|

കർഷകർക്ക് സർക്കാർ നൽകുന്ന വായ്പ അവർ വിവാഹം നടത്താൻ ഉപയോഗിക്കുന്നു: വിവാദ പരാമർശത്തിൽ ഖേദ പ്രകടനവുമായി മഹാരാഷ്ട്ര കൃഷി മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: കർഷകരെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്ത് മഹാരാഷ്ട്ര കൃഷി മന്ത്രി മണിക്‌റാവു കൊകാതെ.

കാർഷിക പദ്ധതികളിൽ നിന്ന് ലഭിക്കുന്ന പണം കർഷകർ ശരിയായ ആവശ്യങ്ങൾക്കായി ചെലവഴിക്കുന്നില്ല, പകരം വിവാഹനിശ്ചയ ചടങ്ങുകൾക്കും വിവാഹങ്ങൾക്കും ഉപയോഗിക്കുന്നുവെന്നുള്ള വിവാദ പരാമർശം കൊകാതെ നടത്തിയിരുന്നു. പരാമർശത്തിന് പിന്നാലെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെ മന്ത്രി മാപ്പപേക്ഷയുമായി എത്തുകയായിരുന്നു.

‘അത് മനപൂർവമല്ലായിരുന്നു. കർഷകർക്ക്എന്റെ പരാമർശത്തിൽ ബുദ്ധിമുട്ട് തോന്നിയെങ്കിൽ, അവരുടെ വികാരങ്ങൾ വ്രണപ്പെട്ടെങ്കിൽ ഞാൻ അവരോട് ക്ഷമ ചോദിക്കുന്നു,’ രാമനവമിയുടെ ഭാഗമായി നാസിക്കിലെ കാലാറാം ക്ഷേത്രം സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു.

കഴിഞ്ഞ എട്ട് ദിവസമായി സംസ്ഥാനത്തുടനീളം കാലം തെറ്റിയ മഴ കാരണം കർഷകർ ദുരിതത്തിലാണെന്നും വിളനാശം വിലയിരുത്തുന്നതിനായി ഉടൻ തന്നെ ‘പഞ്ചനാമ’ (സ്ഥല പരിശോധന) നടത്താൻ സർക്കാർ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘കർഷകർക്ക് സംസ്ഥാന സർക്കാർ തീർച്ചയായും നഷ്ടപരിഹാരം നൽകും. കർഷകരുടെ അഭിവൃദ്ധിക്കും സന്തോഷത്തിനും വേണ്ടി ഞാൻ ശ്രീരാമനോട് പ്രാർത്ഥിച്ചു,’ കൊകാതെ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച നാസിക് ജില്ലയിലെ ഏതാനും ഗ്രാമങ്ങൾ സന്ദർശിക്കുന്നതിനിടെ, വായ്പകൾ പതിവായി തിരിച്ചടയ്ക്കുന്ന കർഷകർരുടെ വായ്പ എഴുതിത്തള്ളാൻ കഴിയുമോ എന്ന് ഒരു കർഷകൻ ചോദിച്ചിരുന്നു. നാസിക് ജില്ലയിൽ, അകാല മഴയും ആലിപ്പഴ വർഷവും മൂലം ഉള്ളി, മുന്തിരി തുടങ്ങിയ വിളകൾ നശിച്ചിരുന്നു. മറുപടിയായി കർഷകരെ അപമാനിക്കുന്ന പരമാർശം നടത്തുകയായിരുന്നു മന്ത്രി.

‘വായ്പ എഴുതിത്തള്ളൽ ലഭിച്ചതിനുശേഷം നിങ്ങൾ പണം എന്തുചെയ്യും? നിങ്ങൾ അത് കൃഷിയിൽ നിക്ഷേപിക്കുമോയെന്ന് മന്ത്രി ചോദിച്ചു.

‘കർഷകർ 5-10 വർഷം കാത്തിരിക്കും, വായ്പ തിരിച്ചടയ്ക്കുന്നില്ല. കൃഷിയിൽ നിക്ഷേപിക്കാൻ സർക്കാർ നിങ്ങൾക്ക് പണം നൽകും. ഈ പണം ജല പൈപ്പ്‌ലൈനുകൾ, ജലസേചനം, ഫാം, കുളങ്ങൾ എന്നിവയ്ക്കാണ്, സർക്കാർ മൂലധന നിക്ഷേപം നടത്തുന്നു. കർഷകർ അത്തരമൊരു നിക്ഷേപം നടത്തുന്നുണ്ടോ? കർഷകർ വിള ഇൻഷുറൻസ് പണം വേണമെന്ന് പറയുന്നു, പക്ഷേ പണം ലഭിച്ചാൽ അത് വിവാഹനിശ്ചയ ചടങ്ങുകൾക്കും വിവാഹങ്ങൾക്കും വേണ്ടി ഉപയോഗിക്കുന്നു,’ കൊകാതെ അവകാശപ്പെട്ടു.

പിന്നാലെ അദ്ദേഹത്തിന്റെ പരാമർശത്തിനെതിരെ വലിയ വിമർശനം ഉയർന്നു. മന്ത്രി കർഷകരെ അപമാനിച്ചുവെന്ന് ആരോപിച്ച സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ഹർഷവർദ്ധൻ സപ്കൽ അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.

‘കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്നതിലൂടെ സർക്കാർ ഒരു ഉപകാരം ചെയ്യുകയാണോ? അത് പൊതുജനങ്ങളുടെ പണമാണ്, മണിക്കറാവു കൊകാതെയുടെ കുടുംബത്തിന്റേതല്ല,’ അദ്ദേഹം പറഞ്ഞു. നാസിക്കിലെ സിന്നാർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എൻ‌.സി‌.പിയുടെ മന്ത്രിയാണ് മണിക്‌റാവു കൊകാതെ.

Content Highlight:  Minister Kokate apologises for his controversial remarks on farmers