രാജ്യത്തിന്റെ വിലക്കയറ്റ നിരക്ക് ഉയര്‍ന്നത് ദേശീയ പത്രങ്ങള്‍ക്ക് പ്രധാന വാര്‍ത്ത, തൊടാതെ മലയാള മാധ്യമങ്ങള്‍; കാരണം നിരത്തി എം.ബി. രാജേഷ്
തിരുവനന്തപുരം: ഇന്ത്യയിലെ വിലക്കയറ്റ നിരക്ക് ഉയര്‍ന്നുവെന്ന വാര്‍ത്ത കേരളത്തിലെ പ്രധാന പത്രങ്ങള്‍ മറച്ചുവെച്ചുവെന്ന് മന്ത്രി എം.ബി. രാജേഷ്. രാജ്യത്ത് എല്ലാ പ്രധാന ദേശീയ പത്രങ്ങളെല്ലാം ഇത് പ്രധാന വാര്‍ത്തയാക്കിയപ്പോള്‍ മലയാള പത്രങ്ങളില്‍ ദേശാഭിമാനിയും ജനയുഗവും മാത്രമാണ് അങ്ങനെ ചെയ്തതെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ മന്ത്രി പറഞ്ഞു.
ബി.ജെ.പി സര്‍ക്കാരിന് അഹിതമായ വാര്‍ത്ത പ്രാധാന്യത്തോടെ കൊടുക്കേണ്ടതില്ല എന്നതുകൊണ്ടാണ് ഇങ്ങനെ മാധ്യമങ്ങള്‍ ചെയ്യുന്നതെന്നും എം.ബി. രാജേഷ് പറഞ്ഞു.
‘ഇന്നത്തെ വാര്‍ത്താ തലക്കെട്ട് എന്താണ്? എന്താവണം? രാജ്യത്ത് എല്ലാ പ്രധാന ദേശീയ പത്രങ്ങളുടെയും ഒന്നാം പേജിലെ പ്രധാന തലക്കെട്ട്, റിസര്‍വ് ബാങ്ക് നിശ്ചയിച്ച അപകട രേഖയും കടന്ന് ഇന്ത്യയിലെ വിലക്കയറ്റ നിരക്ക് ഉയര്‍ന്നുവെന്നതാണ്. ബിസിനസ് ലൈന്‍, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എന്തിനധികം ഈയിടയായി കേന്ദ്രസര്‍ക്കാരിന് അഹിതമായ വാര്‍ത്തകള്‍ കൊടുക്കാന്‍ മടിക്കുന്ന ദി ഹിന്ദു ഉള്‍പ്പെടെ എല്ലാവരുടെയും ഒന്നാം പേജ് വാര്‍ത്തയാണ്, വിലക്കയറ്റത്തിന്റെ ഭീമമായ വര്‍ധനവ്.
എന്നാല്‍ വിചിത്രമെന്ന് പറയട്ടെ, കേരളത്തിലെ പ്രമുഖ പത്രങ്ങള്‍ക്കൊന്നും അത് ഒന്നാം പേജിലെ തലക്കെട്ടോ പ്രധാനവാര്‍ത്തയോ അല്ല.
കേരളത്തിലെ പ്രമുഖരായ രണ്ട് പത്രങ്ങള്‍ക്ക് അത് ബിസിനസ് പേജില്‍ മാത്രമൊതുങ്ങുന്ന വാര്‍ത്തയാണ്. ദേശാഭിമാനിയും ജനയുഗവും മാത്രമാണ്, ദേശീയ പത്രങ്ങളെപ്പോലെ ഒന്നാം പേജില്‍ വിലക്കയറ്റം കുതിച്ചുയരുന്നത് പ്രധാനവാര്‍ത്തയാക്കിയിട്ടുള്ളത്.
എന്തുകൊണ്ടായിരിക്കാം, പ്രമുഖ മലയാളം പത്രങ്ങള്‍ക്ക് ഇത് ഒന്നാം പേജ് വാര്‍ത്തയല്ലാത്തത്. കാരണം വളരെ ലളിതം. ഒന്ന്, ബി.ജെ.പി സര്‍ക്കാരിന് അഹിതമായ വാര്‍ത്ത പ്രാധാന്യത്തോടെ കൊടുക്കേണ്ടതില്ല എന്നതുതന്നെ,’ എം.ബി. രാജേഷ് കൂട്ടിച്ചേര്‍ത്തു.