| Sunday, 14th October 2018, 9:15 am

മി ടൂ; വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ തിരിച്ചെത്തി: വിശദീകരണം പിന്നീട് നല്‍കുമെന്ന് മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലൈംഗിക പീഡന ആരോപണം നേരിടുന്ന വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ ദല്‍ഹിയില്‍ തിരിച്ചെത്തി. പീഡനാരോപണ വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് വിശദീകരണം പിന്നീട് നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.

ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ആഫ്രിക്കന്‍ പര്യടനം വെട്ടിച്ചുരുക്കി തിരികെയെത്താന്‍ അക്ബറിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. മന്ത്രിയോട് വിശദീകരം തേടിയ ശേഷം വ്യക്തിപരമായ കാര്യങ്ങള്‍ കാണിച്ച് രാജിവെക്കണം എന്നാകും പാര്‍ട്ടി നേതൃത്വം ആവശ്യപ്പെടുക എന്നാണ് സൂചന.


മീ ടൂ ക്യാമ്പയിനിലൂടെയാണ് മുന്‍മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ അക്ബറിനെതിരെയുള്ള ആരോപണങ്ങള്‍ പുറത്തെത്തിയത്. ഇതുവരെ 12 സ്ത്രീകള്‍ അക്ബറിനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. അക്ബറിനെതിരെയുള്ള പരാതി പരിശോധിക്കുമെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു.

അക്ബറിനെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും സി.പി.ഐ.എമ്മും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. സ്മൃതി ഇറാനി, മേനകാ ഗാന്ധി തുടങ്ങി കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളില്‍ പലരും വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരുന്നു. കൂടാതെ മന്ത്രിക്കെതിരേയുള്ള പരാതികള്‍ അന്വേഷിക്കാന്‍ നാല് മുന്‍ ജഡ്ജിമാര്‍ ഉള്‍പ്പെട്ട പ്രത്യേക സമിതിയെ നിയമിച്ചിരുന്നു.


ഒക്ടോബര്‍ എട്ടിന് മാധ്യമപ്രവര്‍ത്തക പ്രിയാ രമണിയുടെ ട്വീറ്റിലൂടെയാണ് അക്ബറിനെതിരായ വെളിപ്പെടുത്തലുകള്‍ ആരംഭിച്ചത്. ദില്ലിയിലെ ഏഷ്യന്‍ ഏജ് ഓഫീസില്‍ ജോലി ചെയ്തിരുന്ന മാധ്യമ പ്രവര്‍ത്തകരാണ് കൂടുതലായും എം.ജെ അക്ബ്വരിനെതിരെ പരാതികള്‍ ഉന്നയിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more