സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുത്ത് ആരോഗ്യമന്ത്രി കെ.കെ ശൈലജ; ചടങ്ങിനെത്തിയത് സര്‍ക്കാര്‍ പ്രതിധിനിയായെന്ന് വിശദീകരണം
national news
സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുത്ത് ആരോഗ്യമന്ത്രി കെ.കെ ശൈലജ; ചടങ്ങിനെത്തിയത് സര്‍ക്കാര്‍ പ്രതിധിനിയായെന്ന് വിശദീകരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th December 2018, 11:07 am

ഗാന്ധിനഗര്‍: സംഘപരിവാര്‍ പരിപാടിയില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ പങ്കെടുത്തത് വിവാദത്തില്‍. വിജ്ഞാന്‍ ഭാരതി നടത്തിയ വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി പങ്കെടുത്തത്.

ഗുജറാത്ത് സര്‍വകലാശാലയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്നലെയായിരുന്നു പരിപാടി.എക്‌സ് പോ നാട മുറിച്ച് ഉദ്ഘാടനം ചെയ്തതും വേദിയില്‍ കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം വിളക്ക് കൊടുത്തി പരിപാടി ഉദ്ഘാടനം ചെയ്തതും മന്ത്രിയായിരുന്നു.
എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പരിപാടിയില്‍ സര്‍ക്കാര്‍ പ്രതിനിധിയായാണ് താന്‍ പങ്കെടുത്തത് എന്നാണ് മന്ത്രിയുടെ വിശദീകരണം. കേന്ദ്രത്തിന്റെ പരിപാടിയില്‍ ആര്‍.എസ്.എസിനെ പങ്കെടുപ്പിക്കുന്നതില്‍ തനിക്ക് എന്തുചെയ്യാനാകുമെന്നും കെ.കെ ശൈലജ ചോദിക്കുന്നു.

“”വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസ് എന്നത് ആര്‍.എസ്.എസ് വരുന്നതിന് മുന്‍പ് തന്നെ തുടങ്ങിയിട്ടുള്ള പരിപാടിയാണ്. അത് എല്ലാവര്‍ഷവും നടക്കും. ഇത് എട്ടാമത്തെ ആയുര്‍വേദ കോണ്‍ഗ്രസ് ആണ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം അത് കൊല്‍ക്കത്തയിലായിരുന്നു. ഞങ്ങള്‍ എല്ലാവരും പോയിട്ടുണ്ട്. അവിടെ കേരള ഗവര്‍മെന്റിന്റെ ഭാഗമായിട്ടുള്ള സ്റ്റാളുകളും മറ്റും ഉണ്ടായിരുന്നു. തികച്ചും ഔദ്യോഗികമായിട്ടുള്ള ഒരു പരിപാടിയാണ് ഇത്. പക്ഷേ ബി.ജെ.പിയും ആര്‍.എസ്.എസും ഭരിക്കുമ്പോള്‍ അതില്‍ വിജ്ഞാന്‍ ഭാരതിയെ അവര്‍ സഹകരിപ്പിക്കുന്നുണ്ട്. അതിപ്പോള്‍ നമ്മള്‍ എതിര്‍ത്താല്‍ നില്‍ക്കുന്ന കാര്യമല്ല. വേള്‍ഡ് ആയുര്‍വേദ കോണ്‍ഗ്രസ് എന്ന് പറയുന്നത് ഗവര്‍മെന്റിന്റെ പരിപാടിയാണ്. ഞാന്‍ മന്ത്രിയായതിന് ശേഷം മാത്രമേ ഈ പരിപാടിയില്‍ പങ്കെടുത്തിട്ടുള്ളൂ. ഒന്നാമത്തെ ആയുഷ് കോണ്‍ഗ്രസ് നടന്നത് കേരളത്തില്‍ വെച്ചാണ്. തികച്ചും ഔദ്യോഗികമായ ഒരു പരിപാടിയില്‍ തന്നെയാണ് ഞാന്‍ പങ്കെടുത്തത്. പിന്നെ വിജ്ഞാന്‍ ഭാരതിയെ ഇതിന്റെ നടത്തിപ്പിന്റെ ഭാഗമായി കേന്ദ്ര ഗവണ്‍മെന്റ് വെക്കുന്നതില്‍ നമ്മള്‍ ഉത്തരവാദിയല്ല. അങ്ങനെ വെച്ചിട്ടുണ്ടാകാം””- കെ.കെ ശൈലജ പറഞ്ഞു.


യുദ്ധരംഗത്ത് സ്ത്രീകളെ ഇറക്കാം; പക്ഷേ വസ്ത്രംമാറുമ്പോള്‍ ജവാന്‍മാര്‍ ഒളിഞ്ഞുനോക്കുന്നെന്ന് പരാതി പറയരുത്; വിവാദ പ്രസ്താവനയുമായി ആര്‍മി ചീഫ് ബിപിന്‍ റാവത്ത്


ഉദ്ഘാടന ചടങ്ങില്‍ കേന്ദ്രമന്ത്രിമാര്‍ക്കും ഗുജറാത്ത് മുഖ്യമന്ത്രിക്കുമൊപ്പവുമാണ് കെ.കെ ശൈലജ പങ്കെടുത്തത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരേയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അവരാരും പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. കേരളത്തില്‍ നിന്ന് കെ.കെ ശൈലജ മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തത്.

സംഘപരിവാറിന്റെ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കൂട്ടത്തിലാണ് വിജ്ഞാന ഭാരതി ഉള്‍പ്പെടുന്നത്. ഏകല്‍ വിദ്യാലയ, സരസ്വതി ശിശു മന്ദിര്‍, വിദ്യാ ഭാരതി, വിജ്ഞാന ഭാരതി എന്നീ സംഘടനകളാണ് ഇക്കൂട്ടത്തിലുള്ളത്.

നേരത്തെ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തൊഴില്‍മന്ത്രാലയവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രി ഷിബു ബേബി ജോണ്‍ പോയതും അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതും വലിയ വിവാദമായിരുന്നു.