തിരുവനന്തപുരം: കേരളത്തിലെ ടൂറിസം വികസനത്തിന്റെ കാര്യത്തില്‍ പൈതൃക സംരക്ഷണ പദ്ധതികളുടെ പ്രാധാന്യം തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
തലശ്ശേരി, ആലപ്പുഴ എന്നീ രണ്ട് പൈതൃക സംരക്ഷണ പദ്ധതികള്‍ കൂടി സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
ഇതു കൂടാതെ തെക്കന്‍ കേരളത്തിലെ പൈതൃക സ്മാരകങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് തിരുവിതാംകൂര്‍ പൈതൃകസംരക്ഷണ പദ്ധതി എന്ന പേരില്‍ ഒരു പൈതൃക സംരക്ഷണ പദ്ധതി നടപ്പാക്കാനുള്ള കണ്‍സള്‍ട്ടന്റിനെ തിരഞ്ഞെടുക്കുകയും പദ്ധതി നടപ്പാക്കുന്നതിനുള്ള ഡി.പി.ആര്‍ തയ്യാറാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മാന്നാര്‍-ചെങ്ങന്നൂര്‍-ആറന്മുള പൈതൃക പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയുടെ നടപടിക്രമവും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ 304-ാം ചട്ടപ്രകാരം നിയമസഭ മുമ്പാകെ ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാന്‍ സമര്‍പ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
ചെങ്ങന്നൂരും സമീപ മണ്ഡലമായ ആറന്മുളയിലും ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ ആരാധനാലയങ്ങളും കൊട്ടാരവും, അവിടത്തെ പള്ളിയോടങ്ങളും, പരമ്പരാഗത വ്യവസായം, ആഭരണ ശാലകള്‍ എന്നിവയെല്ലാം സംരക്ഷിച്ച് പരസ്പരം ബന്ധിപ്പിച്ച് കൊണ്ടും ഒരു പൈതൃക ടൂറിസം പദ്ധതി നടപ്പാക്കാനുള്ള സാധ്യത വളരെ ഏറെയാണെന്നും ഇത് സംബന്ധിച്ച് കണ്‍സര്‍വേഷന്‍ ആര്‍കിടെക്റ്റ് ബെന്നി കുര്യാക്കോസ് വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
ഈ രൂപരേഖ ടൂറിസം വകുപ്പ് പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും പദ്ധതി അടിയന്തിരിമായി നടപ്പില്‍ വരുത്തുന്നതിന് നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
ഒരോ നാടിന്റെയും തനത് സാംസ്‌കാരിക പൈതൃക സ്മാരകങ്ങള്‍ സംരക്ഷിച്ചും തനിമ നിലനിര്‍ത്തിയും അത്തരം പൈതൃക കേന്ദ്രങ്ങളെ ടൂറിസം വികസനത്തിന് കൂടി ഉപയോഗിക്കുകയും ചെയ്യുന്ന പൈതൃക ടൂറിസം പദ്ധതിക്ക് ഇന്ന് ലോകമെമ്പാടും വലിയ പ്രാധാന്യമാണുള്ളത്.
നമ്മുടെ നാട്ടില്‍ തന്നെ മുസിരിസ് പൈതൃക സംരക്ഷണ പദ്ധതിയാണ് ഈ രീതിയില്‍ ആദ്യമായി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. തുടര്‍ന്ന് തലശ്ശേരി, ആലപ്പുഴ എന്നീ രണ്ട് പൈതൃക സംരക്ഷണ പദ്ധതികള്‍ കൂടി ഈ സര്‍ക്കാര്‍ നമ്മുടെ സംസ്ഥാനത്ത് ഇപ്പോള്‍ നടപ്പാക്കി വരികയാണെന്നും മന്ത്രി വ്യക്തമാക്കി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Minister Kadakampally Surendran about Tourism Development in Kerala