| Sunday, 4th November 2018, 12:20 pm

ലീഗുകാരില്‍ നിന്നും വായ്പകള്‍ തിരിച്ചുപിടിക്കാന്‍ തുടങ്ങിയതാണ് വിവാദത്തിനു കാരണം; ബന്ധുനിയമന വിവാദത്തെ തള്ളി കെ.ടി ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെ.ടി ജലീല്‍. യോഗ്യതയുള്ളവര്‍ എത്താത്തത് കൊണ്ടാണ് സര്‍ക്കാര്‍ നേരിട്ട് നിയമനം നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ജനറല്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തിയത് പത്ര പരസ്യം നല്‍കിയാണെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

“എല്ലാ പ്രധാന പത്രങ്ങളിലും പരസ്യം നല്‍കിയിരുന്നു. ചന്ദ്രികയിലും ഇതുമായി ബന്ധപ്പെട്ട് പരസ്യം നല്‍കിയിട്ടുണ്ട്. ഫിറോസ് ചന്ദ്രിക വായിക്കുന്നതു കൊണ്ടാണ് ചന്ദ്രികയുടെ പേര് എടുത്തു പറഞ്ഞത്. ചുരുങ്ങിയ പക്ഷം ചന്ദ്രികയെങ്കിലും യൂത്ത് ലീഗുകാര്‍ വായിക്കണം. യൂത്ത് ലീഗ് കാര്യബോധമില്ലാത്തതു കൊണ്ടാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും” മന്ത്രി പറഞ്ഞു.


ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ വായ്പകള്‍ തിരിച്ചു പിടിക്കാനാണ് ജനറല്‍ മാനേജറെ നിയമിച്ചത്. വായ്പകള്‍ തിരിച്ചടക്കാത്തത് ഭൂരിഭാഗവും ലീഗുകാരാണ്. ഇതു തിരിച്ചു പിടിക്കാന്‍ തുടങ്ങിയതോടെയാണ് ആരോപണം ഉന്നയിക്കാന്‍ തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു.

ഇന്ന് ബാങ്കിംഗ് സെക്ടറില്‍ ബി.ടെക് ഡിഗ്രി സര്‍വ സാധാരണമാണ്. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ വരെ ബി.ടെകുകാരനാണ്. സിവില്‍ സര്‍വീസില്‍ ഇരിക്കുന്ന പലരും ബി.ടെകുകാരാണെന്നും മന്ത്രി പറഞ്ഞു.


ഏഴുപേരാണ് നിയമനത്തിനായി അപേക്ഷ നല്‍കിയത്. ഇതില്‍ മൂന്ന് പേരാണ് അഭിമുഖത്തിനെത്തിയത്. ഇവര്‍ക്കാര്‍ക്കും തന്നെ യോഗ്യയില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിലേക്ക് നീങ്ങുകയായിരുന്നു. ഡെപ്യൂട്ടേഷന്‍ നിയമനത്തില്‍ സര്‍ക്കാറിന് ഉചിതമായ തീരുമാനമെടുക്കാന്‍ അവകാശമുണ്ട്. കെ.എസ്.എസ്.ആര്‍ 1958 9 ബി വകുപ്പ് പ്രകാരമാണ് ഡപ്യൂട്ടേഷന്‍ നിയമനം നടത്തിയതെന്നും ജലീല്‍ വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more