തിരുവനന്തപുരം: ഗെയ്ല്‍ വിവാദവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവനക്കെതിരായ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെ.ടി ജലീല്‍. ചില മുസ്‌ലിം മൗലികവാദികളും മത തീവ്രവാദികളും പിന്നെക്കുറച്ച് ലീഗുകാരും സോഷ്യല്‍ മീഡിയയില്‍ ഉറഞ്ഞ് തുള്ളുന്നത് കണ്ടപ്പോള്‍ ചിരിയാണ് വന്നതെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി തന്നോടുള്ള കുടിപ്പക പ്രതികരണങ്ങളില്‍ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.
ഗെയ്ല്‍ സമരവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവനയെ വിമര്‍ശിക്കാന്‍ 2004 ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എക്‌സ്പ്രസ് ഹൈവെ കരിമണല്‍ ഖനനം എന്നീ വിഷയങ്ങളില്‍ താനെടുത്ത നിലപാടാണ് ചൂണ്ടിക്കാട്ടുന്നതെന്നു പറയുന്ന മന്ത്രി അന്നു താന്‍ സ്വീകരിച്ചിരുന്ന നിലപാട് എന്താണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു.
Also Read: ഐ.എസ് പ്രചാരകരായ ‘ബഹ്‌റൈന്‍ ഗ്രൂപ്പില്‍’ മലയാളികളും; മുജാഹിദ് നേതാവുള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ കേസ്
“2004 കാലത്ത് അന്നത്തെ UDF സര്‍ക്കാരിന്റെ എക്‌സ്പ്രസ് ഹൈവെ, കരിമണല്‍ ഖനനം എന്നീ വിഷയങ്ങളില്‍ ഞാനെടുത്ത നിലപാടാണ് പലരും ചൂണ്ടിക്കാണിച്ചത്. എന്തായിരുന്നു പ്രസ്തുത വിഷയങ്ങളിലുള്ള എന്റെ സമീപനം ? എക്‌സ്പ്രസ് ഹൈവെ വേണ്ടെന്നല്ല ഞാന്‍ പറഞ്ഞത്. റോഡിനായി സ്ഥലമേറ്റെടുക്കുമ്പോള്‍ കുടിയിറക്കപ്പെടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണമെന്നാണ് . ഇത് തന്നെയാണ് അന്നത്തെയും ഇന്നത്തെയും എന്റെ പക്ഷം. നൂറ് മീററര്‍ വീതിയില്‍ ഉണ്ടാക്കുന്ന റോഡ് റെയില്‍വേയെപ്പോലെ കേരളത്തെ വെട്ടിമുറിക്കരുതെന്നും ഞാന്‍ അഭിപ്രായപ്പെട്ടിരുന്നു”, മന്ത്രി പറയുന്നു.
“കരിമണല്‍ ഖനനം കയ്യും കണക്കുമില്ലാതെ സ്വകാര്യ വ്യക്തികള്‍ക്ക് തീറെഴുതിക്കൊടുക്കരുതെന്നാണ് ഞാന്‍ പറഞ്ഞത് . സര്‍ക്കാര്‍ നിയന്ത്രണത്തിലും നിരീക്ഷണത്തിലും മാത്രമേ കരിമണല്‍ എടുക്കാവു. ഇതിലും ഒരു മാററവും വന്നിട്ടില്ല . സംശയമുള്ളവര്‍ അന്നത്തെ പത്രങ്ങള്‍ എടുത്ത് നോക്കുന്നത് നന്നാകും. അതും ഗെയ്‌ലും തമ്മിലുള്ള ബന്ധമെന്താണ് ? വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വീടും ഇടിച്ച് നിരത്തുകയോ ആരെയെങ്കിലും അവരവരുടെ വീടുകളില്‍ നിന്ന് കുടിയിക്കുകയോ ചെയ്യുന്നില്ല.”
“തന്നെയുമല്ല, ലൈന്‍ ഇട്ട് പോകുന്നതിന് ഉടമസ്ഥാവകാശം കൈമാറാതെത്തന്നെ മുഖവിലയുടെ 50 % ഓരോ സ്ഥലമുടമക്കും നല്‍കുകയും ചെയ്യും. മനുഷ്യന് ഭൂമിയുടെ ഉമടമസ്ഥാവകാശമില്ലെന്നും കൈകാര്യകര്‍തൃ ത്വാധികാരമേയുള്ളുവെന്നും വാദിക്കുന്നവര്‍ക്ക് എങ്ങിനെയാണ് പൊതുതാല്‍പര്യം പരിഗണിച്ചാല്‍ ഈ പദ്ധതിയെ എതിര്‍ക്കാന്‍ കഴിയുക ? മുഴുവന്‍ കേരളീയര്‍ക്കും പ്രയോജനകരമായ ഒരു വികസനത്തെ, യഥാര്‍ത്ഥ വിശ്വാസികളാണെങ്കില്‍ ത്യാഗ സന്നദ്ധതയോടെ പിന്തുണക്കുകയല്ലേ വേണ്ടത് ?” മന്ത്രി ചോദിച്ചു.
“ഈ സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരു സാമൂഹ്യ പ്രതിബന്ധതയുമില്ലെന്ന് മാത്രമല്ല , അയല്‍ക്കാരന് വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ സ്വന്തം പുരയിടത്തിന്റെ പതിനഞ്ച് മീറ്റര്‍ ഉയരത്തിലൂടെ ഒരു സര്‍വീസ് വയര്‍ വലിക്കാന്‍ പോലും ഒരിഞ്ച് സ്ഥലം വിട്ടുകൊടുക്കാന്‍ മനസ്സില്ലാത്തവരുമാണെന്ന് ആര്‍ക്കാണറിയാത്തത്? പ്രത്യക്ഷത്തില്‍ വികസനത്തിനെതിരല്ലെന്ന് പറയുകയും എന്നാല്‍ ഒരിക്കലും നടക്കാത്ത അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച്, പുരോഗതിയെ എന്നന്നേക്കുമായി തടസ്സപ്പെടുത്തുകയും ചെയ്യുന്ന കുബുദ്ധികളായ അരാചകവാദികളുടെ കുല്‍സിത ശ്രമം തിരിച്ചറിയപ്പെടാതെ പോകരുത്.”
“സമരമുഖത്ത് വന്ന് ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുന്ന വലതുപക്ഷ നേതാക്കളാണ് ഇപ്പോഴുള്ള അലയ്ന്‍മെന്റ് ഫൈനലൈസ് ചെയ്ത് , തീരുമാനം ഗെയ്‌ലിനെ അറിയിച്ചതെന്ന കാര്യം ആരും മറക്കരുത് . ഇക്കാര്യത്തില്‍ ഒരു പരിധി വരെയെങ്കിലും സത്യസന്ധമായ നിലപാടാണ് മുസ്ലിം ലീഗിലെ നല്ലൊരു ശതമാനം നേതാക്കളും സ്വീകരിക്കുന്നത് ഇത് തീര്‍ത്തും അഭിനന്ദനീയമാണ്”, കെ.ടി ജലീല്‍ വ്യക്തമാക്കി.
“ഗെയ്ല്‍ സമരത്തെ മതവല്‍കരിക്കാന്‍ ശ്രമിച്ചത് പുറത്താരെങ്കിലുമാണൊ? സമര നേതാക്കള്‍ തന്നെയല്ലെ ? ഗെയ്ല്‍ പൈപ്പുകള്‍ കടന്ന് പോകുന്ന സ്ഥലത്ത് കൂട്ടമായി നമസ്‌കരിച്ചവരുടെ ലക്ഷ്യം എന്തായിരുന്നുവെന്നത് വ്യക്തമാണ് . പള്ളി തൊട്ടടുത്തുണ്ടായിരിക്കെ പൊതുസ്ഥലത്ത് നിന്ന് നമസ്‌കരിക്കല്‍ ശരിയല്ലെന്ന് വിശ്വസിക്കുന്നവരാണ് മുസ്ലിങ്ങളിലെ സിംഹഭാഗവും. ഈ സമൂഹ പ്രാര്‍ത്ഥനയില്‍ നിന്നുതന്നെ സമരക്കാര്‍ ആരെന്നത് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും മനസ്സിലാകും.” അദ്ദേഹം പറഞ്ഞു.
പള്ളിയുടെയും വിശ്വാസത്തിന്റെയും പേരു പറഞ്ഞ് വരുന്നവരോട് തനിക്ക് പറയാനുള്ളത് ഈ നാട്ടില്‍ ഇസ്‌ലാമത വിശ്വാസിയായി ജീവിക്കാന്‍ ഒരു മത-രാഷ്ട്രീയത്തമ്പുരാന്റെയും സാക്ഷ്യപത്രം കഴുത്തില്‍ കെട്ടിത്തൂക്കി നടക്കേണ്ട ഗതികേട് ഒരാള്‍ക്കുമില്ലെന്നാണെന്നും അദ്ദേഹം പറഞ്ഞു.
“പള്ളി , മഹല്ല് , കമ്മിറ്റി എന്നൊക്കെ പറഞ്ഞ് പേടിപ്പെടുത്തുന്നവരോട് ഒന്നേ പറയാനുള്ളൂ. ഈ നാട്ടില്‍ ഇസ്‌ലാമത വിശ്വാസിയായി ജീവിക്കാന്‍ ഒരു മത-രാഷ്ട്രീയത്തമ്പുരാന്റെയും സാക്ഷ്യപത്രം കഴുത്തില്‍ കെട്ടിത്തൂക്കി നടക്കേണ്ട ഗതികേട് ഒരാള്‍ക്കുമില്ല. ഏതെങ്കിലും കമ്മിറ്റിക്കാരുടെയോ സംഘടനയുടെയോ തിട്ടൂരം ഒരാപ്പീസില്‍ നിന്നും ഇരന്ന് വാങ്ങി ആരെയും ബോദ്ധ്യപ്പെടുത്തേണ്ട ദുരവസ്ഥയുമില്ല. ഓലപ്പാമ്പുകാട്ടി പേടിപ്പിക്കാന്‍ നോക്കിയാല്‍ വിരണ്ട് പോകുന്നവരുണ്ടാകാം. അവരോടതായിക്കോളു. ഞങ്ങളോട് വേണ്ട.” ജലീല്‍ പറഞ്ഞു.
“മുസ്‌ലിമായി ജീവിക്കാന്‍ തീവ്രവാദികളുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടിവരുന്ന കാലത്ത് അതിനെതിരെയുള്ള പോരാട്ടത്തിലെ വീരമൃത്യുവിന്റെ വഴിയാകും അസഹിഷ്ണുതാ വിരുദ്ധരായ ഈ വിനീതനുള്‍പ്പടെയുള്ള മഹാഭൂരിപക്ഷം വരുന്ന മുസ്ലിം ബഹുജനങ്ങളും തെരഞ്ഞെടുക്കുക” എന്നു പറഞ്ഞാണ് മന്ത്രിയുടെ പോസ്റ്റ് അവസാനിക്കുന്നത്.