ഒരു മാധ്യമമൊഴികെ മറ്റെല്ലാവരും മാധ്യമധര്‍മം പാലിച്ചു; നിപ സ്ഥിരീകരിച്ചതായി ഇന്നലെ വാര്‍ത്ത നല്‍കിയ മാധ്യമത്തിനെതിരെ ആരോഗ്യമന്ത്രി
കോഴിക്കോട്: എറണാകുളത്ത് ചികിത്സയിലുള്ള വിദ്യാര്‍ത്ഥിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു മാധ്യമത്തിന്റെ വാര്‍ത്തയ്‌ക്കെതിരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ.
ചികിത്സയിലുള്ള വിദ്യാര്‍ത്ഥിക്ക് നിപ തന്നെയാണുള്ള പരിശോധനാ ഫലം ലഭിച്ചെന്ന് പറയാനായി വിളിച്ച വാര്‍ത്താ സമ്മേളനത്തിനിടെയാണ് ‘നിപ സ്ഥിരീകരിച്ചു’ എന്ന രീതിയില്‍ ഇന്നലെ തന്നെ വാര്‍ത്ത നല്‍കിയ മാധ്യമത്തിനെതിരെ ആരോഗ്യമന്ത്രി രംഗത്തെത്തിയത്.
ഒരു മീഡിയ ഒഴികെ മറ്റെല്ലാവരും മാധ്യമധര്‍മം പൂര്‍ണമായും പാലിച്ചെന്നും അച്ചടക്കത്തോടെയാണ് മറ്റെല്ലാ മാധ്യമങ്ങളും ഈ വാര്‍ത്ത നല്‍കിയതെന്നും മന്ത്രി പറഞ്ഞു.
” നിപ സംശയിക്കുന്നതായ വിവരം ഇന്നലെ തന്നെ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ചതാണ്. ഇക്കാര്യത്തില്‍ ഞാന്‍ മാധ്യമങ്ങളെ അഭിനന്ദിക്കുകയാണ്. മിക്കവാറും എല്ലാവരും, ഒരു മീഡിയ ഒഴികെ മാധ്യമധര്‍മം അച്ചടക്കത്തോടെ പൂര്‍ണമായും പാലിച്ചു. ഇന്ന് രാവിലെ ഞാന്‍ കുറച്ച് പത്രങ്ങളൊക്കെ നോക്കി, ടിവിയും നോക്കി. ജനങ്ങള്‍ക്ക് മനസിലാകുന്ന രീതിയില്‍ കാര്യങ്ങള്‍ അവരില്‍ എത്തിക്കാന്‍ വേണ്ടി നിങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ഞാന്‍ ആദ്യം തന്നെ അഭിനന്ദനം പറയുകയാണ്. കാരണം ഇത് ഗൗരവമേറിയ സാഹചര്യമാണ്. എന്നാല്‍ ജനങ്ങള്‍ ആകെ ഭീതിയിലാണ്ട് അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം ബുദ്ധിമുട്ടാകുന്ന രീതിയില്‍ എത്തിക്കേണ്ട ആവശ്യമില്ല. ”- ആരോഗ്യമന്ത്രി പറഞ്ഞു.
ഇന്നലെ തന്നെ നിപയാകാമെന്ന് സംശയിച്ചിരുന്നെന്നും എങ്കിലും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ അത് സ്ഥിതീകരിച്ച് അനൗണ്‍സ് ചെയ്യാന്‍ അധികാരമുള്ളൂ. ഇന്ന് രാവിലെ എന്‍.ഐ.വിയില്‍ നിന്ന് നിപയാണെന്ന് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്.
രണ്ട് ദിവസം മുന്‍പ് നിപയുടെ രോഗലക്ഷണങ്ങളോടെ ഒരാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു എന്ന് സ്വകാര്യ ലാബില്‍ നിന്നുള്ള ഫലം വന്നിരുന്നു. അത് പൂര്‍ണമായിരുന്നില്ല. ചിലത് പോസിറ്റീവ് എന്നും ചിലത് നെഗറ്റീവ് എന്നെല്ലാം കണ്ടു. പൂര്‍ണമായും ശരിയായ റിസള്‍ട്ട് എന്‍.ഐ.വിയില്‍ നിന്ന് വന്നാല്‍ മാത്രമേ നമുക്ക് അത് പൂര്‍ണമായി സ്ഥിരീകരിക്കാന്‍ കഴിയുമായിരുന്നുള്ളൂ. റിസള്‍ട്ട് ഇന്ന് രാവിലെയാണ് വന്നത്.
കോഴിക്കോട് സമാനമായ സാഹചര്യം നേരിടേണ്ടി വന്നതുകൊണ്ട് തന്നെ ഇതിനെ നേരിടാമെന്ന ധൈര്യം ആരോഗ്യവകുപ്പിന് ഉണ്ട്. ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ എല്ലാം ജനങ്ങള്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രി കെ.കെ പറഞ്ഞു.