഥുനം. ഒരു സംരംഭം തുടങ്ങാന്‍ സേധുമാധവന്‍ എന്ന ചെറുപ്പക്കാരന്‍ ശ്രമിക്കുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം

എന്നാല്‍ കേരളത്തെക്കുറിച്ച് വ്യവസായ വിരുദ്ധ സംസ്ഥാനമായി നിര്‍മിക്കപ്പെട്ട ഒരു പൊതുബോധത്തിന്റെ പ്രതിഫലനമായിരുന്നു ഈ സിനിമയെന്ന് പറയുകയാണ് മന്ത്രി പി. രീജീവ്.

രാജ്യത്തെ ആദ്യ ഐ.ടി പാര്‍ക്ക് തിരുവനന്തപുരത്ത് തുടങ്ങിയ ശേഷമാണ് ദാക്ഷായണി ബിസ്‌കറ്റിന് സേതുമാധവന് പ്രയാസപ്പെടുന്ന ഇങ്ങനെയൊരു സിനിമ വരുതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ നമ്മുടെ അനുഭവങ്ങളും ധാരണകളും ഇപ്പോഴതല്ലെന്നും ഇത് സംരംഭകരുടെ കാലമാണെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു പി. രാജിവിന്റെ പ്രതികരണം.

‘ദാക്ഷായണി ബിസ്‌കറ്റിന് വേണ്ടി സേതുമാധവന് അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങള്‍ മോഹന്‍ലാലിലൂടെ മലയാളിയിലെത്തിച്ച ശ്രീനിവാസന്‍ സിനിമ ഇപ്പോഴും നമ്മുടെ മനസിലുണ്ട്.

ഐ.എസ്.ഐ മാര്‍ക്കുള്ള മീറ്ററിന് ശഠിക്കുന്ന എഞ്ചിനീയറും അനുമതികള്‍ക്കായി നെട്ടോട്ടമോടിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയും പ്രേക്ഷക മനസിലങ്ങനെ വേരോടിക്കിടക്കുന്നു. ജനവിരുദ്ധ മനോഭാവത്തോടെ ചുമതലകള്‍ വഹിച്ച ഉദ്യോഗസ്ഥരൊക്കെ ഉണ്ടായിട്ടുമുണ്ട്. കേരളത്തെക്കുറിച്ച് നിര്‍മിക്കപ്പെട്ട ഒരു പൊതുബോധത്തിന്റെ പ്രതിഫലനമായിരുന്നു ആ സിനിമ.


എന്നാല്‍, ഇന്ത്യയിലെ ആദ്യ ഐ.ടി പാര്‍ക്ക് തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങിയ ശേഷമാണ് ഈയൊരു പ്രമേയത്തോടെ സിനിമ പുറത്തിറങ്ങിയതും ചര്‍ച്ചയായതും എന്നത് കൗതുകമായി തോന്നുന്നു.

നമ്മുടെ അനുഭവങ്ങളും ധാരണകളും ഇപ്പോഴതല്ല. ഇത് സംരംഭകരുടെ കാലമാണ്. സംരംഭക വര്‍ഷം പദ്ധതി അത് തെളിയിച്ചു. സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാരും ഉദ്യോഗസ്ഥരും വ്യക്തിഗത സേവനം ഉറപ്പുവരുത്തുന്ന അനുഭവമാണ് സംരംഭക വര്‍ഷം പദ്ധതിയില്‍ കണ്ടത്,’ പി. രാജീവ് പറഞ്ഞു.

സംരംഭകര്‍ക്ക് എല്ലാ സഹായവും നേരിട്ട് നല്‍കാന്‍ സദാ സന്നദ്ധരായി 1,153 ഇന്റേണുകള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഓഫീസ് സമയമോ അവധി ദിവസങ്ങളോ കണക്കാക്കാതെ ഓവര്‍ ടൈം ജോലി ചെയ്തു. വ്യവസായ വകുപ്പിലെ മാത്രമല്ല, എല്ലാ വകുപ്പുകളിലേയും ഉദ്യോഗസ്ഥര്‍ സംരംഭകര്‍ക്കാവശ്യമായ പിന്തുണയേകി. സാങ്കേതിക വിദ്യയിലും വൈദഗ്ധ്യത്തിലും പിന്തുണയേകുന്നതിനായി എം.എസ്.എം.ഇ ക്ലിനിക്കുകള്‍ ഓരോ ജില്ലയിലും പ്രവര്‍ത്തനക്ഷമമായി. നാല് ശതമാനം പലിശക്ക് വായ്പാ സൗകര്യമൊരുക്കി ബാങ്കുകള്‍ മുന്നോട്ടുവന്നു.

ഇങ്ങനെ, സംരംഭക സൗഹൃദ അന്തരീക്ഷം കേരളത്തിന്റെ കരുത്തായിമാറുന്ന ഒരു കാഴ്ചയാണ് ഈ പദ്ധതിയിലൂടെ നാം കണ്ടത്. അങ്ങനെയാണ് എട്ട് മാസത്തിനുള്ളില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ കേരളത്തില്‍ ഉയര്‍ന്നുവന്നത്. നമ്മുടെ നാട്ടിലെ സാധാരണക്കാരും, അഭ്യസ്തവിദ്യരായ ചെറുപ്പക്കാരും വീട്ടമ്മമാരും മടങ്ങിയെത്തിയ പ്രവാസി കളും വനിതകളുമാണ് ഇങ്ങനെ സംരംഭകരായി മാറിയത്.

കേരളത്തില്‍ നിന്നുതന്നെയാണ് 6,337 കോടി രൂപ നിക്ഷേപമായി സമാഹരിച്ചത്. 2.25 ലക്ഷം പേര്‍ക്ക് പുതുതായി തൊഴില്‍ നല്‍കിയത്. പുതിയ സംരംഭകരില്‍ 3,2000 ലേറെ പേര്‍ വനിതകളാണ് എന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത. സംരംഭക വര്‍ഷത്തിന്റെ വിജയം ഒട്ടേറെ പേര്‍ക്ക് ആത്മവിശ്വാസം പകരുമെന്നതില്‍ സംശയമില്ല. ഇനിയും പുതിയ സംരംഭകരുണ്ടാകും. സേതുമാധവന്‍മാര്‍ പഴങ്കഥയാകുമെന്നും പി. രാജീവ് കൂട്ടിച്ചേര്‍ത്തു.

സംരംഭം തുടങ്ങുന്നതില്‍ പ്രയാസം നേരിട്ട നാലഞ്ച് പേരുടെ പ്രശ്‌നങ്ങള്‍ ഇതിനിടയില്‍ വലിയ കവറേജോടെ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്നിരുന്നു. ഈ ഓരോ പ്രശ്‌നത്തിലും മന്ത്രി എന്ന നിലയില്‍ നേരിട്ട് ഇടപെടുകയും പരിഹാരം കാണുകയും ചെയ്തിരുന്നു. ഇക്കൂട്ടത്തില്‍ പെട്ട തകഴി വില്ലേജ് മാളിന്റെ ഉദ്ഘാടനത്തിന് കഴിഞ്ഞ ദിവസം പോയിരുന്നു.

ഇവിടെ നാം ഓര്‍ക്കേണ്ടത്, നാലോ അഞ്ചോ പേര്‍ക്ക് പ്രയാസം നേരിട്ടപ്പോള്‍ ഒരു ലക്ഷത്തിലേറെ പേരാണ് നിറഞ്ഞ സന്തോഷത്തോടെ എട്ട് മാസത്തിനുള്ളില്‍ സംരംഭങ്ങള്‍ ആരംഭിക്കുകയും നടത്തുകയും ചെയ്യുന്നത്. ഇതും വലിയ കവറേജിന് അര്‍ഹതയുള്ളതല്ലേ? ഒറ്റപ്പെട്ട സംഭവങ്ങള്‍ ഇനിയുമുണ്ടായേക്കാം. അവക്ക് പരിഹാരവുമുണ്ടാകും. പക്ഷേ കേരളത്തിന്റ സംരംഭക സൗഹൃദ നിലയല്ലേ പ്രാധാന്യത്തോടെ അവതരിപ്പിക്കേണ്ടത്.

കേരളം ഒറ്റക്കെട്ടായാണ് ഈ മുന്നേറ്റം കൈവരിച്ചത്. എല്ലാ എം.എല്‍ എമാരും തദ്ദേശ സ്ഥാപനങ്ങളും വ്യവസായ രംഗത്തെ സംഘടനകളും തൊഴിലാളി സംഘടനകളും തുടങ്ങി എല്ലാവരും ഈ ചരിത്ര ദൗത്യത്തില്‍ പങ്കാളികളായി. പഴയ പൊതുബോധത്തില്‍ ഇനിയും നാടിനെ കൊളുത്തിയിടാന്‍ ആവില്ല. സംരംഭക വര്‍ഷത്തിന്റെ അടുത്ത പടികളിലേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുകയാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Minister P. Rajeev against Mithunam movie is a 1993 film directed by Priyadarshan

We use cookies to give you the best possible experience. Learn more