| Thursday, 14th November 2019, 1:44 pm

സ്ത്രീകള്‍ വന്നാല്‍ ശബരിമല കയറ്റുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍; ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് കടകംപള്ളി സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ പുന:പരിശോധന ഹരജികള്‍ ഏഴംഗ വിശാല ബെഞ്ചിലേക്ക് വിട്ട സുപ്രീംകോടതി തീരുമാനത്തെ സ്വാഗതം ചെയ്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്നാല്‍ സ്ത്രീകള്‍ വന്നാല്‍ ശബരിമല കയറ്റുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം വ്യക്തമായ ഉത്തരം നല്‍കിയില്ല.

ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കരുതെന്നായിരുന്നു കടകംപള്ളിയുടെ മറുപടി. വിധി പഠിച്ച ശേഷം കൂടുതല്‍ പ്രതികരണം ആകാമെന്നും മന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധിയെ ഒരു സംശയവും ഇല്ലാതെ കയ്യും നീട്ടി സ്വീകരിക്കുന്നെന്നും മന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘പ്രതിപക്ഷം രാഷട്രീയ മുതലെടുപ്പിന് ശ്രമിക്കരുത്. അയോധ്യ വിധി മാന്യമായി സ്വീകരിച്ച നാടാണ്. അയോധ്യ വിധി എങ്ങനെ ആണോ സ്വീകരിച്ചത് അതുപോലെ സുപ്രീംകോടതി വിധികളെ കാണാന്‍ കഴിയണം. അല്ലാതെ പ്രകോപനം ഉണ്ടാക്കാനല്ല ശ്രമിക്കേണ്ടതെന്നും’, മന്ത്രി പറഞ്ഞു.

അതേസമയം, 2018 ലെ വിധിയില്‍ സ്റ്റേ ഇല്ലെങ്കിലും ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കേണ്ടതില്ല എന്നാണ് നിലപാടെന്ന് എസ്.എന്‍.ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പോലെ യുവതികളെ ശബരിമലയില്‍ കയറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്ന് എം.പി കെ. മുരളീധരനും അഭിപ്രായപ്പെട്ടിരുന്നു.

പുനഃപരിശോധന ഹരജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി നടപടി സുപ്രീം കോടതി നിലപാട് സ്വാഗതാര്‍ഹമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. വിധിയോടെ യു.ഡി.എഫ് നിലപാട് ശരിയെന്ന് തെളിഞ്ഞെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

‘ആക്ടിവിസ്റ്റുകളെ തെരഞ്ഞ് കണ്ടുപിടിച്ച് സര്‍ക്കാര്‍ ശബരിമല കയറ്റാന്‍ കൊണ്ടുപോയതാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമായത്. സര്‍ക്കാര്‍ ആ നിലപാടില്‍ നിന്ന് പുറകോട്ട് പോയപ്പോള്‍ മാത്രമാണ് നാട്ടില്‍ സമാധാനം ഉണ്ടായത്’ ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്റ്റംബര്‍ 28 ന്റെ വിധി പുനപ്പരിശോധിക്കണമെന്ന ഹരജികള്‍ ഏഴംഗ ഭരണ ഘടന ബെഞ്ചിനു വിട്ടിരുന്നു. ഹരജി പരിഗണിക്കുന്നതുവരെ പഴയ വിധി നിലനില്‍ക്കും. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുന്നുവെന്ന് ജസ്റ്റിസ് നരിമാന്‍ നിര്‍ദേശിച്ചിരുന്നു.

We use cookies to give you the best possible experience. Learn more