| Sunday, 2nd July 2023, 3:21 pm

'നിരപരാധിയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കും'; ഷീലാ സണ്ണിയെ ഫോണില്‍ വിളിച്ച് എം.ബി. രാജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചാലക്കുടിയില്‍ മയക്കുമരുന്ന് കേസില്‍ വ്യാജമായി പ്രതിചേര്‍ക്കപ്പെട്ട ഷീലാ സണ്ണിയെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചെന്ന് മന്ത്രി എം.ബി. രാജേഷ്. ചെയ്യാത്ത തെറ്റിന്റെ പേരില്‍ ജയിലില്‍ കിടക്കാനിടയായതിലും അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടിലും ഖേദം പ്രകടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഷീല സണ്ണി നിരപരാധിയാണെന്ന് കോടതിയെ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇനി ഒരാള്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുംവിധം, ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരെ നിയമാനുസൃതമായ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘അവരെ വ്യാജമായി കേസില്‍ കുടുക്കുന്നതിന് ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഉറപ്പുനല്‍കി. ഇക്കാര്യം ഇന്നലെ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയതാണ്. അതുകണ്ട് എന്നെ ഇന്നലെ ഫോണില്‍ ബന്ധപ്പെട്ട് നന്ദി അറിയിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ഷീലാ സണ്ണി പറഞ്ഞു.

ഇന്നലെ യോഗങ്ങളുടെ തിരക്കിലായതിനാല്‍ അത് എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളില്‍ ഷീലാ സണ്ണി സംതൃപ്തിയും നന്ദിയും അറിയിച്ചു,’ എം.ബി. രാജേഷ് പറഞ്ഞു.

ലഹരി മരുന്ന് കേസില്‍ 72 ദിവസമാണ് ഷീല ജയിലില്‍ കിടന്നത്. അവസാനം, ഹൈക്കോടതി ജാമ്യം നല്‍കുകയായിരുന്നു.

എക്സൈസ് ഉദ്യോഗസ്ഥര്‍ ബ്യൂട്ടിപാര്‍ലറിലെത്തി ഹാന്‍ഡ് ബാഗില്‍ നിന്നും സ്‌കൂട്ടറില്‍ നിന്നും എല്‍.എസ്.ഡി. സ്റ്റാംപാണെന്ന് പറഞ്ഞ് ചില പേപ്പര്‍ കഷ്ണങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു. പന്നീടുള്ള ശാസ്ത്രീയ പരിശോധനയില്‍ ഇത്
എല്‍.എസ്.ഡി. സ്റ്റാംപല്ലെന്ന് കണ്ടെത്തുകയായിരുന്നു.

Content Highlight: Minister M.B. Rajesh said that she consoled Sheila Sunny, who was falsely accused in a drug case in Chalakudy, on the phone

We use cookies to give you the best possible experience. Learn more