| Saturday, 24th August 2024, 7:44 pm

രഞ്ജിത്തിനെതിരായ ആരോപണം; നിയമത്തിന് മുകളില്‍ ആരും പറക്കില്ല: എം.ബി. രാജേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായ ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി എം.ബി. രാജേഷ്. സര്‍ക്കാരിന് മുന്നില്‍ ഇതുവരെ പരാതികള്‍ ഒന്നും തന്നെ വന്നിട്ടില്ലെന്നും നിയമത്തിന് മുകളില്‍ ഒന്നും പറക്കില്ലെന്നും എം.ബി. രാജേഷ് പറഞ്ഞു. ബംഗാളി അഭിനേത്രി ശ്രീലേഖ മിത്ര നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് രഞ്ജിത്തിന്റെ രാജിവെ ആവശ്യം ഉയര്‍ന്നതോടെയാണ് മന്ത്രിയുടെ പ്രതികരണം.

രണ്ടു കൂട്ടരുടെയും അഭിപ്രായങ്ങള്‍ മാത്രമാണ് നിലവില്‍ വന്നിരിക്കുന്നത്. ഇതുവരെ സര്‍ക്കാരിന് മുന്നില്‍ പരാതികള്‍ ഒന്നും തന്നെ വന്നിട്ടില്ല. പരാതി ലഭിച്ചാല്‍ നിയമനടപടി ഉണ്ടാവുമെന്നും എം.ബി. രാജേഷ് പറഞ്ഞു. നിയമവാഴ്ചയുള്ള സംസ്ഥാനമാണ് കേരളമെന്നും നിയമാനുസൃതമായി സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ രാജി കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് രഞ്ജിത്ത് ആണെന്ന് സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചിരുന്നു. ബംഗാളി അഭിനേത്രിയുടെ വെളിപ്പെടുത്തലിലെ നിയമവശങ്ങള്‍ പരിശോധിക്കുമെന്ന് പറഞ്ഞ മന്ത്രി അവരില്‍ നിന്ന് പരാതി വാങ്ങാനുള്ള സാധ്യതകള്‍ പരിശോധിച്ച് അതില്‍ കുറ്റം തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു.

എന്നാല്‍ സജി ചെറിയാന്റെ പരാമര്‍ശത്തെ തള്ളി വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി രംഗത്തെത്തിയിരുന്നു. ബംഗാളി നടി ഉന്നയിച്ച വിഷയത്തെക്കുറിച്ച് വന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ മാത്രമേ താന്‍ കേട്ടിട്ടുള്ളുവെന്നും എന്നാല്‍ വിവരം കിട്ടിയാല്‍ രേഖാമൂലം പരാതിയില്ലെങ്കിലും കേസെടുക്കാമെന്നുമായിരുന്നു പി. സതീദേവിയുടെ പ്രതികരണം.

പരാതിക്കാരിക്ക് നിയമപരിരക്ഷ ഏര്‍പ്പെടുത്തണമെന്നും രഞ്ജിത്തിനെതിരായ പരാതിയില്‍ അന്വേഷണം നടത്തി ആരോപണം തെളിയുന്ന പക്ഷം അദ്ദേഹത്തെ പദവിയില്‍ നിന്ന് മാറ്റണമെന്നും സതീദേവി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതേസമയം ആരോപണം നേരിടുന്ന വ്യക്തിയെന്ന നിലയില്‍ രഞ്ജിത്ത് രാജിവെക്കണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടു. രാജി വെക്കാത്ത പക്ഷം നാളെ (ഞായറാഴ്ച) ചലച്ചിത്ര അക്കാദമിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സി.പി.ഐ യുവജന സംഘടനായ എ.ഐ.വൈ.എഫ് അറിയിച്ചു. ആനി രാജ, ബിനോയ് ബിശ്വം എന്നീ നേതാക്കളും രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. മുന്നണിയില്‍ നിന്ന് പോലും സമ്മര്‍ദമുയരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ വെട്ടിലായിരിക്കുകയാണ്.

2009-10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര വെള്ളിയാഴ്ച വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. സംഭവത്തില്‍ ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫിനോട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി വെളിപ്പെടുത്തുകയുണ്ടായി.

Content Highlight: Minister M.B. Rajesh responding to the allegations against the Ranjith, Chairman of the Film Academy

Latest Stories

We use cookies to give you the best possible experience. Learn more