| Friday, 8th October 2021, 9:44 pm

നുണകള്‍ മാത്രം പാചകം ചെയ്യുന്നയാളാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി: എ.ഐ.വൈ.എഫ് സമ്മേളനത്തില്‍ വിമര്‍ശനവുമായി മന്ത്രി പി. പ്രസാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: നുണകളുടെ കലവറക്കാരനും പാചകക്കാരനുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കൃഷിമന്ത്രി പി. പ്രസാദ്. എ.ഐ.വൈ.എഫ് ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

‘നുണകളെ മാത്രം പ്രവഹിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭമാണ് രാജ്യത്തെമെമ്പാടും ഉയരുന്നത്. അസത്യം മാത്രം വിളയിക്കുന്ന ഭരണകൂടം സ്വന്തം ജനതയെ എങ്ങനെ കൊന്നൊടുക്കാമെന്നാണ് ചിന്തിക്കുന്നത്.

സംഘപരിവാറിന്റെ അന്നദാതാക്കള്‍ കുത്തക മുതലാളിമാര്‍ മാത്രമാണ്. ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണയെന്നോണമാണ് കര്‍ഷകരെ ദ്രോഹിക്കുന്ന കാര്‍ഷിക നിയമം കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്,’അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ നേതൃനിരയെപോലും ബോധ്യപ്പെടുത്താന്‍ കഴിയാത്ത നിയമമാണിതെന്ന് കാലം തെളിയിക്കുകയാണെന്നും ജാതിയുടേയും മതത്തിന്റേയും ഭാഗത്തല്ലാതെ ജീവിതത്തിന്റെ കളങ്ങളില്‍ മുന്നോട്ട് പോകാനാകാതെ ബുദ്ധിമുട്ടിലാണ് ഈ നിയമം മൂലം രാജ്യത്തെ കര്‍ഷകരെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഇന്നലകളുടെ രാഷ്ട്രീയത്തില്‍ ഇല്ലാതിരുന്നവര്‍ക്ക് ചരിത്രം അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടെന്നും ഇന്നലെകളില്‍ രാജ്യത്ത് സ്ഥാനം ഇല്ലാതിരുന്നു എന്നതാണ് സംഘപരിവാര്‍ നേരിടുന്ന പ്രതിസന്ധിയെന്നുംഅദ്ദേഹം പറഞ്ഞു.

സ്ഥാനങ്ങള്‍ക്കും പദവിക്കും പിന്നാലെ പോകുന്നവരല്ല എ.ഐ.വൈ.എഫുകാരെന്ന് ചരിത്രം വിളിച്ചുപറയുന്നുണ്ടെന്നും എ.ഐ.സി.സി ആസ്ഥാനത്ത് എന്തുകിട്ടുമെന്ന് തിരക്കിപ്പോകുന്നത് എ.ഐ.വൈ.എഫുകാരുടെ പാരമ്പര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സി.പി.ഐയുടെ യുവജന വിഭാഗമായ എ.ഐ.വൈ.എഫിന്റെ മണ്ഡല-ജില്ലാ സമ്മേളനങ്ങള്‍ സംസ്ഥാനത്ത് നടക്കുകയാണ്.

സാമ്പത്തിക സംവരണമനുവദിക്കുന്ന ഭരണഘടനയുടെ 103ാം ഭേദഗതി എടുത്തുകളയണമെന്നും അതിന്റെ ഭാഗമായി അനുവദിച്ച ആനുകൂല്യങ്ങള്‍ റദ്ദാക്കണമെന്നും എ.ഐ.വൈ.എഫ് തങ്ങളുടെ വിവിധ മണ്ഡലം സമ്മേളനങ്ങളില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു.

സി.പി.ഐയുടെ ബ്രാഞ്ച് സമ്മേളനങ്ങളും ലോക്കല്‍ സമ്മേളനങ്ങളും തുടങ്ങാനിരിക്കെ എ.ഐ.വൈ.എഫിന്റെ നിലപാടുകള്‍ കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Minister P.Prasad lashes against PM Modi

We use cookies to give you the best possible experience. Learn more