കോഴിക്കോട്: മാതൃഭൂമി ദിനപത്രത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള വേദിയില്‍ പത്രത്തിനെതിരെ വിമര്‍ശനമുന്നയിച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
ചിലര്‍ മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍, ചെറിയൊരു ചാഞ്ചാട്ടം മാതൃഭൂമിക്ക് വരുന്നുണ്ടോയെന്ന് മാതൃഭൂമിയെ സ്‌നേഹിക്കുന്നവര്‍ പോലും സംശയിക്കുന്ന സമയമാണിതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. കേന്ദ്ര മന്ത്രി വി. മുരളീധരനെ വേദിയിലിരിത്തിയായിരുന്നു റിയാസിന്റെ പ്രതികരണം.
‘ജനാദിപത്യത്തിന്റെ ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്ന് വിശേഷിപ്പുക്കുന്ന മാധ്യമങ്ങള്‍ വസ്തുതകള്‍ പറയുമ്പോള്‍ ചിലര്‍ക്ക് ഇഷ്ടമുള്ളത് മാത്രമേ പറയാവൂ എന്ന നിര്‍ബന്ധ ബുദ്ധിയുള്ളവര്‍, വായമൂടുക്കെട്ടാനും ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍.
അതില്‍ ചെറിയൊരു ചാഞ്ചാട്ടം മാതൃഭൂമിക്ക് വരുന്നുണ്ടോയെന്ന് മാതൃൂമിയെഭ സ്‌നേഹിക്കുന്നവര്‍ പോലും സംശയിക്കുന്ന കാലഘട്ടത്തില്‍, ഭയപ്പെട്ട് കീഴടങ്ങാന്‍ മാതൃഭൂമി തയ്യാറല്ല എന്ന് പ്രഖ്യാപിക്കാന്‍ മാതൃഭൂമി മാനേജ്‌മെന്റിന് അതിന്റെ പ്രവൃത്തിയിലൂടെ സാധിക്കേണ്ടതുണ്ട്. ഇത് മാതൃഭൂമിയെ സ്‌നേഹിക്കുന്നവര്‍ ആഗ്രഹിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്,’ മുഹമ്മദ് റിയാസ് പറഞ്ഞു.
കോഴിക്കോട് സരോവരം മൈതാനത്തെ ട്രേഡ് സെന്ററില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായാണ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്. മാതൃഭൂമിയുടേത് സ്വാതന്ത്ര്യത്തിനായി പോരാടിയ ചരിത്രമാണെന്ന് മോദി പറഞ്ഞു.കൊളോണിയല്‍ ഭരണത്തിനെതിരെ നമ്മുടെ രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാന്‍ ഇന്ത്യയിലുടനീളം സ്ഥാപിതമായ പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും മഹത്തായ പാരമ്പര്യത്തിന്റെ പ്രധാന ഭാഗമാണ് മാതൃഭൂമി. മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്താനാണ് മാതൃഭൂമി പിറന്നതെന്ന് മോദി പറഞ്ഞു.
ശതാബ്ദിഫലകം ജ്ഞാനപീഠജേതാവ് എം.ടി. വാസുദേവന്‍നായര്‍ അനാച്ഛാദനം ചെയ്തു. കേന്ദ്രമന്ത്രി വി. മുരളീധരന്‍, കോണ്‍ഗ്രസ് നേതാവും എം.പി.യുമായ രാഹുല്‍ ഗാന്ധി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ (ഇരുവരും ഓണ്‍ലൈന്‍), മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മേയര്‍ ബീനാ ഫിലിപ്പ്, എം.കെ. രാഘവന്‍ എം.പി., എളമരം കരീം എം.പി., മലയാള മനോരമ മാനേജിങ് എഡിറ്റര്‍ ജേക്കബ് മാത്യു, വാള്‍ട്ട് ഡിസ്നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റ് കെ. മാധവന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി.