തിരുവനന്തപുരം: സംസ്ഥാന രേഖകളില്‍ നിന്ന് ‘കോളനി’ എന്ന പദം ഒഴിവാക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. പ്രഖ്യാപനത്തിന് പിന്നാലെ സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. കോളനി എന്ന വാക്കിന് പകരം നഗര്‍, ഉന്നതി, പ്രകൃതി തുടങ്ങിയ വാചകങ്ങള്‍ ഉപയോഗിക്കണമെന്നാണ് ഉത്തരവ്.
കോളനി എന്ന പദം അടിമത്വത്തെ സൂചിപ്പിക്കുന്ന ഒന്നാണ്. ഈ വാക്ക് ഉപയോഗിക്കുന്നതില്‍ പലര്‍ക്കും അപകര്‍ഷതാബോധം ഉണ്ട്. നിലവിലുള്ള എല്ലാ കോളനികളുടെയും പേരുകള്‍ ഉടനെ മാറ്റണമെന്നും മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.
അതാത് പ്രദേശങ്ങള്‍ക്ക് പേര് നല്‍കുന്നതില്‍ അവിടുത്തെ ജനങ്ങളുടെ താത്പര്യവും നിര്‍ദേശങ്ങളും സര്‍ക്കാര്‍ വിലയിരുത്തും. പ്രദേശവാസികളുടെ നിര്‍ദേശങ്ങള്‍ വിലയിരുത്താന്‍ പിന്നോക്ക വകുപ്പ് സജ്ജമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തികളുടെ പേരുകള്‍ പ്രദേശങ്ങള്‍ക്ക് നല്‍കുന്ന രീതി പരമാവധി ഒഴിവാക്കണമെന്നും മന്ത്രി കെ. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
മന്ത്രിസ്ഥാനം രാജിവെക്കുന്നതിന് മുന്നോടിയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ചൊവ്വാഴ്ച മൂന്ന് മണിയോടെ ക്ലിഫ് ഹൗസിലെത്തിയിലാണ് കെ. രാധാകൃഷ്ണന്‍ രാജിവെച്ചത്.
ചേലക്കരയില്‍ നിന്ന് നിയമസഭയിലേക്കെത്തിയെ അദ്ദേഹം, ആലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജി. തന്നാല്‍ ആവുന്നതെല്ലാം ചെയ്തുവെന്നും സംതൃപ്തിയോടെയാണ് മടങ്ങുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
രാജിവെക്കുന്നതിന് മുന്നോടിയായുള്ള കെ. രാധാകൃഷ്ണന്റെ അവസാനത്തെ ഔദ്യോഗിക തീരുമാനം കൂടിയായിരുന്നു ഇത്. കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക ഇടതു എം.പി കൂടിയാണ് അദ്ദേഹം. സിറ്റിങ് എം.പിയായിരുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ പരാജയപ്പെടുത്തിയാണ് കെ. രാധാകൃഷ്‌ണൻ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
Content Highlight: Minister K. Radhakrishnan said that the word ‘colony’ will be removed from the state documents