| Tuesday, 14th February 2023, 12:51 pm

രാജ്യത്തിന്റെ വിലക്കയറ്റ നിരക്ക് ഉയര്‍ന്നത് ദേശീയ പത്രങ്ങള്‍ക്ക് പ്രധാന വാര്‍ത്ത, തൊടാതെ മലയാള മാധ്യമങ്ങള്‍; കാരണം നിരത്തി എം.ബി. രാജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജ്യത്തിന്റെ വിലക്കയറ്റ നിരക്ക് ഉയര്‍ന്നത് ദേശീയ പത്രങ്ങള്‍ക്ക് പ്രധാന വാര്‍ത്ത, തൊടാതെ മലയാള മാധ്യമങ്ങള്‍; കാരണം നിരത്തി എം.ബി. രാജേഷ്

തിരുവനന്തപുരം: ഇന്ത്യയിലെ വിലക്കയറ്റ നിരക്ക് ഉയര്‍ന്നുവെന്ന വാര്‍ത്ത കേരളത്തിലെ പ്രധാന പത്രങ്ങള്‍ മറച്ചുവെച്ചുവെന്ന് മന്ത്രി എം.ബി. രാജേഷ്. രാജ്യത്ത് എല്ലാ പ്രധാന ദേശീയ പത്രങ്ങളെല്ലാം ഇത് പ്രധാന വാര്‍ത്തയാക്കിയപ്പോള്‍ മലയാള പത്രങ്ങളില്‍ ദേശാഭിമാനിയും ജനയുഗവും മാത്രമാണ് അങ്ങനെ ചെയ്തതെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ മന്ത്രി പറഞ്ഞു.

ബി.ജെ.പി സര്‍ക്കാരിന് അഹിതമായ വാര്‍ത്ത പ്രാധാന്യത്തോടെ കൊടുക്കേണ്ടതില്ല എന്നതുകൊണ്ടാണ് ഇങ്ങനെ മാധ്യമങ്ങള്‍ ചെയ്യുന്നതെന്നും എം.ബി. രാജേഷ് പറഞ്ഞു.

‘ഇന്നത്തെ വാര്‍ത്താ തലക്കെട്ട് എന്താണ്? എന്താവണം? രാജ്യത്ത് എല്ലാ പ്രധാന ദേശീയ പത്രങ്ങളുടെയും ഒന്നാം പേജിലെ പ്രധാന തലക്കെട്ട്, റിസര്‍വ് ബാങ്ക് നിശ്ചയിച്ച അപകട രേഖയും കടന്ന് ഇന്ത്യയിലെ വിലക്കയറ്റ നിരക്ക് ഉയര്‍ന്നുവെന്നതാണ്. ബിസിനസ് ലൈന്‍, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എന്തിനധികം ഈയിടയായി കേന്ദ്രസര്‍ക്കാരിന് അഹിതമായ വാര്‍ത്തകള്‍ കൊടുക്കാന്‍ മടിക്കുന്ന ദി ഹിന്ദു ഉള്‍പ്പെടെ എല്ലാവരുടെയും ഒന്നാം പേജ് വാര്‍ത്തയാണ്, വിലക്കയറ്റത്തിന്റെ ഭീമമായ വര്‍ധനവ്.
എന്നാല്‍ വിചിത്രമെന്ന് പറയട്ടെ, കേരളത്തിലെ പ്രമുഖ പത്രങ്ങള്‍ക്കൊന്നും അത് ഒന്നാം പേജിലെ തലക്കെട്ടോ പ്രധാനവാര്‍ത്തയോ അല്ല.

കേരളത്തിലെ പ്രമുഖരായ രണ്ട് പത്രങ്ങള്‍ക്ക് അത് ബിസിനസ് പേജില്‍ മാത്രമൊതുങ്ങുന്ന വാര്‍ത്തയാണ്. ദേശാഭിമാനിയും ജനയുഗവും മാത്രമാണ്, ദേശീയ പത്രങ്ങളെപ്പോലെ ഒന്നാം പേജില്‍ വിലക്കയറ്റം കുതിച്ചുയരുന്നത് പ്രധാനവാര്‍ത്തയാക്കിയിട്ടുള്ളത്.
എന്തുകൊണ്ടായിരിക്കാം, പ്രമുഖ മലയാളം പത്രങ്ങള്‍ക്ക് ഇത് ഒന്നാം പേജ് വാര്‍ത്തയല്ലാത്തത്. കാരണം വളരെ ലളിതം. ഒന്ന്, ബി.ജെ.പി സര്‍ക്കാരിന് അഹിതമായ വാര്‍ത്ത പ്രാധാന്യത്തോടെ കൊടുക്കേണ്ടതില്ല എന്നതുതന്നെ,’ എം.ബി. രാജേഷ് കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ വിലയക്കയറ്റ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണ് എന്നതാണ് വാര്‍ത്ത മറച്ചു വെക്കാനുള്ള രണ്ടാമത്തെ കാരണമെന്നും രാജേഷ് പറഞ്ഞു.

‘ദേശീയ ശരാശരി 6.52, കേരളത്തിലെ വിലക്കയറ്റനിരക്ക് അതിലും താഴെ 6.45. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലെ വിലക്കയറ്റ നിരക്ക്, രാജ്യമാകെ വിലക്കയറ്റം കുതിച്ചുയരുമ്പോളും ദേശീയ ശരാശരിയേക്കാള്‍ കുറഞ്ഞിരിക്കുന്നു എന്നത് പ്രധാനപ്പെട്ട കാര്യമല്ലേ? പ്രത്യേകിച്ചും മധ്യപ്രദേശ്, തെലങ്കാന, ആന്ധ്ര, യു.പി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെല്ലാം വിലക്കയറ്റനിരക്ക് ദേശീയ ശരാശരിയേക്കാള്‍ വളരെ മുകളില്‍ നില്‍ക്കുമ്പോള്‍.

എന്നിട്ടും ഒരു പ്രധാനപത്രം ഈ വസ്തുത മറച്ചുവെച്ച് എഴുതിയത്, കേരളത്തിലും വിലക്കയറ്റമുയര്‍ന്നു എന്നാണ്. കേരളത്തിലെ വിലക്കയറ്റ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ താഴെ എന്നതാണ് വസ്തുതയും വാര്‍ത്തയാകേണ്ടതും. എന്നാല്‍ വാര്‍ത്തയോ, കേരളത്തിലും വിലക്കയറ്റമുയര്‍ന്നു. മാധ്യമങ്ങളുടെ നഗ്‌നവും പക്ഷപാതപരവുമായ രാഷ്ട്രീയത്തിന്റെ ഒന്നാംതരം ഉദാഹരണമാണിത്.

കേരളത്തിലെ പത്രങ്ങള്‍ക്ക് ഇടതുപക്ഷത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തണം, ബി.ജെ.പി സര്‍ക്കാരിനെ സംരക്ഷിക്കുകയും വേണം. അതുകൊണ്ട്, ജനങ്ങളെ ബാധിക്കുന്നതും ദേശീയ പത്രങ്ങള്‍ക്ക് വാര്‍ത്തയാവുന്നതുപോലും അവര്‍ക്ക് ഇവിടെ പ്രധാന വാര്‍ത്തയല്ലാതാവുന്നു,’ മന്ത്രി പറഞ്ഞു.

Content Highlight:  Minister M.B. Rajesh. said that major newspapers in Kerala hid the news that the rate of inflation in India had increased 

We use cookies to give you the best possible experience. Learn more