| Wednesday, 7th March 2018, 12:15 am

'കൊടുക്കാത്ത കരാര്‍ ചോദിച്ചു വാങ്ങാന്‍ ശ്രീധരന് എന്തധികാരം?'; ലൈറ്റ് മെട്രോ പദ്ധതിയ്ക്ക് ഇ. ശ്രീധരന്‍ ഇല്ലെങ്കില്‍ പ്രശ്‌നമില്ലെന്ന് മന്ത്രി ജി. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലൈറ്റ് മെട്രോ വിഷയത്തില്‍ മെട്രോമാന്‍ ഇ. ശ്രീധരനെതിരെ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരന്‍ രംഗത്ത്. ലൈറ്റ് മെട്രോകള്‍ നടപ്പാക്കാന്‍ ഇ. ശ്രീധരനും ഡി.എം.ആര്‍.സിയും ഇല്ലെങ്കില്‍ ഒരു പ്രശ്‌നവുമില്ലെന്നാണ് മന്ത്രി പറഞ്ഞതെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

സല്‍പ്പേരുണ്ടെന്നു കരുതി സര്‍ക്കാറിനെതിരെ യുദ്ധം ചെയ്യാന്‍ വരേണ്ട. കൊടുക്കാത്ത കരാര്‍ ചോദിച്ചു വാങ്ങാന്‍ ശ്രീധരന് എന്തധികാരമാണെന്നും മന്ത്രി ജി. സുധാകരന്‍ ചോദിച്ചു. ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്നും ഡി.എം.ആര്‍.സി പിന്മാറുന്നത് കടുത്ത നിരാശയോടെയാണെന്ന് ഇ. ശ്രീധരന്‍ നേരത്തേ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഒന്നും ചെയ്യാത്തത് തന്നെ ഞെട്ടിച്ചുവെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു.

അതേസമയം ഇ. ശ്രീധരനെ ഒഴിവാക്കുന്നത് അഴിമതിയ്ക്ക് കളമൊരുക്കാനാണെന്ന് ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന്‍ ആരോപിച്ചു. ശ്രീധരനെ ഒഴിവാക്കിയ സംസ്ഥാന സര്‍ക്കാര്‍ തങ്ങള്‍ക്കു താല്‍പര്യമുള്ള കമ്പനിയെ കൊണ്ടുവരാനാണു ശ്രമിക്കുന്നത്. ഇഷ്ടക്കാരായ കമ്പനിക്കു ലൈറ്റ് മെട്രോയുടെ നിര്‍മാണം നല്‍കാനും അഴിമതിക്കു കളമൊരുക്കാനുമുള്ള നീക്കത്തില്‍ നിന്നു സര്‍ക്കാര്‍ പിന്മാറണം. കേരളത്തിനുശേഷം ലൈറ്റ് മെട്രോയ്ക്ക് അപേക്ഷ നല്‍കിയ ലക്നൗവില്‍ ട്രെയിന്‍ ഓടിത്തുടങ്ങിയെന്നും മുരളീധരന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more