തൃശൂര്‍: ആര്‍.എസ്.സിന്റെ അടിസ്ഥാന ഗ്രന്ഥമായ വിചാര ധാരയെ തള്ളിപ്പറയാന്‍ സംഘപരിവാര്‍ തയ്യാറുണ്ടോയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബി.ജെ.പി നേതാക്കള്‍ ക്രിസ്തീയ സമുദായത്തില്‍ പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
വീടുകള്‍ സന്ദര്‍ശിക്കുന്ന ബി.ജെ.പി നേതാക്കള്‍ക്ക് വിചാരധാര വായിച്ചുകൊണ്ടാണ് വീട്ടുകാര്‍ മറുപടി നല്‍കുന്നത്. വിചാരധാര പ്രകാരം ഇന്ത്യയുടെ പ്രധാന ശത്രുക്കളില്‍ ഒന്ന് മിഷനറിമാരും ക്രിസ്ത്യാനികളുമാണ്. ആ വിചാരധാരയെ തള്ളിപ്പറയാന്‍ കേരളത്തിലെയും രാജ്യത്താകെയുമുള്ള ബി.ജെ.പി നേതാക്കള്‍ തയ്യാറുണ്ടോ. മിഷനറി പ്രവര്‍ത്തകന്‍ ആയിരുന്ന ഗ്രഹാം സ്റ്റെയിനിനെയും കുടുംബത്തെയും ചുട്ടുകൊന്നതിനെ ഇപ്പോഴും ന്യായീകരിക്കുന്നവരാണ് ഇന്ത്യയിലെ ബി.ജെ.പി നേതാക്കള്‍. അത് ബി.ജെ.പി നേതാക്കളോട് നേരിട്ട് ചോദിക്കാനുള്ള നല്ല അവസരമായാണ് അവരുടെ വീട് സന്ദര്‍ശനത്തെ ക്രിസ്ത്യന്‍ സമുദായത്തില്‍ പെട്ടവര്‍ കാണുന്നതെന്നും മന്ത്രി പറഞ്ഞു.
ക്രിസ്ത്യാനികള്‍ക്കുനേരെ സംഘപരിവാര്‍ നടത്തിയ നിരവധി ആക്രമണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ 2022 ലെ കണക്കു പ്രകാരം 598 ആക്രമണങ്ങളാണ് ഇന്ത്യയില്‍ വിചാരധാരയെ അടിസ്ഥാനമാക്കി ആര്‍എസ്എസ് നടത്തിയത്. 89 പുരോഹിതന്മാര്‍ ആക്രമിക്കപ്പെട്ടു. രാജ്യത്ത് 68 പള്ളികള്‍ തകര്‍ത്തു. ആകെ 127 ആക്രമണങ്ങളില്‍ 87ഉം സംഘപരിവാറിന്റെ സംഘടിത കലാപം ആയിരുന്നു. 2020ലും 21ലും 104 ആക്രമണമാണ് സംഘപരിവാര്‍ നടത്തിയത്. കരോളുകള്‍പോലും ആക്രമിക്കപ്പെട്ടു. യു.പിയില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടത് നമുക്കറിയാം. ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ നൂറുകണക്കിന് അക്രമികള്‍ ആയുധങ്ങളുമായി എത്തി പള്ളികള്‍ ആക്രമിച്ചത് മറക്കാറായിട്ടില്ല. മധ്യപ്രദേശിലും സമാന ആക്രമങ്ങള്‍ നടന്നു. ഇതില്‍ പ്രതികളായവര്‍ സംഘപരിവാറിന്റെ ഉത്തരവാദപ്പെട്ട നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു.
ഈ അക്രമങ്ങള്‍ ഒരു സുപ്രഭാതത്തില്‍ പെട്ടന്ന് തോന്നി ചെയ്യുന്നതല്ല. ആര്‍.എസ്.എസിന്റെ താത്വിക ഗ്രന്ഥമായ വിചാരധാരയില്‍ അധ്യായം 19ല്‍ ഇന്ത്യയുടെ പ്രഖ്യാപിത ശത്രുക്കള്‍ ആരൊക്കെ എന്നതിന് രണ്ടാമത്തെ ശത്രുക്കളായി പറയുന്നത് ക്രിസ്ത്യാനികള്‍ എന്നാണ്. ഇതില്‍ പ്രചോദിതര്‍ ആയാണ് ഇത്തരം അക്രമങ്ങള്‍ നടത്തുന്നത്. ഈ വിചാരധാരയെ തള്ളിപ്പറയാന്‍ ബി.ജെ.പി തയ്യാറുണ്ടോ എന്നാണു ക്രിസ്ത്യന്‍ വീടുകളില്‍നിന്ന് ഉയരുന്ന ചോദ്യമെന്നും മുഹുമ്മദ് റിയാസ് പറഞ്ഞു.
ക്രിസ്ത്യാനികള്‍ നാടിനോട് കൂറില്ലാത്തവര്‍ ആണെന്നും അവര്‍ ആതുരാലയങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും നടത്തുന്നത് മത പരിവര്‍ത്തനത്തിന് വേണ്ടിയാണെന്നും അടക്കമുള്ള കാര്യങ്ങള്‍ പറയുന്ന ഒരു ഗ്രന്ഥത്തെ പിന്‍പറ്റുന്നവര്‍ ക്രിസ്ത്യന്‍ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ സ്വാഭാവികമായി ഈ ചോദ്യങ്ങള്‍ ഉയരും. ബി.ജെ.പിയുടെ പുതിയ നീക്കങ്ങള്‍കൊണ്ട് പൊതു രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു മാറ്റവും ഉണ്ടാക്കാന്‍ പോകുന്നില്ലെന്നതിന്റെ തെളിവാണിത്. ആര്‍.എസ്.എസ് അക്രമങ്ങളെക്കുറിച്ച് അവരോടുതന്നെ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരമാണിത്. അതിന് ക്രിസ്ത്യന്‍ സമുദായത്തില്‍ പെട്ടവര്‍ ബി.ജെ.പിയോട് നന്ദി പറയുകയാണ് വേണ്ടതെന്നും മന്ത്രി റിയാസ് പറഞ്ഞു.
Content Highlight: Minister P. A. Muhammad Riyas whether the Sangh Parivar is ready to reject the Vichara Dhara, the basic book of RSS