സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനേയും സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കി മന്ത്രി ചിഞ്ചുറാണി
Kerala
സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനേയും സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കി മന്ത്രി ചിഞ്ചുറാണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd March 2024, 1:50 pm

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി ജെ. ചിഞ്ചുറാണി. ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനേയും സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.

ഡീനിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി മന്ത്രി പറഞ്ഞു. വാര്‍ഡനെന്ന നിലയില്‍ ഡീന്‍ ഹോസ്റ്റലില്‍ ഉണ്ടാകണമായിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ജീവനക്കാരുടെ കുറവിനെ കുറിച്ച് ഡീന്‍ പറയേണ്ട ആവശ്യമില്ല. വാര്‍ഡനെന്ന നിലയില്‍ ഡീന്‍ ഹോസ്റ്റലില്‍ പോയില്ല. സ്വന്തം ചുമതല നിര്‍വഹിക്കുകയാണ് ഡീന്‍ ചെയ്യേണ്ടിയിരുന്നത്’, ചിഞ്ചുറാണി പറഞ്ഞു. ഹോസ്റ്റലില്‍ സി.സി.ടി.വി സ്ഥാപിക്കാൻ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സുരക്ഷാ ജീവനക്കാരെ നിയമിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സര്‍വകലാശാല വി.സിയെ സസ്‌പെന്‍ഡ് ചെയ്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ ശനിയാഴ്ച ചിഞ്ചുറാണി രംഗത്തെത്തിയിരുന്നു. വി.സിയെ സസ്‌പെന്‍ഡ് ചെയ്ത നടപടിയോട് യോജിക്കാനാകില്ലെന്നാണ് മന്ത്രി പ്രതികരിച്ചത്. വി.സിയെ സസ്‌പെന്‍ഡ് ചെയ്യേണ്ട സാഹചര്യം ഇല്ലായിരുന്നെന്നും വേണ്ട നടപടികള്‍ സര്‍വകലാശാല എടുത്ത് കഴിഞ്ഞിരുന്നെന്നും മന്ത്രി പറഞ്ഞു.

അതിനിടെ, സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തി. ആവശ്യമറിയിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ മാസം 18നായിരുന്നു സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകളില്‍ നിന്ന് സിദ്ധാര്‍ത്ഥന്‍ ക്രൂരമായ പീഡനത്തിന് ഇരയായെന്ന് വെളിപ്പെട്ടിരുന്നു.

ഹോസ്റ്റല്‍ നടുമുറ്റത്തെ ആള്‍ക്കൂട്ട വിചാരണയും ആരും സഹായത്തിന് എത്താത്തതിനെ തുടര്‍ന്നുണ്ടായ നിസ്സഹായതയും മൂലമുള്ള കടുത്ത മനോവിഷമത്തെ തുടര്‍ന്നാണ് സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് നിഗമനം.

Contant Highlight: minister chinju rani on sidharth death