| Saturday, 15th April 2017, 7:33 pm

'അതിരപ്പിള്ളിയുടെ കാര്യത്തില്‍ ഉണ്ടായത് അറക്കുന്നതിന് മുന്‍പേ പിടയ്ക്കുന്ന സമീപനം'; എല്ലാവരും പറഞ്ഞാല്‍ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുമെന്നും എം.എം മണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇരിട്ടി, കണ്ണൂര്‍: അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ ഉണ്ടായത് “അറക്കുന്നതിന് മുന്‍പേ പിടയ്ക്കുന്ന” സമീപനമാണെന്ന് വൈദ്യുതവകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു. പേരാവൂര്‍ നിയോജക മണ്ഡലം സമ്പൂര്‍ണ്ണ വൈദ്യുതീകരണം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും പറഞ്ഞാല്‍ അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്നും മണി പറഞ്ഞു.

അതിരപ്പിള്ളി വൈദ്യുത പദ്ധതി നടപ്പിലാക്കുമെന്ന് കര്‍ക്കശമായി താന്‍ എവിടേയും പറഞ്ഞിട്ടില്ല. നിയമസഭയില്‍ പറഞ്ഞത് അഭിപ്രായ സമന്വയം ഉണ്ടെങ്കില്‍ പദ്ധതി നടപ്പാക്കാമെന്നാണ്. അപ്പൊഴേ പിടയ്ക്കാന്‍ തുടങ്ങി. അറക്കുമ്പോഴല്ലേ പിടയ്ക്കല്‍ ആവശ്യുമുള്ളുവെന്നും അദ്ദേഹം ചോദിച്ചു.


Also Read: ‘തര്‍ക്കിക്കാതിരിക്കുന്നതാണ് നല്ലത്’; വിവാദങ്ങള്‍ക്ക് വിരാമമില്ല; പ്രിയദര്‍ശനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് സംവിധായകന്‍ എ.ആര്‍ മുരുകദോസ്


അതിരപ്പിള്ളി വെളഅളച്ചാട്ടത്തിന് 6.07 കിലോമീറ്റര്‍ മുകളിലായാണ് നിര്‍ദ്ദിഷ്ട പദ്ധതിയ്ക്കായുള്ള അണക്കെട്ട് നിര്‍മ്മിക്കുക. 936 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ നിന്ന് 163 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുക. 23 മീറ്റര്‍ ഉയരമുള്ള ഡാമില്‍ നിന്നുള്ള വെള്ളം വൈദ്യുതോല്‍പ്പാദനത്തിന് ശേഷം അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 1.8 കിലോമീറ്റര്‍ താഴെ ചാലക്കുടിപ്പുഴയിലേക്ക് തന്നെ എത്തും.

നേരത്തേ കാടിനേക്കാളും വലുത് വൈദ്യുതി തന്നെയാണെന്ന് എം.എം മണി പറഞ്ഞിരുന്നു. വനം നഷ്ടപ്പെടുമെന്ന് പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ലെന്നും അതിരപ്പിള്ളി പദ്ധതിയില്‍ നിന്ന് പുറകോട്ടില്ലെന്നും അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more