[share]
[]കൊച്ചി: അമൃതാനന്ദമയിയെ ന്യായീകരിച്ച് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് രംഗത്ത്. അമ്മയെ അറിയുന്നവര്‍ അമ്മക്കെതിരായ അപവാദം അവജ്ഞയോടെ തള്ളിക്കളയുമെന്നും മന്ത്രി പറഞ്ഞു.
കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇബ്രാഹിം കുഞ്ഞ്.
മാതാ അമൃതാനന്ദമയിയ്‌ക്കെതിരായ ആരോപണം വലിയ വിവാദമായ അവസരത്തില്‍ “അമ്മ”യെ ന്യായീകരിച്ചുകൊണ്ട് ലീഗിന്റെ തന്നെ മുതിര്‍ന്ന ഒരു നേതാവ് രംഗത്തെത്തിയതില്‍ മുസ്‌ലീം ലീഗ് മറുപടി പറയേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് ഇബ്രാഹിം കുഞ്ഞ്. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി കളമശ്ശേരി മണ്ഡലത്തില്‍നിന്നും 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചാണ് ഇബ്രാഹിം കുഞ്ഞ് മന്ത്രിയായത്.
കഴിഞ്ഞ യു.ഡി.എഫ് മന്ത്രി സഭയിലും മന്ത്രിയായിരുന്നു.
ഗെയില്‍ ട്രെഡ് വെല്ലിന്റെ വെളിപ്പെടുത്തല്‍ വിഷയത്തില്‍ അമൃതാനന്ദമയി ആശ്രമത്തെ പിന്തുണച്ച് കൊണ്ട് കഴിഞ്ഞ ദിവസം കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ രംഗത്തെത്തിയിരുന്നു.
ആരോപണത്തിനെതിരെ അമൃതാനന്ദമയി ആശ്രമം നല്‍കിയ വിശദീകരണം അവിശ്വസിക്കേണ്ട കാര്യമില്ലെന്നായിരുന്നു സുധീരന്റെ പ്രസ്താവന. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമില്ലെന്നും സുധീരന്‍ പറഞ്ഞു.
എന്നാല്‍ ഏതാനും മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ അമൃതാനന്ദമയിമഠത്തെ ഞാന്‍ പിന്തുണച്ചു എന്ന പേരിലുള്ള വാര്‍ത്തകള്‍ ശരിയല്ല എന്ന് സുധീരന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടു.
നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മഠവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് സ്റ്റാറ്റസ് നീക്കം ചെയ്തിരുന്നു. മഠത്തിന്റെ സേവനങ്ങള്‍ വിസ്മരിക്കരിക്കരുതെന്ന ഫെസ്ബുക്ക് പോസ്റ്റാണ് ജനവികാരം എതിരായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിന്‍വലിച്ചത്.
മറുപടിയായി വന്ന കമന്റുകളില്‍ ഭൂരിഭാഗം പേരും പോസ്റ്റിനെതിരെ രംഗത്തെത്തിയതോടെയാണ് മുഖ്യമന്ത്രി പോസ്റ്റ് പിന്‍വലിക്കാന്‍ തയ്യാറായത്.
അതേസമയം അമൃതാനന്ദമയീ മഠത്തിനെതിരെ തന്റെ ശക്തമായ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് യുവ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ വി.ടി ബല്‍റാം.