ഞാന്‍ തരുന്ന പൈസക്ക് അയിത്തമില്ല, എനിക്ക് അയിത്തമുണ്ട്; ക്ഷേത്രോദ്ഘാടനത്തില്‍ ജാതി വിവേചനം നേരിട്ടെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍
Kerala News
ഞാന്‍ തരുന്ന പൈസക്ക് അയിത്തമില്ല, എനിക്ക് അയിത്തമുണ്ട്; ക്ഷേത്രോദ്ഘാടനത്തില്‍ ജാതി വിവേചനം നേരിട്ടെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th September 2023, 6:47 pm

കോഴിക്കോട്: ക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ താന്‍ ജാതിവിവേചനം നേരിട്ടു എന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍. ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ താന്‍ ജാതിയുടെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ടു എന്നും മന്ത്രി പറഞ്ഞു.

കോട്ടയത്ത് ഇന്നലെ നടന്ന ഭാരതീയ വേലന്‍ സൊസൈറ്റിയുടെ സമ്മളേനത്തിലാണ് മന്ത്രി തനിക്ക് നേരിട്ട ജാതി വിവേചനത്തെ കുറിച്ച് തുറന്നു പറഞ്ഞത്. അതേ വേദിയില്‍ വെച്ച് അവര്‍ക്ക് മറുപടി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

‘ മാസങ്ങള്‍ക്ക് മുമ്പ് ഞാനൊരു ക്ഷേത്രത്തില്‍ ഒരു പരിപാടിക്ക് പോയി. ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ആ ക്ഷേത്രത്തിലെത്തിയത്. അവിടെ വിളക്ക് കത്തിക്കാനുണ്ടായിരുന്നു. പൂജാരി വിളക്കുമായി വരുന്നത് ഞാന്‍ കണ്ടു. ഞാന്‍ കരുതിയത് വിളക്ക് കത്തിക്കാന്‍ വേണ്ടി എനിക്ക് തരാന്‍ വരുന്നതാണ് എന്നാണ്.

പക്ഷെ അദ്ദേഹം വിളക്ക് എനിക്ക് തന്നില്ല. ആദ്യം അദ്ദേഹം കത്തിച്ചു. ആചാരത്തിന്റെ ഭാഗമായിട്ടാകും ആദ്യം അദ്ദേഹം കത്തിച്ചത് എന്നാണ് ഞാന്‍ കരുതിയത്. ആചാരത്തെ തൊട്ടുകളിക്കേണ്ട എന്ന് കരുതി ഞാന്‍ മാറിനിന്നു. അതിന് ശേഷം അവിടുത്തെ സഹപൂജാരിക്ക് വിളിക്ക് നല്‍കുകയും അദ്ദേഹം കത്തിക്കുകയും ചെയ്തു. അടുത്തത് എനിക്ക് തരുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അദ്ദേഹം എനിക്ക് വിളക്ക് തന്നില്ല, പകരം നിലത്ത് വെച്ചു.

ഞാന്‍ എടുത്ത് കത്തിക്കട്ടെ എന്നാണ് അവര്‍ കരുതിയത്. ഞാന്‍ കത്തിക്കണോ, എടുക്കണോ? പോയി പണിനോക്കാന്‍ പറഞ്ഞു. പണിനോക്കാന്‍ പറയുക മാത്രമല്ല, അപ്പോള്‍ തന്നെ ആ വേദിയിയില്‍ ഞാന്‍ അതിനുള്ള മറുപടി നല്‍കി. ഞാന്‍ തരുന്ന പൈസക്ക് നിങ്ങള്‍ക്ക് അയിത്തമില്ല. എനിക്ക് അയിത്തം കല്‍പിക്കുന്നു. ഏത് പാവപ്പെട്ടവനും നല്‍കുന്ന പൈസക്ക് അവിടെ അയിത്തമില്ല. ആ പൂജാരിയെ ഇരുത്തിക്കൊണ്ട് തന്നെ ഞാന്‍ മറുപടി നല്‍കി,’ മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

content highlights: Minister K.Radhakrishnan said that he faced caste discrimination in the inauguration of the temple.