Video : ''പോ.. പോകാന്‍ പറഞ്ഞാല്‍ പോണം; ശല്യം ചെയ്യരുത് മേലാല്‍ '' ; മാധ്യമപ്രവര്‍ത്തകയോട് ആക്രോശിച്ച് മന്ത്രി എം.എം മണി
Kerala News
Video : ''പോ.. പോകാന്‍ പറഞ്ഞാല്‍ പോണം; ശല്യം ചെയ്യരുത് മേലാല്‍ '' ; മാധ്യമപ്രവര്‍ത്തകയോട് ആക്രോശിച്ച് മന്ത്രി എം.എം മണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd April 2019, 3:23 pm

തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ ഡാം തുറന്നതില്‍ പാളിച്ച പറ്റിയെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പ്രതികരണം ആരാഞ്ഞ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറോട് പൊട്ടിത്തെറിച്ച് മന്ത്രി എംഎം മണി. പോ എന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ആക്രോശിക്കുകയായിരുന്നു മന്ത്രി.

എനിക്ക് നിങ്ങളോടൊന്നും പറയാനില്ലെന്നും പോകാന്‍ പറഞ്ഞാല്‍ പോകണം എന്നും മന്ത്രി പറഞ്ഞു.

“ഈ ഡാം തുറന്നത് “എന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തക ചോദ്യം ആരംഭിച്ചപ്പോള്‍ “”എനിക്ക് നിങ്ങളോട് ഒന്നും പറയാനില്ല നിങ്ങള്‍ പോ.. പോകാന്‍ പറഞ്ഞാല്‍ പോണം. ഞാന്‍ പ്രതികരിക്കാനില്ലെന്ന് പറഞ്ഞാല്‍ പിന്നെ നിങ്ങളെന്തിനാ എന്നെ ബുദ്ധിമുട്ടിക്കുന്നത്. കാര്യം പറഞ്ഞാ മനസിലാവില്ലേ.. “”എന്നായിരുന്നു എം.എം മണിയുടെ പ്രതികരണം.

അതൊന്ന് പറഞ്ഞാല്‍ മതിയെന്ന് മാധ്യമപ്രവര്‍ത്തക ആവര്‍ത്തിച്ചപ്പോള്‍ “”ഇല്ല ഇല്ല”” എന്നായിരുന്നു മന്ത്രിയുടെ മറുപടി.


പ്രളയത്തിനു കാരണം ഡാം മാനേജ്മെന്റിലെ വീഴ്ച; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടില്‍ ആവശ്യം


നിങ്ങള്‍ പറയാനുള്ളത് പറഞ്ഞല്ലോ എന്ന് കൂടെയുള്ള മറ്റൊരാള്‍ ചോദിച്ചപ്പോള്‍ “”നിങ്ങളോട് പറയേണ്ടത് എന്താണ്, എനിക്കും കൂടി തോന്നണം പറയണമെങ്കില്‍. എന്റെ വീട്ടില്‍ വന്ന് എന്നെ ശല്യം ചെയ്യരുത് മേലാല്‍..””- എന്നായിരുന്നു വിരല്‍ചൂണ്ടിക്കൊണ്ട് മന്ത്രി പ്രതികരിച്ചത്. ഇതിന് ശേഷം കാറില്‍ കയറി പോകുകയും ചെയ്തു.

പ്രളയത്തിനു കാരണം ഡാം മാനേജ്മെന്റിലെ വീഴ്ചയാണെന്നായിരുന്നു അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ട്. പ്രളയത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ അമിക്കസ്‌ക്യൂറി ജേക്കബ് പി. അലക്സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

മാനദണ്ഡങ്ങള്‍ പാലിക്കാതെയും മുന്നറിയിപ്പ് നല്‍കാതെയും ഡാമുകള്‍ തുറന്നതാണോ പ്രളയത്തിനു കാരണമെന്ന് ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ കണ്ടെത്തണം. ചെളി അടിഞ്ഞുകിടന്നിടത്തു വെള്ളം അധികമൊഴുകിയെത്തിയതോടെ പല ഡാമുകളും വേഗത്തില്‍ നിറയാന്‍ കാരണമായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് ഗൗരവത്തിലെടുത്തില്ലെന്നും കനത്തമഴയെ നേരിടാന്‍ തയ്യാറെടുപ്പുകള്‍ വേണ്ടവിധം കൈക്കൊണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

 

വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്