കൊച്ചി: നടന്‍ കുഞ്ചാക്കോ ബോബനുമൊത്തുള്ള ഫോട്ടോ പങ്കുവെച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പുതിയ ചിത്രമായ ‘ന്നാ താന്‍ കേസ് കൊട്’ സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെയാണ് ഫേസ്ബുക്കില്‍ നടനുമൊത്തുള്ള ഫോട്ടോ മന്ത്രി പങ്കുവെച്ചത്.
ഇരുവരും പൊട്ടിച്ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഫോട്ടോക്ക് ക്യാപ്ഷനൊന്നും റിയാസ് കൊടുത്തിട്ടില്ല. ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എം.എല്‍.എമാരും, ഡി.വൈ.എഫ്.ഐ നേതാക്കളുമടക്കമുള്ളവരും ലൈക്കുകളും കമന്റുകളുമായി എത്തിയിട്ടുണ്ട്.
‘ന്നാ താന്‍ കേസ് കൊട്, ലാല്‍സലാം’ എന്നാണ് തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫ് കമന്റ് ചെയ്തത്. ഫോട്ടോക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.
‘ആ കേസ് ഒത്തുതീര്‍പ്പാക്കി’, ‘റോഡില്‍ കുഴിയുണ്ടെന്ന് രാജീവന്‍: ന്നാ താന്‍ കേസ് കൊടെന്ന് മന്ത്രി’, ‘ബോബനെ കണ്ടപ്പോള്‍ ലെ റിയാസ്: തിരിച്ചു പോകുമ്പോള്‍ സൂക്ഷിക്കണം കുഴിയുണ്ട്.’
‘കുഴികൊണ്ട് വലഞ്ഞവനും കുഴികൊണ്ട് രക്ഷപ്പെട്ടോനും’, ‘കടിച്ച പാമ്പിനെകൊണ്ട് തന്നെ വിഷം ഇറപ്പിക്കുക എന്ന് കേട്ടിട്ടില്ലേ…
സഖാവേ പൊളിച്ച്..’
‘കുറച്ച് മണ്ടന്മാര്‍ സിനിമ ബഹിഷ്‌കരിച്ചു, ഞാനിപ്പൊ 50 കോടി ക്ലബില്‍…’, ‘കാര്യം എന്ത് പറഞ്ഞാലും ആ പടം നമ്മളെ മാത്രമാണ് ലക്ഷ്യം വെച്ചിരുന്നത്.’, ‘ഒരു സിനിമ പരസ്യം വരുത്തിവെച്ച നാണക്കേട് മാറാന്‍ എന്തെല്ലാം കാണിക്കുന്നു’ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിനടിയില്‍ വന്നത്.
‘ന്നാ താന്‍ കേസ് കൊട്’ സിനിമയുടെ റിലീസ് ദിവസം പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും നല്‍കിയ പരസ്യത്തെച്ചൊല്ലിയാണ് വിവാദങ്ങളുയര്‍ന്നത്. ‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന പരസ്യവാചകത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഇടത് അനുഭാവികള്‍ രംഗത്തെത്തുകയായിരുന്നു.
പരസ്യം സര്‍ക്കാരിനെതിരെയാണെന്ന് ആരോപിച്ച് ചിത്രം ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും ഒരു വിഭാഗം നടത്തിയിരുന്നു. എന്നാല്‍ സിനിമയുടെ പരസ്യത്തെ ആ നിലയില്‍ എടുത്താല്‍ മതിയെന്നായിരുന്നു അന്ന് മുഹമ്മദ് റിയാസ് പറഞ്ഞത്.
‘ഗൗരവമായി കാണേണ്ട ആവശ്യമില്ല. ക്രിയാത്മകമായ നിര്‍ദേശങ്ങളും വിമര്‍ശനങ്ങളുമെല്ലാം രണ്ട് കയ്യും നീട്ടി സ്വീകരിക്കാനാണ് പൊതുമരാമത്ത് വകുപ്പ് ഉദ്ദേശിക്കുന്നത്. 80കളില്‍ വെള്ളാനകളുടെ നാട് എന്ന സിനിമ വന്നിരുന്നു. ആ സിനിമയില്‍ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം പറയുന്ന സംഭാഷണം ഇപ്പോഴും പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് പറയാറില്ലേ. ഇത് സിനിമയുടെ പരസ്യം എന്ന നിലയില്‍ എടുത്താല്‍ മതി,’ മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.
Content Highlight: Minister Muhammed Riyas shared photo with Kunchacko Boban