വസ്തുതകള്‍ ശേഖരിക്കാത്ത, പ്രാഥമിക മാധ്യമ മര്യാദ പുലര്‍ത്താത്ത മാധ്യമപ്രവര്‍ത്തന രീതി; ട്വന്റി ഫോര്‍ ന്യൂസിന്റെ റിപ്പോര്‍ട്ടിനെതിരെ മന്ത്രി എം.ബി. രാജേഷ്
തിരുവനന്തപുരം: തൃത്താല നിയമസഭാ മണ്ഡലത്തിലെ പരുതൂര്‍ പഞ്ചായത്തിലെ ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ട്വന്റ് ഫോര്‍ ന്യൂസ് ചാനല്‍ തെറ്റായ വാര്‍ത്ത നല്‍കിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും തൃത്താലയില്‍ നിന്നുള്ള എം.എല്‍.എയുമായ എം.ബി. രാജേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വസ്തുതാവിരുദ്ധവും പ്രാഥമിക മാധ്യമ മര്യാദ പോലും പുലര്‍ത്താത്തതുമായ വാര്‍ത്തകള്‍ എങ്ങനെയാണ് മാധ്യമങ്ങള്‍ നല്‍കുന്നത് എന്നതിന്റെ മികച്ച ഉദാഹരണമാണ് ട്വന്റി ഫോറിന്റെ റിപ്പോര്‍ട്ട് എന്നാണ് മന്ത്രി പോസ്റ്റില്‍ പറയുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിലെ പരുതൂര്‍ പഞ്ചായത്തില്‍ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റി, ജീവനക്കാരെ കൂട്ടത്തോടെ മാറ്റിയത് തദ്ദേശ മന്ത്രിയുടെ രാഷ്ട്രീയ പ്രതികാരമാണ്, കൂട്ട സ്ഥലംമാറ്റം പഞ്ചായത്ത് ഭരണത്തെ സ്തംഭനത്തിലേക്ക് നയിച്ചിരിക്കുന്നു എന്ന രീതിയിലാണ് ചാനലിന്റെ റിപ്പോര്‍ട്ട് പോയതെന്നാണ് മന്ത്രി ആരോപിക്കുന്നത്.
സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വസ്തുതകളും മറ്റ് കാര്യങ്ങളും വിശദമായി അക്കമിട്ട് നിരത്തിക്കൊണ്ടാണ് മന്ത്രിയുടെ പോസ്റ്റ്. 2022 വര്‍ഷത്തെ പഞ്ചായത്ത് വകുപ്പിലെ പൊതു സ്ഥലംമാറ്റം പൂര്‍ണമായും സോഫ്റ്റ്വെയര്‍ അധിഷ്ഠിതമായി ഓണ്‍ലൈനായാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മന്ത്രി രാഷ്ട്രീയ വിവേചനം കാണിച്ചു എന്ന് സ്വന്തം നിലയില്‍ ആരോപണം ഉന്നയിച്ച ചാനലിന്റെ റിപ്പോര്‍ട്ടര്‍ തന്റെയോ, തന്റെ ഓഫീസിന്റെയോ ഭാഗം അന്വേഷിക്കുകയോ വാര്‍ത്തയില്‍ ഉള്‍പ്പെടുത്തുകയോ ചെയ്തില്ലെന്നും ഏകപക്ഷീയമായാണ് വാര്‍ത്ത നല്‍കിയതെന്നും മന്ത്രി പറയുന്നു.
ട്വന്റി ഫോര്‍ ന്യൂസിന്റെ ഒരു വാര്‍ത്ത ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത്. വസ്തുതാവിരുദ്ധവും പ്രാഥമിക മാധ്യമ മര്യാദ പോലും പുലര്‍ത്താത്തതുമായ വാര്‍ത്തകള്‍ എങ്ങനെയാണ് മാധ്യമങ്ങള്‍ നല്‍കുന്നത് എന്നതിന്റെ മികച്ച ഉദാഹരണമാണീ വാര്‍ത്ത.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിലെ പരുതൂര്‍ പഞ്ചായത്തില്‍ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റി, ലീഗ് ഭരിക്കുന്ന പഞ്ചായത്തിലെ ജീവനക്കാരെ കൂട്ടത്തോടെ മാറ്റിയത് തദ്ദേശ മന്ത്രിയുടെ രാഷ്ട്രീയ പ്രതികാരമാണ്, കൂട്ട സ്ഥലംമാറ്റം പഞ്ചായത്ത് ഭരണത്തെ സ്തംഭനത്തിലേക്ക് നയിച്ചിരിക്കുന്നു. ഇതാണ് വാര്‍ത്തയുടെ രത്‌നച്ചുരുക്കം.
ഇനി വസ്തുത നോക്കാം
1. 2022 വര്‍ഷത്തെ പഞ്ചായത്ത് വകുപ്പിലെ പൊതു സ്ഥലംമാറ്റം പൂര്‍ണമായും സോഫ്റ്റ്വെയര്‍ അധിഷ്ഠിതമായി ഓണ്‍ലൈനായാണ് നടത്തിയത്. പരുതൂര്‍ ഗ്രാമപഞ്ചായത്തില്‍ മൂന്ന് സീനിയര്‍ ക്ലര്‍ക്ക് തസ്തികളും നാല് ക്ലര്‍ക്ക് തസ്തികകളുമാണ് ഉള്ളത്. പരുതൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും മൂന്ന് സീനിയര്‍ ക്ലര്‍ക്കുമാരും ഓണ്‍ലൈന്‍ സ്ഥലംമാറ്റം ലഭിച്ച് പോയി.
ഇതേ സ്ഥലംമാറ്റ ഉത്തരവില്‍ ഈ മൂന്നു പേര്‍ക്ക് പകരം രണ്ടുപേരെ സോഫ്റ്റ്വെയര്‍ തന്നെ ലഭ്യമാക്കി. എന്നാല്‍ ഈ രണ്ടുപേരില്‍ അട്ടപ്പാടിയില്‍ നിന്നുള്ള ഒരാള്‍ സ്ഥലമാറ്റം ഏറെ പ്രയാസകരമാണെന്ന് കാട്ടി അപേക്ഷിച്ചതിനാല്‍ മറ്റൊരു പഞ്ചായത്തിലേക്ക് മാറ്റം അനുവദിച്ചു. രണ്ടാമത്തെയാള്‍ ഈ കാലയളവില്‍ ജോലി തന്നെ രാജിവെച്ചു. നിയമിച്ച രണ്ടുപേരും ലഭ്യമാകാതെ വന്നപ്പോള്‍ പ്രമോഷന്‍ പട്ടികയില്‍ നിന്നും രണ്ട് പേരെ ഉടന്‍ തന്നെ പരുതൂരില്‍ നിയമിച്ചു.
ഒരാള്‍ ഡിസംബര്‍ 14 മുതല്‍ ജോലിക്ക് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. ജോലിക്ക് ചേര്‍ന്ന മറ്റേയാള്‍ക്ക് ഡിസംബര്‍ 30 മുതല്‍ നാല് മാസത്തെ അവധി അനുവദിച്ചത് പഞ്ചായത്ത് തന്നെയാണ്, സര്‍ക്കാരല്ല. മൂന്നാമത്തെ ഒഴിവ് ഉടനെ നല്‍കുന്ന പ്രമോഷന്‍ പട്ടികയില്‍ നിന്ന് നികത്തുകയും ചെയ്യും.
2. നാല് ക്ലര്‍ക്കുമാരില്‍ മൂന്നുപേരും അപേക്ഷ നല്‍കി സ്ഥലംമാറ്റം വാങ്ങി പോയവരാണ്. ഇതേ സ്ഥലംമാറ്റ നടപടി മുഖേന ഒരാള്‍ പോലും പരുതൂരിലേക്ക് വരാന്‍ അപേക്ഷിച്ചുമില്ല. ഇതിനാല്‍ പരുതൂരിലേക്ക് ആരെയും സോഫ്റ്റ്‌വെയര്‍ സംവിധാനം ലഭ്യമാക്കിയില്ല. ഈ സാഹചര്യത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ തന്നെ വിവിധ തീയതികളിലായി മൂന്നുപേരെ ഓഫീസില്‍ നിയമിച്ചു. ഇതില്‍ ഒരാള്‍ ജോയിന്‍ ചെയ്യുന്നതിന് മുമ്പ് തന്നെ ദീര്‍ഘകാല അവധിയില്‍ പോയി.
ജോലിയില്‍ പ്രവേശിക്കാന്‍ ബാക്കിയുള്ള ഒരാള്‍ അടുത്ത ദിവസം തന്നെ ജോയിന്‍ ചെയ്യും. ഇങ്ങനെ നാല് ക്ലര്‍ക്കുമാര്‍ ഉണ്ടായിരുന്നതില്‍ ലീവില്‍ പോയ ആളൊഴികെ മൂന്നുപേരെ അവിടെ ലഭ്യമാക്കിയിട്ടുണ്ട്. ലീവില്‍ പോയത് പ്രകാരമുള്ള ഒരു ഒഴിവ് നികത്തുന്നതിനും നടപടി സ്വീകരിച്ചുവരുന്നു.
3. പരുതൂരില്‍ 2022ലെ പൊതുസ്ഥലംമാറ്റത്തിന് മുമ്പ് ഒഴിവുകളുണ്ടായിരുന്നില്ല എന്ന് ഓര്‍ക്കണം. ആരും ആ ഓഫീസിലേക്ക് അപേക്ഷിക്കാത്തതിനെ തുടര്‍ന്നാണ് ഒഴിവ് വന്നത്. അതില്‍ത്തന്നെ നിയമനം നടത്താത്തതുമൂലമുള്ള ഒഴിവായി ഇപ്പോള്‍ അവശേഷിക്കുന്നത് ഒന്നു വീതം മാത്രവും.
4. പഞ്ചായത്ത് പ്രസിഡന്റ് എനിക്ക് ഇതു സംബന്ധിച്ച നിവേദനം തരുന്നത് 2023 ജനുവരി ഏഴിന് മാത്രമാണ്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ജീവനക്കാരെ സ്ഥലം മാറ്റില്ലെന്ന് സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ അധ്യക്ഷന്മാര്‍ക്ക് ഉറപ്പുനല്‍കിയതാണെന്നും മറ്റൊരു പഞ്ചായത്തില്‍ നിന്ന് പരുതൂരിലേക്ക് മാറ്റുക എളുപ്പമല്ലെന്നും, എങ്കിലും പ്രശ്‌നം പരിഹരിക്കാമെന്നും ഞാന്‍ ഉറപ്പുനല്‍കുകയും ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ ഒരു ജീവനക്കാരനെ നിയമിച്ചതായി ലീഗ് നേതാവായ പ്രസിഡന്റ് തന്നെ പറയുന്നുണ്ട്. മാത്രമല്ല രാഷ്ട്രീയ വിവേചനമെന്ന ആരോപണം അദ്ദേഹം ഉന്നയിച്ചിട്ടുമില്ല.
അദ്ദേഹം പോലും പറയാത്ത ആരോപണമാണ്, ട്വന്റി ഫോര്‍ റിപ്പോര്‍ട്ടര്‍ സ്വന്തം നിലയ്ക്ക് ഉന്നയിക്കുന്നത്. ജനുവരി ഏഴിന് എനിക്ക് കത്ത് നല്‍കിയ പ്രസിഡന്റും കൂട്ടരും, 10ന് ഡി.ഡി.പി ഓഫീസില്‍ പോയി കുത്തിയിരിപ്പ് നടത്തിയിരുന്നു. അപ്പോഴും രാഷ്ട്രീയ വിവേചനമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അത് റിപ്പോര്‍ട്ടര്‍ സ്വന്തം നിലയില്‍ കൂട്ടിച്ചേര്‍ത്തതാണെന്ന് പ്രസിഡന്റ് പറയുകയും ചെയ്തു.
5. ഏറ്റവും ഗൗരവമുള്ള കാര്യം ഈ പറഞ്ഞ വസ്തുതകള്‍ക്ക് മുഴുവന്‍ വിരുദ്ധമായ വാര്‍ത്ത ചമയ്ക്കുക മാത്രമല്ല, മന്ത്രി രാഷ്ട്രീയ വിവേചനം കാണിച്ചു എന്ന് സ്വന്തം നിലയില്‍ ആരോപണം ഉന്നയിച്ച റിപ്പോര്‍ട്ടര്‍ എന്റെയോ, എന്റെ ഓഫീസിന്റെയോ ഭാഗം അന്വേഷിക്കുകയോ വാര്‍ത്തയില്‍ ഉള്‍പ്പെടുത്തുകയോ ചെയ്തില്ല! ഏകപക്ഷീയമായ വാര്‍ത്ത. മറുഭാഗം കേള്‍പ്പിക്കാത്ത ആരോപണം.
വസ്തുതകള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന, വസ്തുതകള്‍ ശേഖരിക്കാനോ മനസിലാക്കാനോ ശ്രമിക്കാത്ത മാധ്യമപ്രവര്‍ത്തന രീതി. മന്ത്രിക്ക് ഇതില്‍ എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചിരുന്നെങ്കില്‍ ഇവിടെ പറഞ്ഞ വസ്തുതകളും രേഖകളും റിപ്പോര്‍ട്ടര്‍ക്ക് നല്‍കുമായിരുന്നു. അദ്ദേഹത്തിന് അതായിരുന്നില്ല ആവശ്യം. ഒരു രാഷ്ട്രീയ ആരോപണം സര്‍ക്കാരിനും മന്ത്രിക്കുമെതിരെ ഉന്നയിക്കല്‍ മാത്രമായിരുന്നു ലക്ഷ്യം എന്ന് കരുതാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടോ?
മൂന്നു തവണ ശ്രമിച്ച ശേഷം റിപ്പോര്‍ട്ടറെ ഫോണില്‍ കിട്ടി. വസ്തുതകളോരോന്നായി വിശദീകരിച്ചപ്പോള്‍ ഈ വിവരങ്ങളും രേഖകളും അയച്ചുതരാമോ എന്നായിരുന്നു മറുപടി. അതായത് ആരോടും ചോദിക്കാതെ ഏകപക്ഷീയമായി തെറ്റായ വാര്‍ത്ത കൊടുക്കുക, കയ്യോടെ പിടിക്കപ്പെട്ടാല്‍ മാത്രം എന്നാല്‍ വസ്തുത കൂടി കൊടുത്തേക്കാം എന്ന ഉദാരത. ഇതിലെന്തെങ്കിലും മാറ്റമുണ്ടാകുമെന്നോ തിരുത്തുമെന്നോ പ്രതീക്ഷയില്ല. ഇതിനിയും തുടരും. തുറന്നുകാട്ടലും നിരന്തരം തുടരുകയേ മാര്‍ഗമുള്ളൂ.
Content Highlight: Minister MB Rajesh against 24 news report