| Sunday, 27th October 2019, 9:01 pm

വാളയാര്‍ കേസ്; പ്രതികള്‍ക്ക് വേണ്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഹാജരായത് അന്വേഷിക്കുമെന്ന് കെ.കെ ഷൈലജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വാളയാര്‍ കേസില്‍ പ്രതികള്‍ക്ക് വേണ്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എന്‍ രാജേഷ് ഹാജരായതിനെ തള്ളി സാമൂഹ്യക്ഷേമ മന്ത്രി കെ.കെ ഷൈലജ. ചെയര്‍മാന്‍ ഹാജരായത് തെറ്റാണെന്നും അത് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇത്തരം കേസുകളില്‍ ഹാജരാവാത്ത ആളുകളെയാണ് സി.ഡബ്ല്യൂ.സി ചെയര്‍മാനായി നിയമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടതില്‍ അന്വേഷണ സംഘത്തിനെതിരെ വിമര്‍ശനം ശക്തമായിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം.

കേസില്‍ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ്കുമാറിന് വേണ്ടി ആദ്യം ഹാജരായത് രാജേഷായിരുന്നു. എന്നാല്‍ വിചാരണ വേളയില്‍ ഇദ്ദേഹത്തെ ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനാക്കി. തുടര്‍ന്ന് നടപടി വിവാദമായതോടെ കേസ് മറ്റ് അഭിഭാഷകര്‍ക്ക് കൈമാറുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സാങ്കേതിക കാരണങ്ങളുടെ പേരില്‍ രണ്ടു തവണ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറും മാറിയിരുന്നു. പ്രോസിക്യൂഷന്റെ വാദം മുന്‍കൂട്ടി അറിഞ്ഞ് പ്രതികളെ രക്ഷിക്കാന്‍ രാജേഷ് കൂട്ടു നിന്നെന്നാണ് ശിശുക്ഷേമ സമിതി ചെയര്‍മാനെതിരെ ഉയരുന്ന ആരോപണം.

അതേസമയം, വാളയാര്‍ കേസില്‍ തെളിവ് ലഭിച്ചാല്‍ പുനരന്വേഷണമുണ്ടാവുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ മന്ത്രി എ.കെ ബാലന്‍ പറഞ്ഞിരുന്നു. തെളിവ് ലഭിച്ചാല്‍ പ്രതികളെ വെറുതെവിട്ട നടപടിയില്‍ അന്വേഷണം ഉണ്ടാകുമെന്നാണ് മന്ത്രി പറഞ്ഞത്.

കൂടാതെ കേസിലെ പൊലീസ് അന്വേഷണത്തിലുണ്ടായ വീഴ്ച ഡി.ഐ.ജി അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. ഡി.ഐ.ജിയുടെ റിപ്പോര്‍ട്ടിനു ശേഷം ആവശ്യമെങ്കില്‍ പുനരന്വേഷണം നടത്തും. കേസ് നടത്തിപ്പിലെ വീഴ്ച ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രേസിക്യൂഷന്‍ അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലതാ ജയരാജിനെതിരെ പബ്ലിക് പ്രോസിക്യൂട്ടര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ മൂകസാക്ഷിയായാല്‍ പ്രതിയെ വിട്ടയക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വിനോദ് കായനാട്ട് ഫേസ്ബുക്കില്‍ പറയുകയായിരുന്നു.

പ്രോസിക്യൂട്ടര്‍ എങ്ങനെ കേസ് നടത്തണം എന്നത് അറിയണമെങ്കില്‍ ആദ്യം നല്ലൊരു വക്കീല്‍ ആകണം. കേസ് തോറ്റ ശേഷം പ്രതിഭാഗം വക്കീലിനെ പഴിച്ചിട്ട് കാര്യമില്ലെന്നും വിനോദ് പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് പ്രതികള്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന നിരീക്ഷണത്തില്‍ പാലക്കാട് ഒന്നാം അഡീഷണല്‍ സെഷന്‍സ് പോക്‌സോ കോടതി വാളയാര്‍ കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത്. കോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

We use cookies to give you the best possible experience. Learn more