Sabarimala women entry
ജാതി പിശാചിന്റെ ആള്‍രൂപമാണ് തന്ത്രി; നാണമുണ്ടെങ്കില്‍ ഇറങ്ങിപ്പോകണമെന്ന് ജി. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 05, 05:18 am
Saturday, 5th January 2019, 10:48 am

തിരുവനന്തപുരം: ശബരിമല തന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ജി സുധാകരന്‍. തന്ത്രി ബ്രാഹ്മണന്‍ അല്ല ബ്രാഹ്മണ രാക്ഷസനാണെന്നും ശബരിമല നട പൂട്ടിപോകും എന്ന് പറയാന്‍ തന്ത്രിക്ക് എന്തധികാരമാണുള്ളതെന്നും മന്ത്രി ജി. സുധാകരന്‍ ചോദിച്ചു.

ജാതിപിശാചിന്റെ പ്രതീകമാണ് തന്ത്രി. അദ്ദേഹം ബ്രാഹ്മണനല്ല ബ്രാഹ്മണ രാക്ഷസനാണ്. ബ്രാഹ്മണന്‍ രാക്ഷസനായാല്‍ ഏറ്റവും ഭീകരമായിരിക്കും.

തന്ത്രിക്ക് അയ്യപ്പനോട് ബഹുമാനമില്ല. അയ്യപ്പന്റെ കൃപകൊണ്ടാണ് അന്നം കഴിക്കുന്നതെന്ന് ഓര്‍മ്മയില്ല. സ്ത്രീകള്‍ കയറിയാല്‍ പൂട്ടിയിട്ട് പാട്ടിന് പോകുമെന്നാണ് പറഞ്ഞത്. ഇത് എന്ത് സംസ്‌ക്കാരമാണ്. ഇതിനെയൊക്കെയാണോ ബഹുമാനിക്കേണ്ടത്. മനുഷ്യത്വമില്ലാത്ത ആളാണ് തന്ത്രി.


ശബരിമലയില്‍ ശുദ്ധിക്രിയ നടത്തുന്നില്ലെന്ന് തന്ത്രി


അദ്ദേഹം ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്ന് സി.പി.ഐ.എം പറഞ്ഞാല്‍ നാണമുണ്ടെങ്കില്‍ ഇറങ്ങിപ്പോകണ്ടേ, എന്താണ് ഇറങ്ങിപ്പോകാത്തത്? മുഖ്യമന്ത്രിയാണ്പറഞ്ഞത്. എന്നിട്ടും എന്താണ് ഇറങ്ങിപ്പോകാത്തത്. ഇറങ്ങിപ്പോകില്ല. കാരണം ആ സ്ഥാനത്തിരുന്നാല്‍ ഉണ്ടാകുന്ന ഗുണം അദ്ദേഹത്തിന് അറിയാം.

ബ്രാഹ്മണ മേധാവിത്തത്തിന്റെ വീഴ്ചയുടെ ആരംഭമാണിത്. ഒരു സഹോദരി കയറിയപ്പോള്‍ ശുദ്ധികലശം നടത്തിയ തന്ത്രി ഒരു മനുഷ്യനാണോ?. തന്ത്രി സ്ഥാനം പിന്‍വലിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. എന്നാല്‍ ശബരിമലയില്‍ നിന്നും തന്ത്രിയെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു. ക്ഷേത്രങ്ങളിലെല്ലാം എല്ലാ സമുദായക്കാരും കയറാന്‍ പോകുകയാണ്. നിങ്ങള്‍ കണ്ടോ- ജി. സുധാകരന്‍ പറഞ്ഞു.

നേരത്തെയും തന്ത്രിക്കെതിരെ ജി സുധാകരന്‍ രംഗത്തെത്തിയിരുന്നു. തന്ത്രിക്ക് നട അടയ്ക്കുമെന്ന് പറയാന്‍ അധികാരമില്ലെന്നും. ബ്രാഹ്മണ മേധാവിത്വം ഇവിടെ വിലപോവില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.