| Thursday, 3rd January 2019, 5:11 pm

അക്രമങ്ങള്‍ പുറംലോകം അറിയാതിരിക്കാനാണ് സംഘപരിവാര്‍ മാധ്യമങ്ങളെ ആക്രമിക്കുന്നത്; കര്‍ശന നടപടിയെന്ന് ഇ.പി ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി ഇ.പി ജയരാജന്‍. ക്രിമിനല്‍ സംഘം നടത്തുന്ന അക്രമങ്ങള്‍ പുറംലോകം അറിയാതിരിക്കാനാണ് സംഘപരിവാര്‍ മാധ്യമങ്ങളെ ആക്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംഘപരിവാര്‍ ആക്രമണത്തില്‍ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി.

“മാധ്യമങ്ങളിലൂടെ അക്രമികളെ കണ്ടെത്താമെന്നിരിക്കെ മാധ്യമങ്ങളെ ആക്രമിച്ചാല്‍ സുരക്ഷിതമാകുമെന്നാണ് അവര്‍ കരുതുന്നത്. മാധ്യമങ്ങള്‍ക്കെതിരായ അക്രമം അനുവദിക്കില്ലെന്നും” അദ്ദേഹം വ്യക്തമാക്കി.


ആര്‍.എസ്.എസ്, സംഘപരിവാര്‍ ഭീകര സംഘടനയാണെന്നും മന്ത്രി പറഞ്ഞു. “സാധാരണ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയല്ല അത്. കൊട്ടേഷന്‍ കൊലപാതക സംഘങ്ങളാണ്. ആ സംഘത്തെ ഉപയോഗിച്ച് കൊള്ളയും കൊലയും നടത്തുകയാണ്. നിരവധി കടകള്‍ കൊള്ളയടിച്ചു. രണ്ട് സ്ത്രീകള്‍ ശബരിമലയില്‍ കയറിയതിനാണ് ഹര്‍ത്താലെന്നും” മന്ത്രി പറഞ്ഞു.

“അവര്‍ ആശുപത്രികള്‍ പോലും ആക്രമിച്ചു. സാമാന്യ ബുദ്ധിയുള്ളവര്‍ ആശുപത്രികള്‍ക്ക് നേരെ ആക്രമണം നടത്തുമോ? അവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും” മന്ത്രി വ്യക്തമാക്കി.

ഹര്‍ത്താലില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് അക്രമികള്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്. സ്ഥലത്തുള്ള പന്തലുകളും സി.പി.ഐ.എമ്മിന്റെ ഫ്‌ളക്‌സുകളും തല്ലിത്തകര്‍ക്കുന്ന ദൃശ്യങ്ങളെടുക്കവെ ഏഷ്യാനെറ്റ് ക്യാമറാമാന്‍ ബൈജു വി മാത്യുവിനെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലുകയായിരുന്നു.


ന്യൂസ് 18 ഉള്‍പ്പെടെയുള്ള ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായി. പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രകടനക്കാര്‍ തിരിഞ്ഞത്. തിരുവനന്തപുരം പുളിമൂട് ജംഗ്ഷനടുത്ത് വച്ച് മാര്‍ച്ച് നടത്തുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറുണ്ടായെന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.

ഫോട്ടോ കടപ്പാട്: ഏഷ്യാനെറ്റ്

We use cookies to give you the best possible experience. Learn more