തിരുവനന്തപുരം: കേരളത്തിലെ മാധ്യമങ്ങള്‍ ഇടത് വിരോധത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണെന്ന് മന്ത്രി എം.ബി. രാജേഷ്. പുതുപ്പള്ളിയിലെ ജോലി വിവാദത്തില്‍ ഉള്‍പ്പെട്ട സതിയമ്മയ്ക്ക് സി.പി.ഐ.എമ്മുമായി ഗോളാന്തര ബന്ധമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ മാധ്യമങ്ങള്‍ ആഘോഷിച്ചേനെയെന്നും ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ രാജേഷ് പറഞ്ഞു.
വലതുപക്ഷത്ത് ആണെങ്കില്‍ ഏത് അധാര്‍മികതയും കുറ്റകൃത്യവും വെള്ളയടിച്ചുമിനുക്കി കൊടുക്കുന്ന രീതിയാണ് മാധ്യമങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
‘പഴയ എസ്.എഫ്.ഐക്കാരിയുടെ സര്‍ട്ടിഫിക്കറ്റിന് അങ്ങ് ദല്‍ഹിയില്‍ ഇരിക്കുന്ന സീതാറാം യെച്ചൂരിയോടും പ്രകാശ് കാരാട്ടിനോടും വരെ മൈക്ക് നീട്ടി മറുപടി ആവശ്യപ്പെട്ട താന്തോന്നിത്തവും യൂത്ത് കോണ്‍ഗ്രസ് ആവുമ്പോഴുള്ള മര്യാദയും മിതത്വവും തമ്മില്‍ താരതമ്യപ്പെടുത്തി നോക്കൂ.
ഒരു സ്ത്രീയെ കൊന്നു കുഴിച്ചുമൂടിയ നേതാവിനെക്കുറിച്ച് പ്രതിപക്ഷ നേതാവിനോടോ കെ.പി.സി.സി അധ്യക്ഷനോടോ സ്ഥിര- അസ്ഥിര ക്ഷണിതാക്കളോടോ പോകട്ടെ, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനോടെങ്കിലും മൈക്ക് നീട്ടി ചോദിച്ചോ?,’ രാജേഷ് ചോദിച്ചു.
എസ്.എഫ്.ഐക്കാരിയുടെ തെറ്റിന് മാത്രമല്ല, സി.പി.ഐ.എം നേതാവിന്റെ പഴയ ഡ്രൈവറുടെ കുറ്റത്തിന് വരെ പാര്‍ട്ടി സമാധാനം പറയണം. എന്നാല്‍ യൂത്ത് കോണ്‍ഗ്രസാകുമ്പോള്‍ ഉളുപ്പില്ലാത്ത കരുതലാണെന്നും രാജേഷ് പറഞ്ഞു.
‘സതിയമ്മയ്ക്ക് സി.പി.ഐ.എമ്മുമായി ഗോളാന്തര ബന്ധമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ലിജിമോളുടെ പേരില്‍ പാര്‍ട്ടി പിന്‍ബലത്തില്‍ ആള്‍മാറാട്ടം നടത്തി ജോലി ചെയ്ത അഴിമതിക്ക് പൊളിറ്റ് ബ്യൂറോ വരെ മറുപടി പറയേണ്ടിവരും.
സതിയമ്മ സി.പി.ഐ.എം അല്ലെങ്കിലോ, അന്യായമായി പിരിച്ചുവിടപ്പെട്ട നിസ്സഹായയായ ഇരയും പുതുപ്പള്ളി നാടകത്തിലെ നായികയും ആകും. ഉന്നതരായ ഇടത് നേതാക്കളുടെ മക്കളും കുടുംബാംഗങ്ങളും മുതല്‍ സാധാരണ പ്രവര്‍ത്തകരായ ഓമനക്കുട്ടന്മാര്‍ വരെ മാധ്യമങ്ങളാല്‍ നിര്‍ദയം അപമാനിക്കപ്പെടും,’ രാജേഷ് പറഞ്ഞു.
എം.ബി. രാജേഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
കേരളത്തിലെ മാധ്യമങ്ങളുടെ ക്ഷുദ്രമായ ഇടത് വിരോധത്തെക്കുറിച്ച് എങ്ങനെ വീണ്ടും വീണ്ടും പറയാതിരിക്കും? ഇടത് വിരോധത്തിന്റെ നഗ്‌നതാ പ്രദര്‍ശനവും വലതുപക്ഷ പരിലാളനയുടെ മതിമറന്ന പ്രകടനവും അവര്‍ അത്രമേല്‍ കൂസലില്ലാതെ ദൈനംദിനം നടത്തിക്കൊണ്ടിരിക്കുകയാണല്ലോ. പഠിക്കുമ്പോള്‍ ലക്ഷക്കണക്കിന് എസ്.എഫ്.ഐ അംഗങ്ങളില്‍ ഉള്‍പ്പെട്ട ഒരു സ്ത്രീ പിന്നീട് ഇന്റര്‍വ്യൂവിന് വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന്റെ പേരില്‍ എത്ര ദിവസത്തെ പ്രൈം ടൈം ചര്‍ച്ചയും ബ്രേക്കിങ് ന്യൂസും ഒന്നാം പേജ് ലീഡും പല പോസിലുള്ള പടങ്ങളും കാര്‍ട്ടൂണുകളുമെല്ലാമായിട്ടായിരുന്നല്ലോ നിലവിട്ട് അഴിഞ്ഞാടിയത് (ഇടത് വിരോധവും ഒപ്പം ഒരു സ്ത്രീയെ ഇരയായി കിട്ടിയപ്പോള്‍ പ്രകടമായ മനോവൈകൃതവും കൂടി അതിലുണ്ടായിരുന്നു).
ഇപ്പോഴിതാ ഒരു യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി തന്റെ പെണ്‍സുഹൃത്തിനെ കൊന്നു കുഴിച്ചുമൂടിയിരിക്കുന്നു. മാത്രമല്ല, താന്‍ കൊന്നുകുഴിച്ചുമൂടിയ സ്ത്രീയെ തെരയാന്‍ ഫേസ്ബുക്കിലും നാട്ടുകാര്‍ക്കും ഒപ്പം ഇറങ്ങുന്നു. പൊലീസിന്റെ
അനാസ്ഥക്കെതിരെ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിന്റെ സംഘാടകനാകുന്നു. ഒടുവില്‍ സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റ്.
പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിന്റെ തലേന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി കൊലക്കേസ് പ്രതിയാകുന്നു. എവിടെ പ്രൈം ടൈം ചര്‍ച്ചാ പരമ്പരകള്‍? എവിടെ ബ്രേക്കിംഗ് ന്യൂസ്? എവിടെ ഒന്നാം പേജ് ലീഡ്?, എവിടെ അവസരവാദികളായ കുഞ്ചുക്കുറുപ്പുമാരും കാകദൃഷ്ടിക്കാരും? അട്ടപ്പാടി കോളേജിലേക്കും കോടതികളിലേക്കും ചെന്ന കാമറാപ്പട ഇപ്പോള്‍ കൊലയാളിയായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തിരക്കി ചെല്ലാത്തതെന്തുകൊണ്ട്? ആദ്യത്തെ കേസിലെ പെണ്‍കുട്ടിയുടെ ജന്മാന്തര എസ്.എഫ്.ഐ ബന്ധം ആഘോഷമാക്കിയവര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയെ മേല്‍വിലാസം ഇല്ലാത്ത വെറും യുവാവാക്കുന്നു. എന്തൊരു ഉളുപ്പില്ലാത്ത കരുതലാണ് യൂത്ത് കോണ്‍ഗ്രസിനോട്?
പഴയ എസ്.എഫ്.ഐക്കാരിയുടെ സര്‍ട്ടിഫിക്കറ്റിന് അങ്ങ് ദല്‍ഹിയില്‍ ഇരിക്കുന്ന സീതാറാം യെച്ചൂരിയോടും പ്രകാശ് കാരാട്ടിനോടും വരെ മൈക്ക് നീട്ടി മറുപടി ആവശ്യപ്പെട്ട താന്തോന്നിത്തവും യൂത്ത് കോണ്‍ഗ്രസ് ആവുമ്പോഴുള്ള മര്യാദയും മിതത്വവും തമ്മില്‍ താരതമ്യപ്പെടുത്തി നോക്കൂ.
ഒരു സ്ത്രീയെ കൊന്നു കുഴിച്ചുമൂടിയ നേതാവിനെക്കുറിച്ച് പ്രതിപക്ഷ നേതാവിനോടോ കെ.പി.സി.സി അധ്യക്ഷനോടോ സ്ഥിര- അസ്ഥിര ക്ഷണിതാക്കളോടോ പോകട്ടെ, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനോടെങ്കിലും മൈക്ക് നീട്ടി ചോദിച്ചോ? എസ്.എഫ്.ഐക്കാരിയുടെ തെറ്റിന് മാത്രമല്ല, സി.പി.ഐ.എം നേതാവിന്റെ പഴയ ഡ്രൈവറുടെ കുറ്റത്തിന് വരെ പാര്‍ട്ടി സമാധാനം പറയണം. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് ആണെങ്കില്‍ കൊന്നുകുഴിച്ചുമൂടിയതിന്റെ പാപഭാരം കൂടി മണ്ണിട്ടു മൂടിക്കൊടുക്കും ബഹുമാന്യ മാധ്യമ പ്രവര്‍ത്തകര്‍. കൊന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പേര് ഈ മാധ്യമങ്ങള്‍ കൊന്നാലും പറയില്ല എന്നതാണ് സ്ഥിതി.
സതിയമ്മയ്ക്ക് സി.പി.ഐ.എമ്മുമായി ഗോളാന്തര ബന്ധമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ലിജിമോളുടെ പേരില്‍ പാര്‍ട്ടി പിന്‍ബലത്തില്‍ ആള്‍മാറാട്ടം നടത്തി ജോലി ചെയ്ത അഴിമതിക്ക് പൊളിറ്റ് ബ്യൂറോ വരെ മറുപടി പറയേണ്ടിവരും.
സതിയമ്മ സി.പി.ഐ.എം അല്ലെങ്കിലോ, അന്യായമായി പിരിച്ചുവിടപ്പെട്ട നിസ്സഹായയായ ഇരയും പുതുപ്പള്ളി നാടകത്തിലെ നായികയും ആകും. ഉന്നതരായ ഇടത് നേതാക്കളുടെ മക്കളും കുടുംബാംഗങ്ങളും മുതല്‍ സാധാരണ പ്രവര്‍ത്തകരായ ഓമനക്കുട്ടന്മാര്‍ വരെ മാധ്യമങ്ങളാല്‍ നിര്‍ദയം അപമാനിക്കപ്പെടും.
രോഗക്കിടക്കയില്‍ കിടക്കുന്ന ഇടത് നേതാക്കളെ പോലും ഇല്ലാക്കഥകള്‍ ഉണ്ടാക്കി കണ്ണില്‍ ചോരയില്ലാതെ കടന്നാക്രമിക്കും. വലതുപക്ഷത്ത് ആണെങ്കില്‍ ഏത് അധാര്‍മികതയും കുറ്റകൃത്യവും വെള്ളയടിച്ചുമിനുക്കി കൊടുക്കും. ഈ പതിവ് മാധ്യമ ദുര്‍നടപ്പിന്റെ പര്യായപദമാണിന്ന് നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനം എന്നത്. ഈ മാധ്യമനിഷ്പക്ഷതയുടെ അശ്ലീലം കണ്ടു ചെടിക്കാത്തവരായി ആരെങ്കിലും ഈ നാട്ടിലുണ്ടോ? ലജ്ജയില്ലാത്ത ഈ ഇരട്ടത്താപ്പിന് എന്തെങ്കിലും വിശദീകരണമുണ്ടോ മാധ്യമങ്ങള്‍ക്ക്?
Content Highlight: Minister M.B. Rajesh said that the media in Kerala is proving again and again that it is the biggest example of anti-leftism.