| Saturday, 18th February 2023, 8:01 pm

എന്നോട് ഒരു ചോദ്യം പോലും ചോദിക്കാതെയാണ് 'മന്ത്രിക്ക് മറുപടിയില്ലെ'ന്ന് മനോരമ വാര്‍ത്ത കൊടുത്തത്; സംരംഭകവര്‍ഷത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടിനെതിരെ പി.രാജീവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മനോരമ ന്യൂസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വ്യവസായ മന്ത്രി പി. രാജീവ്. ‘ഒരു ലക്ഷം സംരംഭം, ലക്ഷണമൊത്തം കള്ളം’ എന്ന മനോരമ റിപ്പോര്‍ട്ടിനെതിരെയാണ് മന്ത്രി രംഗത്തുവന്നത്.

‘സംരംഭകവര്‍ഷ’ത്തിലൂടെ ചരിത്രനേട്ടം കൈവരിച്ചെന്ന സര്‍ക്കാര്‍ വാദം പൊള്ളയാണെന്നായിരുന്നു മനോരമയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചോദ്യത്തിന് മന്ത്രിക്ക് മറുപടിയില്ലെന്ന മറ്റൊരു വാര്‍ത്തയും മനോരമ പ്രസിദ്ധീകരിച്ചിരുന്നു.

ഈ വാര്‍ത്തകള്‍ക്കാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ മന്ത്രി പി. രാജീവ് മറുപടി നല്‍കിയത്.

ഇതുവരെയും റിപ്പോര്‍ട്ടിങ്ങിന്റെ ഭാഗമായി മനോരമ തന്നെ സമീപിക്കുകയോ ചോദ്യങ്ങള്‍ ഉന്നയിക്കുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ‘ഒരു ചോദ്യം പോലും ഉന്നയിക്കാതെയാണ് മറുപടിയില്ലെന്ന് മനോരമ പറയുന്നത്. സംരംഭക വര്‍ഷത്തിലെ മുഴുവന്‍ ലിസ്റ്റില്‍ രണ്ടെണ്ണമാണ് അവര്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. ചിലപ്പോള്‍ ആയിരിക്കാം.

ജനാധിപത്യത്തിന്റെ നാലാംതൂണായി ജനതാല്‍പര്യത്തിനൊപ്പം നിന്നുകൊണ്ട് ക്രിയാത്മകമായ വിമര്‍ശനങ്ങളാണ് മനോരമ ഉന്നയിക്കുന്നതെങ്കില്‍ അത്തരം എല്ലാ വിമര്‍ശനങ്ങളും സ്വാഗതാര്‍ഹമാണ്. ഇതിനകത്ത് കുറവുകളുണ്ടെങ്കില്‍ തീര്‍ച്ചയായും ചൂണ്ടിക്കാം.

പക്ഷെ നിങ്ങളുടെ കയ്യിലുള്ള ലിസ്റ്റില്‍ നാടിന്റെ ശ്രദ്ധയില്‍ പെടുത്തണമെന്ന് തോന്നുന്ന ഒന്നും നിങ്ങള്‍ കണ്ടില്ലേ. അങ്ങനെയുള്ള നൂറെണ്ണം കൊടുത്തിട്ട്, ഇങ്ങനെയുള്ള രണ്ടെണ്ണം കൂടിയുണ്ട് എന്ന് പറയുന്നതാണ് ക്രിയാത്മക മാധ്യമപ്രവര്‍ത്തനം,’ പി. രാജീവ് പറഞ്ഞു.

ബാംഗ്ലൂരിലും തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലുമെല്ലാം വിവിധ സംരംഭങ്ങള്‍ നേരിട്ട വലിയ പ്രതിസന്ധികളെ കുറിച്ച് ഒരു വരി പോലും റിപ്പോര്‍ട്ട് ചെയ്യാത്ത മനോരമ കേരളത്തിലെ ചെറിയ സംഭവങ്ങള്‍ പെരുപ്പിച്ച് കാണിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

പതിനായിരം സംരംഭകരെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ കൊണ്ടുവന്നിരുന്നെന്നും അവരോടൊന്നും മനോരമ ചോദ്യങ്ങള്‍ ഉന്നയിച്ചില്ലെന്നും പി. രാജീവ് പറഞ്ഞു. 60000 കോടി രൂപയോളം ചെറുകിട സംരംഭകര്‍ക്ക് ലോണ്‍ കൊടുക്കാന്‍ കഴിയുന്ന സംസ്ഥാനമായി കേരളം മാറിയെന്ന കാര്യം തമസ്‌കരിക്കരുതെന്ന് മന്ത്രി പറഞ്ഞു. വ്യവസായരംഗത്തും നിര്‍മാണമേഖലയിലും വളര്‍ച്ച കൈവരിച്ചതിന് കണക്കുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നെഗറ്റീവ് വാര്‍ത്തകള്‍ക്കൊപ്പം തന്നെ ചെറുപ്പക്കാരും സ്ത്രീകളും വിദ്യാര്‍ത്ഥികളുമെല്ലാം ആരംഭിച്ച സംരംഭങ്ങളെ കുറിച്ച് കൂടി വാര്‍ത്ത നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

‘നിങ്ങള്‍ ഞങ്ങളെ നിശിതമായി വിമര്‍ശിച്ചോളു. കുറവുകളുണ്ടെങ്കില്‍ പറഞ്ഞോളൂ, അത് നിങ്ങളുടെ ഉത്തരവാദിത്തം തന്നെയാണ്. അത് തിരുത്താനും ഞങ്ങള്‍ തയ്യാറാണ്. പക്ഷെ അതുമാത്രമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് തെറ്റായ രീതിയാണ്. പോസിറ്റീവായ വാര്‍ത്തകള്‍ക്ക് അല്‍പമെങ്കിലും സമയം കണ്ടെത്തി കൂടെ.

ഒരു പ്രതികരണം പോലും ചോദിക്കാതെ നാടിനെതിരായ വാര്‍ത്ത നല്‍കുന്ന രീതി മലയാള മനോരമയുടെ മാനേജ്‌മെന്റ് പരിശോധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മനോരമ സ്വയം വിമര്‍ശനപരമായി കാര്യങ്ങളെ വിലയിരുത്തുമെന്നും ഉത്തരവാദിത്തപരമായ മാധ്യമപ്രവര്‍ത്തനത്തിലേക്ക് തിരിയുമെന്നും ഞാന്‍ വിശ്വസിക്കുന്നു.’
മന്ത്രി പറഞ്ഞു.

Content Highlight: Minister P Rajeev against Manorama News

We use cookies to give you the best possible experience. Learn more