കരുവന്നൂര്‍ തട്ടിപ്പ് ഗൗരവമുള്ളത് തന്നെ; പ്രതികരണം മാതൃഭൂമി ഓണ്‍ലൈന്‍ വളച്ചൊടിച്ച് പ്രചരിപ്പിച്ചെന്ന് എം.ബി. രാജേഷ്
തിരുവനന്തപുരം: കരുവന്നൂരിലെ തട്ടിപ്പിനെക്കുറിച്ചുള്ള തന്റെ പ്രതികരണം മാതൃഭൂമി ഓണ്‍ലൈന്‍ വളച്ചൊടിച്ച് പ്രചരിപ്പിച്ചുവെന്ന് മന്ത്രി എം.ബി. രാജേഷ്. തട്ടിപ്പിനെ താന്‍ ലഘൂകരിച്ചുവെന്നാണ് ‘മാതൃഭൂമി ഓണ്‍ലൈന്‍’ വാര്‍ത്ത കണ്ടാല്‍ മനസിലാകുകയെന്നും ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും സാമൂഹ്യമാധ്യമ ഹാന്‍ഡിലുകള്‍ക്ക് ആയുധം നല്‍കാനുള്ള വികൃത സൃഷ്ടിയാണ് മാതൃഭൂമി ഓണ്‍ലൈനിന്റെ വാര്‍ത്തയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മാതൃഭൂമി പത്രമടക്കം ഒരു പത്രം പോലും താന്‍ തട്ടിപ്പിനെ ലഘൂകരിച്ചുവെന്ന് വാര്‍ത്ത നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
‘കരുവന്നൂര്‍ വലിയ പ്രശ്‌നമാണോ, രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളില്‍ നടന്ന ക്രമക്കേട് എത്രയുണ്ട്,’ എന്നായിരുന്നു കരുവന്നൂര്‍ തിട്ടിപ്പുമായി ബന്ധപ്പെട്ട് മാതൃഭൂമി പുറത്തിറക്കിയ ന്യൂസ് കാര്‍ഡ്. എന്നാല്‍ കരുവന്നൂരിലെ തട്ടിപ്പ് ഗൗരവമുള്ളതാണെന്നും, അതിനേക്കാള്‍ എത്രയോ മടങ്ങ് വലുപ്പമുള്ള ബാങ്ക് തട്ടിപ്പുകള്‍ ഇന്ത്യയില്‍ പലയിടത്തും നടന്നപ്പോഴൊന്നും കാണിക്കാത്ത ഉത്സാഹം കേന്ദ്ര ഏജന്‍സികള്‍ കരുവന്നൂരില്‍ കാണിക്കുന്നതില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ട് എന്നുമാണ് ഇന്നലെ പറഞ്ഞതെന്നും രാജേഷ് പറഞ്ഞു. പറഞ്ഞത് കൃത്യമായും വസ്തുനിഷ്ഠമായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.ബി. രാജേഷിന്റെ വാക്കുകള്‍
ഇന്നലെ ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നല്‍കിയ ഉത്തരം, മാതൃഭൂമി ഓണ്‍ലൈന്‍ മാത്രം വളച്ചൊടിച്ച് അങ്ങേയറ്റം തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിലും ഉദ്ദേശിക്കുകയേ ചെയ്യാത്ത വിധത്തിലും കാര്‍ഡായി പ്രചരിപ്പിച്ചത് അല്‍പ്പം വൈകിയാണ് ശ്രദ്ധയില്‍പ്പെട്ടത്. മറ്റൊരു ടെലിവിഷന്‍ ചാനലും പത്ര ഓണ്‍ലൈന്‍ മാധ്യമങ്ങളും ചെയ്യാത്ത നെറികേടാണ് മാതൃഭൂമി ഓണ്‍ലൈന്‍ ഈ വളച്ചൊടിക്കലിലൂടെ ചെയ്തത്. മാത്രമല്ല, പറഞ്ഞത് കൃത്യമായും വസ്തുനിഷ്ഠമായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.
മറ്റാരും ചെയ്യാത്ത തരത്തില്‍ മാതൃഭൂമി ഓണ്‍ലൈന്‍ മാത്രം ഇങ്ങനെയൊരു വൃത്തികേട് ചെയ്തതിനെക്കുറിച്ച് ഇന്ന് ദല്‍ഹിയിലെ പത്രസമ്മേളനത്തില്‍ വിശദമാക്കിയിട്ടുണ്ട്. കരുവന്നൂര്‍ നിസാരവത്കരിച്ചു എന്നതാണ് മാതൃഭൂമി ഓണ്‍ലൈന്‍ നുണപ്രചാരണം നടത്തിയത്. എന്നാല്‍ കരുവന്നൂരിലെ തട്ടിപ്പ് ഗൗരവമുള്ളതാണെന്നും, അതിനേക്കാള്‍ എത്രയോ മടങ്ങ് വലുപ്പമുള്ള ബാങ്ക് തട്ടിപ്പുകള്‍ ഇന്ത്യയില്‍ പലയിടത്തും നടന്നപ്പോഴൊന്നും കാണിക്കാത്ത ഉത്സാഹം കേന്ദ്ര ഏജന്‍സികള്‍ കരുവന്നൂരില്‍ കാണിക്കുന്നതില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ട് എന്നുമാണ് ഇന്നലെ പറഞ്ഞത്. അതിനെയാണ് വക്രീകരിച്ച് ‘കരുവന്നൂര്‍ വലിയ പ്രശ്‌നമാണോ’ എന്ന തലക്കെട്ടുമായി മാതൃഭൂമി ഓണ്‍ലൈന്‍ കൊടുത്തത്. ഇന്നാകട്ടെ മാതൃഭൂമി പത്രം പോലും ആ വ്യാജവാര്‍ത്ത ഏറ്റെടുത്തിട്ടില്ല.
പക്ഷെ പത്രം കയ്യൊഴിഞ്ഞ ഓണ്‍ലൈനിന്റെ വ്യാജവാര്‍ത്തയെ ആസ്പദമാക്കി ഒരു ‘വ്യാജ വര’ പത്രത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പണ്ട് കാര്‍ട്ടൂണിസ്റ്റായിരുന്ന ഒരാള്‍ ഇപ്പോഴും കാര്‍ട്ടൂണെന്ന് അവകാശപ്പെട്ട് നടത്തുന്ന വ്യാജവരകള്‍ ഏറെക്കുറേ എല്ലായിപ്പോഴും നുണപ്രചരണത്തിനുള്ള ഉപാധികളായതുകൊണ്ട് അതില്‍ അത്ഭുതം തോന്നുന്നില്ല.
Content Highlight: Minister M.B. Rajesh said that Mathrubhumi online distorted his reaction on the fraud in Karuvannur