'വിഭജനം ഉണ്ടാക്കുവാനുള്ള ശ്രമമാണിത്'; പാഠപുസ്തകവുമായി ബന്ധപ്പെട്ട പ്രചരണത്തില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി
Kerala News
'വിഭജനം ഉണ്ടാക്കുവാനുള്ള ശ്രമമാണിത്'; പാഠപുസ്തകവുമായി ബന്ധപ്പെട്ട പ്രചരണത്തില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd June 2023, 11:03 pm

 

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.സി.ഇ.ആര്‍.ടിയുടെ പാഠപുസ്തകം എന്ന പേരില്‍ മഴയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഭാഗം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായുള്ള പാഠപുസ്തകമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.സി.ഇ.ആര്‍.ടി ഒരു ക്ലാസിലും ഇത്തരം പാഠപുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും 2013 മുതല്‍ ഒരേ പാഠപുസ്തകങ്ങളാണ് കേരളത്തിലെ വിദ്യാലയങ്ങളില്‍ ഉപയോഗിക്കുന്നതെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

കേരളത്തിന്റെ പാഠപുസ്തകം എന്ന പേരില്‍ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്തി സമൂഹത്തില്‍ വിഭജനം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് എതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കേരള നദുവത്തുല്‍ മുജാഹിദീന്റെ കീഴിലുള്ള മദ്രസകളിലെ ഒരുപാഠ ഭാഗം ചൂണ്ടിക്കാണിച്ച് കേരള സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ മേഖലയുമായി ബന്ധമുള്ള പുസ്തകമാണെന്നുള്ള വ്യാപക പ്രചരണം നടന്നിരുന്നു. ഇതിലാണ് മന്ത്രിയുടെ വിശദീകരണം.
എന്‍.സി.ഇ.ആര്‍.ടിയുടെ പാഠഭാഗങ്ങളില്‍ നിന്ന് ജനാധിപത്യം അടക്കമുള്ള ഭാഗങ്ങള്‍ വെട്ടിമാറ്റിയ വാര്‍ത്തകള്‍ക്കിടയിലായിരുന്നു ഈ പ്രചരണം.

 

എന്‍.സി.ഇ.ആര്‍.ടി ഏകപക്ഷീയമായി പാഠഭാഗങ്ങള്‍ വെട്ടിമാറ്റുന്നത് ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ക്കെതിരായ വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു.

‘എന്‍.സി.ഇ.ആര്‍.ടി. 6-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ നിലവിലുള്ള പാഠപുസ്തകങ്ങളില്‍ നിന്നും കൊവിഡിന്റെ പേരില്‍ കുട്ടികളുടെ പഠനഭാരം കുറയ്ക്കുന്നു എന്ന് പറഞ്ഞ് റേഷണലൈസേഷന്‍ എന്ന പേരിട്ട് വ്യാപകമായി പാഠഭാഗങ്ങള്‍ വെട്ടികുറച്ചിരിക്കുകയാണ്. ഇത് രാജ്യത്തെ നിലവിലുള്ള ജനാധിപത്യ ക്രമങ്ങളെ മുഴുവന്‍ വെല്ലുവിളിക്കുന്നതാകയാല്‍ സ്വീകരിക്കാന്‍ കഴിയില്ല എന്ന് കേരളം ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞതാണ്.

 

 

രാഷ്ട്രപിതാവ് മഹാത്മാഗാന്ധി , മൗലാനാ ആസാദ്, പരിണാമ സിദ്ധാന്തം, പീരിയോഡിക് ടേബിള്‍, ജനാധിപത്യക്രമം തുടങ്ങി രാജ്യത്തിന്റെ പൊതുചരിത്രം ഭരണഘടനാമൂല്യങ്ങള്‍, രാജ്യം നേരിടുന്ന വര്‍ത്തമാനകാല വെല്ലുവിളികള്‍, തുടങ്ങിയവയെല്ലാം ഒഴിവാക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. 2005 ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ചുവടുപിടിച്ച് നിര്‍മ്മിക്കപ്പെട്ടിട്ടുള്ള എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകങ്ങളില്‍ നിന്നും ഇത്തരം പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നതിലൂടെ എന്‍.സി.എഫ്- 2005 ഉയര്‍ത്തിപ്പിടിച്ച ലക്ഷ്യങ്ങളെ തന്നെയാണ് ചവിട്ടിമെതിക്കുന്നത്.

ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളെ ചേര്‍ത്തുപിടിച്ച് യഥാര്‍ത്ഥ ചരിത്രത്തെ ഉയര്‍ത്തിപ്പിടിച്ച്, ഒഴിവാക്കിയ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി സപ്ലിമെന്ററി പാഠപുസ്തകങ്ങള്‍ കേരളം പ്രസിദ്ധീകരിക്കുമെന്ന് ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു.

മതനിരപേക്ഷതയും ജനാധിപത്യവും, സംരക്ഷിക്കുവാനും, യഥാര്‍ത്ഥ ചരിത്ര വസ്തുതകള്‍ പഠിക്കാനും, ശാസ്ത്രചിന്തകള്‍ വളര്‍ത്താനും പൊതുവിദ്യാഭ്യാസത്തെ ചേര്‍ത്തുപിടിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്ത് കേരളം പൊതുവിദ്യാഭ്യാസത്തിന്റെ കാവലാളാവും,’ മന്ത്രി പറഞ്ഞു.

Content Highlight: Minister of Education V. Shivankutty aganist Fake Propaganda