മിയോവാകി ജനവനം പദ്ധതിക്ക് തുടക്കം കുറിച്ച് മന്ത്രി എം.വി. ഗോവിന്ദന്‍; പദ്ധതി നടപ്പിലാക്കാത്തവര്‍ക്ക് മന്ത്രിയുടെ ചലഞ്ച്
Kerala News
മിയോവാകി ജനവനം പദ്ധതിക്ക് തുടക്കം കുറിച്ച് മന്ത്രി എം.വി. ഗോവിന്ദന്‍; പദ്ധതി നടപ്പിലാക്കാത്തവര്‍ക്ക് മന്ത്രിയുടെ ചലഞ്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th April 2022, 3:38 pm

തിരുവനന്തപുരം: മിയോവാകി ജനവനം പദ്ധതിക്ക് തുടക്കം കുറിച്ച് തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.വി. ഗോവിന്ദന്‍. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലും മിയോവാകി മാതൃകയില്‍ ജനവനം പച്ചതുരുത്തുകള്‍ നിര്‍മിക്കുവാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി വസതിക്ക് പിന്നിലുള്ള മൂന്നര സെന്റ് സ്ഥലത്ത് ജനവനമൊരുക്കിയത്.

ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി അറിയിച്ചത്. ജനവനം പദ്ധതി നടപ്പിലാക്കാത്തവര്‍ ഇതൊരു ചലഞ്ചായി ഏറ്റെടുത്ത് സമയബന്ധിതമായി നടപ്പിലാക്കാന്‍ ശ്രമിക്കണമെന്നും എം.വി. ഗോവിന്ദന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ നിര്‍മിത ഹരിതവനങ്ങള്‍ രൂപപ്പെടുത്തിയ പ്രമുഖ സസ്യശാസ്ത്രജ്ഞന്‍ പ്രൊഫ. അകിരാ മിയോവാകി നിര്യാതനായ വേളയിലാണ് ജനവനം പദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ച് സംസാരിച്ചത്. മിയോവാകി നടത്തിയ പാരിസ്ഥിതിക ഇടപെടലിന്റെ മാതൃകകള്‍ കേരളത്തിലും സൃഷ്ടിക്കാനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് തീരുമാനിച്ചത്. തീര്‍ത്തും ശാസ്ത്രീയമായി ജനവനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൈക്കൊള്ളണമെന്ന് അന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നുവെന്ന് പോസ്റ്റില്‍ പറയുന്നു.

രണ്ടോ, മൂന്നോ സെന്റ് ഭൂമിയില്‍ വരെ മിയോവാകി വനം സൃഷ്ടിക്കാമെന്നാണ് പറയാറുള്ളത്. തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ അത്തരമൊരു മാതൃക ആ സമയത്ത് താന്‍ പോയി കാണുകയും ചെയ്തു. മന്ത്രിമന്ദിരമായ നെസ്റ്റിന്റെ പിറകില്‍ കാടുംപടലും പിടിച്ച്, കെട്ടിടാവശിഷ്ടങ്ങള്‍ കൂട്ടിയിട്ട്, വൃത്തികെട്ട നിലയില്‍ കിടക്കുന്ന സ്ഥലത്ത് ഒരു പച്ചതുരുത്ത് ഉണ്ടാക്കിയാലോ എന്ന് ആലോചിക്കുന്നത് അപ്പോഴാണ്. അടുത്ത ദിവസം വനംമന്ത്രി എ.കെ. ശശീന്ദ്രനെ കണ്ടപ്പോള്‍ ഈ കാര്യം പങ്കുവെച്ചു.

അപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ച് വേണ്ടത് ചെയ്യാന്‍ വനംമന്ത്രി നിര്‍ദേശിച്ചു. ഔദ്യോഗിക വസതിയുടെ പിറകിലുള്ള പുരയിടം വൃത്തിയാക്കുന്ന ജോലി ഏറെ ക്ലേശകരമായിരുന്നു. നാലഞ്ച് ലോഡ് കെട്ടിടാവശിഷ്ടങ്ങളാണ് അവിടെ നിന്നും മാറ്റിയത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ അതിനായി ഒരുപാട് അധ്വാനിച്ചു. അപ്പോഴാണ് കോര്‍പ്പറേഷനിലെ കൃഷി ഓഫീസര്‍ കുറച്ച് സ്ഥലത്ത് തങ്ങള്‍ ജൈവപച്ചക്കറി കൃഷി നടത്താന്‍ സഹായിക്കാമെന്ന് പറഞ്ഞത്. എന്തായാലും ജനവനത്തിനും പച്ചക്കറി കൃഷിക്കുമായി ഔദ്യോഗിക വസതിയുടെ പിറകിലുള്ള പുരയിടം ഏറെ പണിപ്പെട്ട് ഒരുക്കിയെടുത്തുവെന്നും മന്ത്രി എം.വി. ഗോവിന്ദന്‍ പറയുന്നു.

‘തിരുവനന്തപുരം സോഷ്യല്‍ ഫോറസ്റ്റ് റേഞ്ചിലെ റേഞ്ച് ഓഫീസര്‍ അരവിന്ദ് ബാലകൃഷ്ണന്‍, ഫോറസ്റ്റര്‍മാരായ വീരേന്ദ്രകുമാര്‍, സുരേഷ് ബാബു, രാജേഷ് എന്നിവര്‍ നെസ്റ്റിലേക്കെത്തി. മിയോവാകി വനമൊരുക്കാന്‍ വനംവകുപ്പ് കരാര്‍ നല്‍കിയ രാജനും അവരോടൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് മണ്ണൊരുക്കലായി. കേരള വനം വന്യജീവി വകുപ്പിന്റെ നഗരവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇവിടെ മിയോവാകി വനം ഉണ്ടാക്കാന്‍ തുടങ്ങിയത്.

മൂന്നര സെന്റ് സ്ഥലത്ത് മുന്നൂറ് വൃക്ഷങ്ങള്‍. അശോകം, പ്ലാവ്, മാവ്, വെള്ളപൈന്‍, വയണ, പൂവരക്, നാരകം, ശീമനെല്ലി, ഈട്ടി, പനീര്‍ചാമ്പ, മന്ദാരം, കുടമ്പുളി, നെല്ലി തുടങ്ങി നാല്‍പ്പത്തിയഞ്ചിനം വൃക്ഷങ്ങളുടെ നിരവധി തൈകള്‍ അവിടേക്കെത്തി. തീര്‍ത്തും ശാസ്ത്രീയമായി അവര്‍ വനമൊരുക്കി. ജലസേചനത്തിനുള്ള സൗകര്യവും ഉണ്ടാക്കി. ഇപ്പോള്‍ നാലഞ്ച് മാസം കഴിഞ്ഞു. ജനവനം നല്ല രീതിയില്‍ വളരുന്നുണ്ട്.

കുറച്ച് ദിവസം മുമ്പ് കാര്‍ബണ്‍ ന്യൂട്രല്‍ കേരളയുടെ നിര്‍വഹണ മാര്‍ഗരേഖ തയ്യാറാക്കാനുള്ള ശില്‍പശാലയുടെ ഭാഗമായി നവകേരളം മിഷന്റെ കോര്‍ഡിനേറ്റര്‍ ടി.എന്‍. സീമയുമായി സംസാരിച്ചപ്പോള്‍ സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളില്‍ പച്ചതുരുത്തുകള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്ന് പറഞ്ഞു.

ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇവ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. അഭിനന്ദനാര്‍ഹമായ ആ നേട്ടം കൂടുതല്‍ വിപുലപ്പെടുത്തുന്നതിനൊപ്പം ജനകീയാസൂത്രണ രജതജൂബിലിയുടെ ഭാഗമായുള്ള ജനവനം പച്ചതുരുത്തുകളും നമുക്ക് സൃഷ്ടിക്കാം. എത്രമേല്‍ വനങ്ങള്‍ സൃഷ്ടിക്കുന്നുവോ, അത്രമേല്‍ ഗുണമാണല്ലൊ ഈ ഭൂമിക്കും വരുംതലമുറയ്ക്കും ഉണ്ടാവുക,’ പോസ്റ്റില്‍ പറയുന്നു.

Content Highlights: Minister MV Govindan stars Miyovaki forest project