ആലപ്പുഴ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പന്തളം കൊട്ടാരം നിര്‍വാഹക സംഘത്തിനെതിരേയും തിരുവിതാംകൂര്‍ രാജകുടുംബത്തിനെതിരേയും രൂക്ഷ വിമര്‍ശനവുമായി മന്ത്രി സുധാകരന്‍.
തിരുവിതാംകൂര്‍ മഹാറാണി എന്നൊരു പദവിയില്ലെന്നും ഇപ്പോള്‍ രാജകുടുംബവുമില്ലെന്നും മുന്‍ രാജകുടുംബം എന്നു വേണമെങ്കില്‍ പറയാമെന്നും മന്ത്രി പറഞ്ഞു.
പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് ശശികുമാര്‍ വര്‍മ്മ മുന്‍ എസ്.എഫ്.ഐക്കാരനാണ്. കൊട്ടാരം പ്രതിനിധി എന്നത് സര്‍ക്കാര്‍ പദവിയൊന്നുമല്ല. പാര്‍ട്ടിയുടെ ഉപ്പും ചോറും തിന്നിട്ട് ഇപ്പോള്‍ സര്‍ക്കാരിനെ ആക്ഷേപിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.
അസംബന്ധം വിളിച്ചുപറയാന്‍ ആരാണ് ഇയാള്‍ക്ക് ലൈസന്‍സ് കൊടുത്തതെന്നും സുധാകരന്‍ ചോദിച്ചു. “പൂജക്ക് സ്ത്രീപുരുഷ വ്യത്യാസമില്ല. എന്തിനാണ് ഈ കോലാഹലങ്ങള്‍, ഇതിന്റെ പേരില്‍ ആര്‍ക്കെങ്കിലും കൂടുതല്‍ വോട്ട് കിട്ടുമോ. കോടതിവിധി ഉണ്ടായിട്ടും ശബരിമലയില്‍ പോകാന്‍ ഇഷ്ടമില്ലാത്തവര്‍ പോകേണ്ടെന്നും” മന്ത്രി പറഞ്ഞു.
ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ പന്തളം മുന്‍രാജകുടുംബം രംഗത്ത് വന്നിരുന്നു. വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.