സമരങ്ങളിലൂടെ വെടിവെയ്പ്പ് ഉണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്; വയല്‍ക്കിളികളെ ജനങ്ങള്‍ കൈകാര്യം ചെയ്യും: ജി. സുധാകരന്‍
Kerala
സമരങ്ങളിലൂടെ വെടിവെയ്പ്പ് ഉണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്; വയല്‍ക്കിളികളെ ജനങ്ങള്‍ കൈകാര്യം ചെയ്യും: ജി. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th March 2018, 8:34 am

ചേര്‍ത്തല: കീഴാറ്റൂരില്‍ സമരം നടത്തുന്ന വയല്‍ക്കിളികള്‍ക്കെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. തളിപ്പറമ്പില്‍ ദേശീയ പാത നിര്‍മ്മാണം തടയുന്ന വയല്‍ക്കിളികള്‍ക്ക് പിന്നില്‍ വികസനവിരുദ്ധരാണെന്നും സമരങ്ങളിലൂടെ വെടിവെയ്പ്പ് സൃഷ്ടിക്കുന്നതിനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരക്കാരെ ജനങ്ങള്‍ തന്നെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ചേര്‍ത്തലയില്‍ ദേശീയപാത നിലവാരത്തില്‍ നിര്‍മ്മിച്ച പതിനൊന്നാം മൈല്‍ -മുട്ടത്തിപ്പറമ്പ് റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമരക്കാരുമായി തുടക്കത്തില്‍ തന്നെ സ്ഥലം സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയതാണ്. ഇതേ തുടര്‍ന്ന് ദേശീയപാത നിര്‍മ്മിക്കാന്‍ മറ്റൊരു അലൈന്‍മെന്റ് വിദഗ്ദസംഘം നിര്‍ദ്ദേശിച്ചതാണ്. പക്ഷേ അതും അംഗീകരിക്കാന്‍ സമരക്കാര്‍ തയ്യാറായില്ല. ഇതോടെ വയല്‍കിളികളുടെ പ്രശ്‌നം വേറെയാണെന്ന് മനസ്സിലായി.


Read Also: എം. സുകുമാരന്റെ വിയോഗം കേരളത്തിന്റെ സാഹിത്യ-സാംസ്‌കാരിക രംഗങ്ങള്‍ക്ക് കനത്ത നഷ്ടമെന്ന് പിണറായി വിജയന്‍


സംസ്ഥാനത്തിനും സംസ്ഥാനത്തിന്റെ വികസനത്തിനും എതിരായ നീക്കങ്ങളെ പിന്തുണക്കുന്ന മാധ്യമങ്ങള്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശരിയായ വിമര്‍ശനങ്ങളെ സര്‍ക്കാര്‍ അംഗീകരിക്കും, എന്നാല്‍ സ്ഥാപിത താല്‍പര്യത്തോടെയുള്ള നീക്കങ്ങളെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.