കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ സംഭാവന നല്‍കിയ തെന്നിന്ത്യന്‍ താരം പ്രഭാസിനെ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ മാതൃകയാക്കണമെന്ന പരാമര്‍ശത്തില്‍ വ്യക്തത വരുത്തി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ നല്‍കിയത് പ്രഭാസല്ലെന്നും തമിഴ് നടന്‍ രാഘവ ലോറന്‍സാണെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 25 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ച പ്രഭാസിന് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് ഇതില്‍ വ്യക്തത വരുത്തുന്നതെന്നും മന്ത്രി വിശദീകരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഒരു കോടി രൂപ നല്‍കിയത് തമിഴ് നടന്‍ രാഘവ ലോറന്‍സാണ്. കഴിഞ്ഞ ദിവസം പ്രസംഗത്തില്‍ ഞാന്‍ നടത്തിയ പരാമര്‍ശം രാഘവ ലോറന്‍സിനെ കുറിച്ചായിരുന്നു. ആരെയും ചെറുതാക്കി കാണിക്കാനായിരുന്നില്ല ഈ പരാമര്‍ശം. രാഘവ ലോറന്‍സ് എന്ന നടന്‍ കേരളത്തെ ബാധിച്ച പ്രളയ ദുരന്തത്തില്‍ ആശ്വാസവുമായി ഓടിയെത്തിയതിനെ കുറിച്ചാണ് പറഞ്ഞത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ച പ്രഭാസിന് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് ഇതില്‍ വ്യക്തത വരുത്തുന്നത്. തമിഴ് നാട്ടിലെ കോണ്‍ഗ്രസ് യൂണിയന്റെ നേതൃത്വത്തില്‍ ടി.വി.എസ് കമ്പനിയിലെ ബ്രേക്ക് ഇന്ത്യാ ലിമിറ്റഡിലെ തൊഴിലാളികള്‍ ഒരു കോടി എണ്‍പത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതും അതേ വേദിയില്‍ ഞാന്‍ പറഞ്ഞിരുന്നു.
Read: പശുവിനെ പാടത്ത് ഉപേക്ഷിച്ചതിന് 70 വയസ്സുകാരനെ തല്ലിച്ചതച്ചു
ഇത് ഇവിടത്തെ തൊഴിലാളി സംഘടനകളും മാതൃകയാക്കണമെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ഒരു കോടി രൂപ നല്‍കിയ അന്യഭാഷാ നടനെ കുറിച്ച് സംസാരിച്ചത്. ആരെന്നതല്ല ആ സന്മനസിനെ അഭിനന്ദിക്കുക എന്നത് മാത്രമായിരുന്നു ആ പരാമര്‍ശത്തില്‍ ഉദ്ദേശിച്ചത്. അതില്‍ വിവാദത്തിന് താല്‍പര്യമില്ല. കേരളത്തിന്റെ അതിജീവനത്തിനായി കൈ കോര്‍ക്കുന്നവരുടെയെല്ലാം മനസിന് നന്ദി പറയുന്നു.