തിരുവനന്തപുരം: ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയുവാന്‍ 140 മണ്ഡലങ്ങളും സന്ദര്‍ശിക്കാനായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രിയായി ചുമതലയേറ്റ ദിവസം എടുത്ത തീരുമാനപ്രകാരമാണ് പൊതുമരാമത്ത് പ്രവൃത്തിയുമായി ബന്ധപ്പെട്ട് മണ്ഡലങ്ങള്‍ സന്ദര്‍ശിച്ച് ജനങ്ങളുമായി സംവദിക്കാന്‍ ആരംഭിച്ചത്. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ വേങ്ങര നിയമസഭാ മണ്ഡലം സന്ദര്‍ശിച്ചതോടെയാണ് 140 മണ്ഡലങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്.
കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും നേരിട്ട് സന്ദര്‍ശിച്ച് ജനങ്ങളുമായി സംസാരിക്കുവാന്‍ സാധിച്ചുവെന്നും പ്രവൃത്തി നടക്കുന്ന ഇടങ്ങള്‍ നേരില്‍ കാണുകയും ജനങ്ങളുമായി സംസാരിക്കുകയും ചെയ്യുന്നതിലൂടെ ലഭ്യമാകുന്ന അനുഭവം ചുമതല നിര്‍വ്വഹിക്കുന്നതിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
‘പരമാവധി എല്ലാ മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ച് ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരില്‍ കേള്‍ക്കണമെന്ന് ചുമതലയേറ്റെടുത്ത സമയത്ത് നിശ്ചയിച്ചിരുന്നു.
ഓരോ മണ്ഡലത്തിലും ജനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയ വിഷയങ്ങളില്‍ അതാത് സമയം തന്നെ ഇടപെടുവാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരുപാട് പ്രശ്നങ്ങള്‍ ഇതിനകം പരിഹരിക്കാനായി. കൂട്ടായ ഇടപെടലിന്റെ വിജയമാണത്. ചില പ്രശ്‌നങ്ങള്‍ ഇനിയും പരിഹരിക്കേണ്ടതുണ്ട്. ഓരോ നിയമസഭാ മണ്ഡലങ്ങളിലേയും ജനപ്രതിനിധികളും ജനങ്ങളും ശ്രദ്ധയില്‍പ്പെടുത്തിയ വിഷയങ്ങള്‍ പരിഹരിച്ചതിന്റെയും ഇനി പരിഹരിക്കാനുള്ളവയുടേയും വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുന്നതാണ്,’ റിയാസ് പറഞ്ഞു.
140 നിയമസഭാ മണ്ഡലങ്ങളിലും നേരിട്ടെത്താന്‍ കുറേക്കൂടി സമയമെടുക്കുമെന്നായിരുന്നു തുടക്കത്തില്‍ കരുതിയിരുന്നത് എല്ലായിടത്തും വേഗത്തില്‍ എത്തിച്ചേരാന്‍ സാധിച്ചതിന് പിന്നില്‍ മന്ത്രി ഓഫീസ് സ്റ്റാഫ്, വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ പിന്തുണ എടുത്ത് പറയേണ്ടതുണ്ട്.
ഈ പ്രവര്‍ത്തനത്തോടൊപ്പം സഹകരിച്ച എം.എല്‍.എമാര്‍ അടക്കമുള്ള മുഴുവന്‍ ജനപ്രതിനിധികള്‍ക്കും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജനങ്ങള്‍ക്കും പ്രത്യേകം നന്ദി പറയുന്നുവെന്നും റിയാസ് പറഞ്ഞു.
Content Highlight: Minister Muhammad Riaz visited all 140 constituencies