പാലാ: ഉപതെരഞ്ഞെടുപ്പിലെ നിഷ ജോസ് കെ. മാണിയെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാക്കാത്തത് ഇടതുമുന്നണിക്കു ഗുണം ചെയ്യുമെന്ന് മന്ത്രി എം.എം മണി. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തന പരിചയമുള്ള വനിതയാണ് നിഷയെന്നും രണ്ട്-മൂന്നു വര്‍ഷമായി അവര്‍ രാഷ്ട്രീയപ്രവര്‍ത്തന രംഗത്തുണ്ടെന്നും മന്ത്രി പറഞ്ഞു.
പാലായില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു മന്ത്രി നിഷയെ പുകഴ്ത്തി സംസാരിച്ചത്.
‘നിഷയെ സ്ഥാനാര്‍ഥിയാക്കാതിരിക്കാന്‍ പി.ജെ ജോസഫ് കോണ്‍ഗ്രസ് നേതൃത്വവുമായി ഗൂഢാലോചന നടത്തി. പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്-ബി.ജെ.പി വോട്ടുകച്ചവടം നടത്തുകയാണ്.’- മണി ആരോപിച്ചു.
വോട്ടെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് പ്രചാരണത്തില്‍ മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും പ്രസംഗിക്കാനെത്തിയത്. മന്ത്രി മണിയെക്കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി തുടങ്ങിയവരും വരുംദിവസങ്ങളില്‍ പാലായിലെത്തും.
18 മുതല്‍ 20 വരെ മുഖ്യമന്ത്രി പാലായില്‍ താമസിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കും. വിവിധ പഞ്ചായത്ത് യോഗങ്ങളില്‍ സംസാരിക്കും.
യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന്റെ പ്രചാരണാര്‍ഥം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 16 മുതലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 15 മുതലും വിവിധ യോഗങ്ങളില്‍ പങ്കെടുക്കും.
അതേസമയം ബി.ജെ.പി സ്ഥാനാര്‍ഥി എന്‍. ഹരിക്കു വേണ്ടി കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ പ്രചാരണത്തില്‍ പങ്കെടുക്കും. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി തോമസ്, പി.സി ജോര്‍ജ് എം.എല്‍.എ എന്നിവരും പങ്കാളികളാകും.