| Friday, 12th April 2024, 5:19 pm

ഇതാണ് റിയല്‍ കേരള സ്‌റ്റോറി; റഹീമിന് വേണ്ടിയുള്ള പണസമാഹരണത്തിലൂടെ നടന്നത് മനുഷ്യ നന്മയുടെ വിജയം: മുഹമ്മദ് റിയാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി മുഹമ്മദ് റിയാസ്. റഹീമന്റെ മാതാവുമായും ബന്ധുക്കളുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. ഇതാണ് റിയല്‍ കേരള സ്‌റ്റോറിയെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

‘കക്ഷി രാഷ്ട്രീയ ഭേദമന്യേ ജാതി, മത അതിര്‍വരമ്പുകളില്ലാതെയാണ് എല്ലാവരും ഇതിന് വേണ്ടി ഒന്നിച്ചത്. ഓരോരുത്തരും അവര്‍ക്ക് സാധ്യമാകുന്ന രീതിയില്‍ പണം കണ്ടെത്തുന്നതിനായി പ്രവര്‍ത്തിച്ചു. മനുഷ്യ നന്മയുടെ വിജയമാണിത്. ഇതാണ് റിയല്‍ കേരള സ്റ്റോറി,’ മുഹമ്മദ് റിയാസ് പറഞ്ഞു. റഹീമിന്റെ മോചനത്തിന് വേണ്ടി കെ.എം.സി.സിയും നിര്‍ണായക പങ്കുവഹിച്ചെന്ന് റിയാസ് കൂട്ടിച്ചേര്‍ത്തു.

റഹീമിന്റെ ചികിത്സാ ഫണ്ടിലേക്ക് ആവശ്യമായ 34കോടി രൂപ സമാഹരിച്ച് കഴിഞ്ഞതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ജനകീയ പിരിവ് തുക കൂടി ചേര്‍ത്ത് കുറവാണെങ്കില്‍ മാത്രമേ ഇനി കളക്ഷന്‍ തുടരുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ജനകീയ സമിതി നേതൃത്വം നൽകിയ സോഷ്യൽ മീഡിയ ക്യാമ്പയ്നിലൂടെയും വിവിധ മതസംഘടനകൾ, പ്രവാസി മലയാളികൾ, ബോബി ചെമ്മണ്ണൂർ അടക്കമുള്ളവരുടെ നേതൃത്വിലുമാണ് പണപ്പിരിവ് സാധ്യമായത്.

റഹീമിന്റെ കുടുംബം സൗദി രാജാവിന് ദയാ ഹര്‍ജി നല്‍കിയിട്ടുണ്ട്. പണം സ്വരൂപിക്കാനാവശ്യമായ പണം ലഭിക്കുന്നത് വരെ വധ ശിക്ഷ നീട്ടിക്കിട്ടാനായി ഇന്ത്യന്‍ എംബസി വഴി സൗദി അധികൃതരോട് റഹീമിന്റെ കുടുംബം അപേക്ഷിച്ചിട്ടുമുണ്ട്. നിലവില്‍ ലഭിച്ച തുകയുടെ കണക്കുകള്‍ ബോധ്യപ്പെടുത്തി കൂടുതല്‍ സമയം ആവശ്യപ്പെടാനാണ് ശ്രമിക്കുന്നത്.

Content Highlight: minister mohammed riyas Abdul Rahim who was sentenced to death in suadi arebia

We use cookies to give you the best possible experience. Learn more