കേന്ദ്ര സര്‍ക്കാര്‍ വായ്പാ പരിധി വെട്ടിക്കുറച്ചത് ലൈഫ് പദ്ധതിയെ ബാധിച്ചു: എം.ബി. രാജേഷ്
Kerala News
കേന്ദ്ര സര്‍ക്കാര്‍ വായ്പാ പരിധി വെട്ടിക്കുറച്ചത് ലൈഫ് പദ്ധതിയെ ബാധിച്ചു: എം.ബി. രാജേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th September 2024, 8:25 am

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചത് ലൈഫ് പദ്ധതിയെയും ബാധിച്ചെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ഹഡ്കോ വായ്പാ പരിധി കഴിഞ്ഞെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോകുമെന്നും എം.ബി. രാജേഷ് പറഞ്ഞു.

കേരളത്തില്‍ ഇപ്പോഴും 13 ലക്ഷം ഭവനരഹിതരുണ്ടെന്ന കണക്കില്‍ വിശദമായ പരിശോധന നടത്തണമെന്നും എം.ബി. രാജേഷ് പറയുകയുണ്ടായി. നിലവില്‍ നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കാനുള്ള പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തും. ഈ വര്‍ഷം ഒരു ലക്ഷം എന്നതാണ് ലൈഫ് പദ്ധതിയില്‍ സര്‍ക്കാരിന്റെ ടാര്‍ഗെറ്റെന്നും അതിനുള്ള വായ്പ കണ്ടെത്തുന്നതില്‍ നടപടികള്‍ സ്വീകരിക്കുമെന്നും എം.ബി. രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

സംസ്ഥാനം മുഴുവനായും നേരിടുന്ന സാമ്പത്തിക പ്രസന്ധിയാണ് ലൈഫ് പദ്ധതിയെയും ബാധിച്ചത്. എന്നാല്‍ 2023-2024 വര്‍ഷത്തില്‍ ഈ പ്രതിസന്ധി മറികടക്കാനും ടാര്‍ഗെറ്റ് ചെയ്തതിനേക്കാള്‍ അധികം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ലൈഫ് പദ്ധതിയിക്ക് കീഴില്‍ ഇതുവരെ സര്‍ക്കാര്‍ ചെലവഴിച്ചത് 18,024 കോടി രൂപയാണ്. കേന്ദ്ര സര്‍ക്കാര്‍ വായ്പാ പരിധി വെട്ടിക്കുറച്ചത് ഈ മേഖലയെ സാരമായി ബാധിച്ചെന്നും എം.ബി. രാജേഷ് പറഞ്ഞു. ലൈഫ് പദ്ധതിക്കായി സര്‍ക്കാര്‍ വായ്പയെടുത്താല്‍ അത് വായ്പാ പരിധിയില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ 5,15000 പേരാണ് ലൈഫ് പദ്ധതിയില്‍ കരാര്‍ വെച്ചിട്ടുള്ളത്. ഇനി എട്ട് ലക്ഷത്തോളം ആളുകള്‍ കരാര്‍ വെക്കാനുണ്ട്. ഇതില്‍ മൂന്ന് ലക്ഷത്തോളം പേര്‍ ഭൂമിയില്ലാത്ത ഭവനരഹിതരാണ്.

അവര്‍ക്ക് ഭൂമി കണ്ടെത്താനാണ് സര്‍ക്കാര്‍ ‘മനസോട് ഇത്തിരി മണ്ണ് പദ്ധതി’ നടപ്പിലാക്കിയിരിക്കുന്നത്. ഈ പദ്ധതി പ്രകാരം 24 ഏക്കര്‍ ഭൂമിയുടെ വാഗ്ദാനമാണ് ലഭിച്ചിരിക്കുന്നത്. ഭൂമിയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടില്ല, നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും എം.ബി. രാജേഷ് പറഞ്ഞു.

2017, 2020 വര്‍ഷങ്ങളിലെ ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള ഭവനപദ്ധതി പൂര്‍ത്തിയാക്കിയതിന് ശേഷമേ മറ്റ് ലിസ്റ്റുകളിലേക്ക് കടക്കുകയുള്ളു. നിലവില്‍ 13 ലക്ഷം പേരില്‍ അഞ്ച് ലക്ഷം പേര്‍ക്ക് വീട് നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതി വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ പ്രയത്‌നിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം വായ്പാ പരിധി വെട്ടിക്കുറച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ലൈഫ് ഉള്‍പ്പെടെയുള്ള മേഖലയില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

Content Highlight: Minister M.B.Rajesh said that the central government’s cut in the state’s credit limit has also affected the LIFE mission