തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിധിക്കെതിരായ പുന:പരിശോധ ഹരജി വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നതായി മന്ത്രി എം.എം മണി. വിശ്വാസികളായ ഹിന്ദു സ്ത്രീകള്‍ ശബരിമലയില്‍ പോകാറില്ലെന്നും മന്ത്രി പറഞ്ഞു.
യുവതീ പ്രവേശം സുപ്രീം കോടതി സ്‌റ്റേ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി ഏഴംഗ ബെഞ്ചിന്റെ വിധിയും സ്വാഗതം ചെയ്യുന്നതായി പറഞ്ഞു.
”ഏതായാലും വിധിയെ സ്വാഗതം ചെയ്യുകയാണ്. ഒരു കാര്യം നിയമപരമായി പ്രശ്‌നങ്ങള്‍ വന്നാല്‍ അതിനെ നേരിടാതെ ഗവര്‍മെന്റിന് പോകാന്‍ പറ്റില്ല. അത് പോകും. സുപ്രീം കോടതി വിധിയെ നമ്മള്‍ സ്വാഗതം ചെയ്യുന്നു. ഇപ്പോള്‍ ഏഴംഗ ബെഞ്ചാണ്. ഏഴംഗ ബെഞ്ചിനേയും നമ്മള്‍ സ്വാഗതം ചെയ്യുന്നു”- എം.എം മണി പറഞ്ഞു.
വിശ്വാസികളായ ഹിന്ദു സ്ത്രീകള്‍ സാധാരണ ശബരിമലയിലേക്ക് പോവാറില്ല. വിശ്വാസികളല്ലാത്തവര്‍ ദര്‍ശനത്തിന് വന്നാലും വിധിയുടെ അടിസ്ഥാനത്തില്‍ നിലപാട് എടുക്കുമെന്നും മന്ത്രി പറഞ്ഞു.
ശബരിമല വിഷയത്തില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഇരട്ടത്താപ്പാണെന്നും അവര്‍ വെറുതെ ബഡായി പറുകയാണെന്നും മന്ത്രി എം.എം മണി കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്റ്റംബര്‍ 28 ന്റെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നില്ല.
ഏഴംഗ ഭരണ ഘടന ബെഞ്ച് ഹരജി പരിഗണിക്കുന്നതുവരെ പഴയ വിധി നിലനില്‍ക്കും.
വിധി ഏഴംഗ വിശാല ബെഞ്ചിന് വിടുന്നുവെന്നാണ് ചീഫ് ജസ്റ്റിസ് അടക്കം മൂന്ന് ജഡ്ജിമാര്‍ പ്രസ്താവിച്ചത്. എന്നാല്‍ വിയോജന വിധിയുമായി ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ചന്ദ്രചൂഡും രംഗത്തെത്തി.
ജസ്റ്റിസ് നരിമാനാണ് ന്യൂനപക്ഷ വിധി വായിച്ചത്. എല്ലാ ഹരജികളും തള്ളിക്കളയുന്നെന്നും സ്ത്രീകളുടെ ഭരണഘടനാ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ വിധി നടപ്പാക്കണമെന്നുമായിരുന്നു നരിമാന്‍ വിയോജനവിധിയില്‍ പറഞ്ഞത്.