തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടവരെ സി.പി.ഐ.എം. സംരക്ഷിക്കില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. തെറ്റായ നിലപാട് എടുക്കുന്ന ആരും പാര്‍ട്ടിയുമായി ബന്ധപ്പെട്ട് മുന്നോട്ട് പോവില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതിനിടെ കള്ളക്കടത്തുകാര്‍ക്ക് പിന്തുണ നല്‍കുന്ന നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയും രംഗത്തെത്തി. സംഘടനയുടെ കണ്ണൂര്‍ ജില്ലാ ഘടകമാണ് കള്ളക്കടത്തുകാര്‍ക്ക് ഇടതുപ്രൊഫൈലുകളില്‍ നിന്ന് ലൈക്ക് അടിക്കുന്നത് തിരുത്തണമെന്ന നടപടിയുമായി രംഗത്തെത്തിരുന്നു.
സ്വയം അപമാനിതരാകാതിരിക്കാന്‍ ഇവരെ പിന്തുണയ്ക്കുന്ന ഫാന്‍സ് ക്ലബുകാര്‍ സ്വയം പിരിഞ്ഞു പോകണമെന്നും ഡി.വൈ.എഫ്.ഐ. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. ഷാജര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് എന്ത് പാര്‍ട്ടിയെന്നും ഏത് നിറമുള്ള പ്രൊഫൈല്‍ വെച്ചാലും അവര്‍ക്ക് ഒറ്റ ലക്ഷ്യം മാത്രമാണ് ഉള്ളതെന്നും ഷാജര്‍ പറഞ്ഞു.
പകല്‍ മുഴുവന്‍ ഫേസ്ബുക്കിലും, രാത്രിയില്‍ നാട് ഉറങ്ങുമ്പോള്‍ കള്ളക്കടത്തും നടത്തുന്ന ‘പോരാളി സിംഹങ്ങള്‍’ ആണിവര്‍ എന്നും ഷാജര്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
കള്ളക്കടത്തുകാര്‍ക്ക് വേണ്ടി ലൈക്ക് അടിക്കുന്നവരും സ്നേഹാശംസ അര്‍പ്പിക്കുന്നവരും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നീട് അപമാനിതരാകാതിരിക്കാന്‍ ഫാന്‍സ് ക്ലബുകാര്‍ സ്വയം പിരിഞ്ഞു പോകണമെന്നും പോസ്റ്റില്‍ പറയുന്നു. ഇവര്‍ക്ക് പ്രസ്ഥാനവുമായി ഒരു ബന്ധവുമില്ലെന്നും ഷാജര്‍ കൂട്ടിച്ചേര്‍ത്തു.
രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന അര്‍ജുന്‍ ആയങ്കിയ്ക്ക് സി.പി.ഐ.എമ്മുമായി ബന്ധമുണ്ടെന്ന് വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുമായും അര്‍ജുന്‍ ആയങ്കിയ്ക്ക് ബന്ധമുണ്ടെന്ന വിവരം പുറത്ത് വന്നിരുന്നു.
ഇവരെ തള്ളി കഴിഞ്ഞ ദിവസം കണ്ണൂര്‍ സി.പി.ഐ.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയെ മറയാക്കി ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുകയാണെന്നും രാഷ്ട്രീയ പ്രചാരവേല നടത്താന്‍ ഒരു ക്വട്ടേഷന്‍ സംഘത്തെയും ഏല്‍പ്പിച്ചിട്ടില്ലെന്നുമാണ് എം.വി. ജയരാജന്‍ പറഞ്ഞിരുന്നത്.
അര്‍ജുന്റെ നേതൃത്വത്തിലുള്ള സംഘത്തിന് വാഹനാപകടവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം.
അപകടത്തില്‍പ്പെട്ട ചെര്‍പ്പുളശ്ശേരി സംഘം അര്‍ജുന്‍ സഞ്ചരിച്ച കാറിനെയാണ് പിന്തുടര്‍ന്നിരുന്നത്. ഇതിനിടെയാണ് അപകടമുണ്ടായത്. സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് പിടിയിലായ ഷഫീഖുമായി അര്‍ജുന് അടുത്ത ബന്ധമുണ്ടെന്നും പൊലീസ് സൂചന നല്‍കിയിരുന്നു. സി.പി.ഐ.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റും ഇന്ന് ക്വട്ടേഷന്‍ വിവാദം ചര്‍ച്ച ചെയ്തേക്കും.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Minister MV Govindan about smuggling case accused person