| Thursday, 29th December 2022, 10:59 pm

മുസ്‌ലിങ്ങളെ തൂത്തുവാരാന്‍ ആഹ്വാനം ചെയ്യുന്ന ഇന്ത്യയിലാണ് ഹിന്ദുക്കള്‍ക്ക് തുല്യനീതിയില്ലേയെന്ന് ആന്റണി ചോദിക്കുന്നത്: എം.ബി. രാജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചന്ദനക്കുറി തൊട്ടവരെല്ലാം മൃദു ഹിന്ദുത്വവാദികളാണോയെന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ ചോദ്യത്തില്‍ സമര്‍ത്ഥമായി മൃദു ഹിന്ദുത്വം ഒളിച്ചു കടത്തുന്നുണ്ടെന്ന് മന്ത്രി എം.ബി. രാജേഷ്.

ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശം ഭൂരിപക്ഷത്തിനുമില്ലേ എന്ന് സംഘപരിവാര്‍ ഇന്ത്യയില്‍ മുഴുവന്‍ ദുഷ്ടലാക്കോടെ ഉയര്‍ത്തുന്ന ചോദ്യം തന്നെയല്ലേ ആന്റണിയിലൂടെ പ്രതിധ്വനിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

കുറിയോ കാഷായമോ ദൈവ ആരാധനയോ രാഷ്ട്രീയ ലക്ഷ്യത്തിന് ദുരുപയോഗിക്കുമ്പോള്‍ അത് നിഷ്‌കളങ്കമായ വിശ്വാസമല്ല. ആ ദുരുപയോഗം വര്‍ഗീയതയാണെന്നും, ജോഡോ യാത്രയ്ക്ക് ഇറങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധി കുറി വരയ്ക്കുന്നതും കാഷായം ഉടുക്കുന്നതും മൃദു ഹിന്ദുത്വമാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

‘സംഘപരിവാര്‍ ബാബറി മസ്ജിദ് തകര്‍ത്തത് തീവ്രഹിന്ദുത്വ വര്‍ഗീയത. അയോധ്യ ആരാധനയ്ക്കായി രാജീവ് ഗാന്ധി തുറന്നു കൊടുത്തതും 1989 ലെ തെരഞ്ഞെടുപ്പ് പ്രചാരണം അയോധ്യയില്‍ നിന്ന് ആരംഭിച്ചതും പള്ളി പൊളിച്ച സ്ഥലത്ത് ക്ഷേത്രം പണിയാന്‍ കമല്‍നാഥ് വെള്ളി ഇഷ്ടിക സമ്മാനിച്ചതും ക്ഷേത്രനിര്‍മാണത്തെ പ്രിയങ്ക ഗാന്ധി പിന്തുണച്ചതും മൃദു ഹിന്ദുത്വം,’ രാജേഷ് കുറിച്ചു.

മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെ ‘സഫായി അഭിയാന്‍’ (Cleanliness Drive) നടത്താന്‍ വിദ്വേഷ പ്രചാരകര്‍ ആഹ്വാനം ചെയ്യുന്ന ഇന്ത്യയിലാണ് ന്യൂനപക്ഷത്തിനും ഭൂരിപക്ഷത്തിനും തുല്യനീതിയില്ലെന്ന സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ പ്രചാരണത്തിനാണ് ആദരണീയനായ ആന്റണി മൃദുഹിന്ദുത്വത്തിന്റെ അടിയൊപ്പിടുന്നതെന്ന് യു.ഡി.എഫിലെ മതനിരപേക്ഷ വാദികള്‍ തിരിച്ചറിയട്ടെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഭൂരിപക്ഷം ഹിന്ദുക്കളാണെന്നും, ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ കൊണ്ടുമാത്രം മോദിക്കെതിരെ അണിനിരക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു എ.കെ. ആന്റണി പറഞ്ഞത്.

തിലകക്കുറി ചാര്‍ത്തുന്നവരെയും അമ്പലത്തില്‍ പോകുന്നവരെയും മൃദുഹിന്ദുത്വം പറഞ്ഞ് മാറ്റിനിര്‍ത്തിയാല്‍ തിരിച്ചടിയാകും. അത് മോദിയെ വീണ്ടും അധികാരത്തിലെത്തിക്കും. മുസ്ലിമിനും ക്രിസ്ത്യാനിക്കും പള്ളിയില്‍ പോകാനുള്ള സ്വാതന്ത്ര്യം പോലെ തന്നെ ഹിന്ദുക്കള്‍ക്കും ആരാധന നടത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ആന്റണി പറഞ്ഞു.

കോണ്‍ഗ്രസിന്റെ 138ാം സ്ഥാപകവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കെ.പി.സി.സി ആസ്ഥാനത്ത് നടന്ന് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.ബി. രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ചന്ദനക്കുറി തൊട്ടവരെല്ലാം മൃദു ഹിന്ദുത്വവാദികളാണോ എന്നാണ് ശ്രീ. എ കെ ആന്റണി ചോദിക്കുന്നത്. തീര്‍ച്ചയായും അല്ല. പക്ഷേ ആന്റണിയുടെ വാക്കുകളില്‍ സമര്‍ത്ഥമായി മൃദു ഹിന്ദുത്വം ഒളിച്ചു കടത്തുന്നുണ്ട്. അതിലേക്ക് വരുംമുമ്പ് ചന്ദനക്കുറിയേയും മൃദു ഹിന്ദുത്വത്തെയും കുറിച്ച് ഒരു വേര്‍തിരിവ് വരുത്തട്ടെ. കുറി തൊടുന്നവര്‍ വിശ്വാസികളാണ്. വിശ്വാസികളില്‍ മഹാഭൂരിപക്ഷവും വര്‍ഗീയവാദികളേയല്ല. പക്ഷേ കുറിയോ കാഷായമോ ദൈവ ആരാധനയോ എന്തുമാവട്ടെ, രാഷ്ട്രീയ ലക്ഷ്യത്തിന് ദുരുപയോഗിക്കുമ്പോള്‍ അത് നിഷ്‌കളങ്കമായ വിശ്വാസമല്ല. ആ ദുരുപയോഗം വര്‍ഗീയതയാണ്. കുറി തൊട്ടാല്‍ കുഴപ്പമൊന്നുമില്ല. എന്നാല്‍ പതിവില്ലാത്ത വിധം ജോഡോ യാത്രയ്ക്ക് ഇറങ്ങുമ്പോള്‍ രാഹുല്‍ഗാന്ധി കുറി വരയ്ക്കുന്നതും കഷായം ഉടുക്കുന്നതും മൃദു ഹിന്ദുത്വമാണ്. കാരണം, ജോഡോ യാത്ര രാഷ്ട്രീയപ്രചാരണമാണ്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുമ്പോള്‍ രാഹുല്‍ഗാന്ധിയും കൂട്ടരും മാധ്യമപ്പടയെ കൂട്ടി ക്ഷേത്രദര്‍ശന പരമ്പര നടത്തുമ്പോള്‍ അത് വോട്ടിനുള്ള പ്രചാരണം മാത്രമാണ്. വിശ്വാസത്തെ വോട്ടാക്കി മാറ്റുന്നത് വര്‍ഗീയതയാണ്. മൃദുവായാലും വര്‍ഗീയത തന്നെയാണ്.
കുറച്ചുകൂടി വ്യക്തമാക്കാം. ഭരണഘടനയെയും നിയമവാഴ്ചയേയും വെല്ലുവിളിച്ച് സംഘപരിവാര്‍ ബാബറി മസ്ജിദ് തകര്‍ത്തതും അവിടെ ക്ഷേത്രം നിര്‍മ്മിക്കുന്നതും തീവ്ര ഹിന്ദുത്വ വര്‍ഗീയത. അയോധ്യ ആരാധനയ്ക്കായി രാജീവ് ഗാന്ധി തുറന്നു കൊടുത്തതും 1989 ലെ തെരഞ്ഞെടുപ്പ് പ്രചാരണം അയോധ്യയില്‍ നിന്ന് ആരംഭിച്ചതും പള്ളി പൊളിച്ച സ്ഥലത്ത് ക്ഷേത്രം പണിയാന്‍ കമല്‍നാഥ് വെള്ളി ഇഷ്ടിക സമ്മാനിച്ചതും ക്ഷേത്രനിര്‍മാണത്തെ പ്രിയങ്ക ഗാന്ധി പിന്തുണച്ചതും മൃദു ഹിന്ദുത്വം.

ഇനി ആന്റണിയുടെ വാക്കുകളില്‍ ഒളിച്ചുവെച്ച മൃദു ഹിന്ദുത്വം നോക്കാം. അത് കുറിയിലല്ല, അതിനപ്പുറമുള്ള വാചകത്തിലാണ്. ”മുസ്‌ലിമിനും ക്രിസ്ത്യാനിക്കും പള്ളിയില്‍ പോകാം. ഹിന്ദു സഹോദരങ്ങള്‍ അമ്പലത്തില്‍ പോയാല്‍ മൃദു ഹിന്ദുത്വമാകുമോ?’. ആന്റണി നിഷ്‌കളങ്ക മട്ടില്‍ ചോദിക്കുന്നു. അമ്പലത്തില്‍ പോകുന്നവരാണ് മഹാഭൂരിപക്ഷവും. അത് മൃദുവോ തീവ്രമോ ആയ ഹിന്ദുത്വമാണെന്ന് ഇന്നുവരെ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ആന്റണിയുടെ താരതമ്യം നോക്കൂ.

ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശം ഭൂരിപക്ഷത്തിനുമില്ലേ എന്ന്. ഇത് സംഘപരിവാര്‍ ഇന്ത്യയില്‍ മുഴുവന്‍ ദുഷ്ടലാക്കോടെ ഉയര്‍ത്തുന്ന ചോദ്യം തന്നെയല്ലേ? ആ ചോദ്യമല്ലേ ആന്റണിയിലൂടെ പ്രതിധ്വനിക്കുന്നത് ? ന്യൂനപക്ഷങ്ങള്‍ക്കുള്ള വിശ്വാസം ഭൂരിപക്ഷത്തിനുമില്ലേ എന്ന് ആന്റണി ചോദിക്കുന്നത് ഏത് ഇന്ത്യയിലാണെന്ന് ഓര്‍ക്കണം. മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെ ‘സഫായി അഭിയാന്‍’ (Cleanliness Drive) നടത്താന്‍ വിദ്വേഷ പ്രചാരകര്‍ ആഹ്വാനം ചെയ്യുന്ന ഇന്ത്യയില്‍.

കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ മൂന്ന് വര്‍ഷത്തിനിടയില്‍ 400 ശതമാനത്തിലേറെ വര്‍ദ്ധിച്ചതായി വാര്‍ത്ത വരുന്ന ദിവസങ്ങളില്‍. ന്യൂനപക്ഷത്തിനും ഭൂരിപക്ഷത്തിനും തുല്യനീതിയില്ലെന്ന സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ പ്രചാരണത്തിനാണ് ആദരണീയനായ ആന്റണി മൃദുഹിന്ദുത്വത്തിന്റെ അടിയൊപ്പിടുന്നതെന്ന് യു.ഡി.എഫിലെ മതനിരപേക്ഷ വാദികള്‍ തിരിച്ചറിയട്ടെ.

Content Highlight: Minister MB Rajesh Against Congress Leader AK Antony

We use cookies to give you the best possible experience. Learn more