| Sunday, 23rd May 2021, 2:38 pm

ബാറുകള്‍ പുരുഷന്മാര്‍ക്ക് മാത്രമുള്ളതാണെന്ന് ആരും പറഞ്ഞിട്ടില്ല; മദ്യം വീട്ടിലെത്തിക്കുന്നത് എല്‍.ഡി.എഫ് നയമല്ലെന്നും എം. വി ഗോവിന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജി.എസ്.ടി നടപ്പാക്കാവുന്നതിലൂടെ മദ്യവില കുറയുമെന്നത് പ്രതീക്ഷ മാത്രമാണെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം. വി ഗോവിന്ദന്‍. മദ്യം വീട്ടിലെത്തിക്കുക എന്നത് എല്‍.ഡി.എഫിന്റെ നയമല്ലെന്നും എം. വി ഗോവിന്ദന്‍ പറഞ്ഞു. ട്രൂകോപി തിങ്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജി.എസ്.ടി നടപ്പാക്കുന്നതിലൂടെ മദ്യവില കുറയുമെന്നത് പ്രതീക്ഷ മാത്രമാണ്. സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്ന ടാക്‌സ് ഒഴിവാകുമ്പോള്‍ വേറെ തീരുവകള്‍ പകരം ഏര്‍പ്പെടുത്തും. ഇപ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത് നാം കാണുന്നതാണ്. കേന്ദ്രസര്‍ക്കാരിന്റെ മാത്രം കയ്യില്‍ പണം കിട്ടുന്ന വിധത്തിലാണ് പെട്രോള്‍ വിലയില്‍ വര്‍ധനവുണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ മദ്യവില കുറയുമെന്നത് ഒരു വ്യാമോഹം മാത്രമായിരിക്കും,’ എം വി ഗോവിന്ദന്‍ പറഞ്ഞു.

മദ്യ ഉപഭോഗം കുറയ്ക്കുക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. മദ്യം എങ്ങനെയെങ്കിലും ഉപയോഗിക്കട്ടെയെന്ന് ഒരിക്കലും ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘മദ്യം ലഭിക്കാതെ വരുമ്പോള്‍ ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ സ്വാഭാവികമായും സര്‍ക്കാരിന് കൈകാര്യം ചെയ്യേണ്ടതുണ്ട്. ഗൗരവമായ ആലോചനകളിലൂടെ മാത്രമേ ഓണ്‍ലൈന്‍ ആയി മദ്യം നല്‍കുന്ന കാര്യം നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ. അതിന് കുറച്ചുകൂടി ചര്‍ച്ചകള്‍ വേണമെന്നാണ് ഇപ്പോഴത്തെ തീരുമാനം. കൊവിഡ് 19ന്റെ സാഹചര്യത്തിലല്ലാതെ ഓണ്‍ലൈന്‍ ആപ്പുകള്‍ വഴിയുള്ള മദ്യവിതരണം എന്ന ആവശ്യം ഞങ്ങള്‍ പരിഗണിക്കുന്നതേയില്ല. അതുകൊണ്ട് മദ്യം കഴിച്ചേ പറ്റൂ എന്നുള്ളവര്‍ക്ക് നിലവിലുള്ള സംവിധാനങ്ങള്‍ മാത്രം മതിയെന്നാണ് തീരുമാനം. വീടുകളില്‍ മദ്യം എത്തിച്ച് മദ്യ ഉപഭോഗം വര്‍ധിപ്പിക്കുക എന്നത് എല്‍.ഡി.എഫ് നയം അല്ല,’ എം. വി ഗോവിന്ദന്‍ പറഞ്ഞു.

മദ്യ ഉപഭോക്താക്കള്‍ക്ക് മാന്യമായ പെരുമാറ്റവും പരിഗണനയും ലഭിക്കണമെന്നതിന് ആര്‍ക്കും സംശയമില്ല. എന്നാല്‍ ഔട്ട്‌ലെറ്റുകളില്‍ മദ്യം വാങ്ങാനുള്ള സൗകര്യം മാത്രമാണ് ഇവിടെയുള്ളത്. അവര്‍ക്ക് കസേരയൊന്നും നല്‍കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ഔട്ട്‌ലെറ്റുകളുടെ ശോച്യാവസ്ഥ പരിശോധിച്ച് ആവശ്യമായ പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. കേരളീയ സമൂഹത്തിന്റെ മറ്റ് മേഖലകളിലെ വളര്‍ച്ച പോലെ തന്നെ മദ്യ ഔട്ട്‌ലെറ്റുകളിലും നവീകരണം ആവശ്യമാണെങ്കില്‍ അത് പരിഗണിക്കാവുന്നതുതന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാറുകള്‍ പുരുഷന്മാര്‍ക്ക് മാത്രമാണെന്ന് ആരും പറഞ്ഞിട്ടില്ലെന്നും നിലവിലെ ബാറുകള്‍ പുരുഷ സൗഹൃദ ബാറുകള്‍ എന്ന് പറയാതെ തന്നെയാണ് നിലനില്‍ക്കുന്നതെന്നും എം. വി ഗോവിന്ദന്‍ പറഞ്ഞു. സ്ത്രീ സൗഹൃദ ബാറുകള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ഈ സര്‍ക്കാര്‍ എന്തെങ്കിലും ശ്രമങ്ങള്‍ നടത്തുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബാറുകള്‍ പുരുഷന്മാര്‍ക്ക് മാത്രമാണെന്ന് ആരും പറഞ്ഞിട്ടില്ലെന്നും നിലവിലെ ബാറുകള്‍ പുരുഷ സൗഹൃദ ബാറുകള്‍ എന്ന് പറയാതെ തന്നെയാണ് നിലനില്‍ക്കുന്നതെന്നും എം. വി ഗോവിന്ദന്‍ പറഞ്ഞു. സ്ത്രീ സൗഹൃദ ബാറുകള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ഈ സര്‍ക്കാര്‍ എന്തെങ്കിലും ശ്രമങ്ങള്‍ നടത്തുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ബാറുകളിലും പൊതുവായ ബാത്ത്‌റൂം സൗകര്യങ്ങളാണുള്ളത്. ബാറുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം ബാത്ത്‌റൂമുകള്‍ എന്ന ആവശ്യം എവിടെയും ഉന്നയിക്കപ്പെട്ടിട്ടില്ല. സ്ത്രീസൗഹൃദ ബാറുകള്‍ എന്ന ആവശ്യം ഉയര്‍ന്നാല്‍ മാത്രമേ അത്തരമൊരു ആവശ്യം പരിഗണിക്കേണ്ടതുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Minister MV Govindan about Beverages and women entry in Bars

We use cookies to give you the best possible experience. Learn more