കല്‍പറ്റ: പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിന് കാരണമായ റാഗിങിലുണ്ടായ ആറു വിദ്യാര്‍ത്ഥികളെ കൂടി സസ്പെന്റ് ചെയ്ത് അധികൃതര്‍.
സംഭവത്തില്‍ 12 വിദ്യാര്‍ത്ഥികളെ കഴിഞ്ഞ മാസം 22ന് സര്‍വകലാശാല അധികൃതര്‍ സസ്പെന്റ് ചെയ്തിരുന്നു. ഇതോടെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിച്ചേര്‍ത്ത 18 പേരെയും സസ്പെന്റ് ചെയ്തു.
അഭിഷേക് എസ് (കോളേജ് യൂണിയന്‍ സെക്രട്ടറി), ബില്‍ഗേറ്റ് ജോഷ്വാ, ആകാശ് .ഡി, ഡോണ്‍സ് ഡായി, രഹന്‍ ബിനോയ്, ആര്‍.ഡി. ശ്രീഹരി എന്നിവരെയാണ് വെള്ളിയാഴ്ച സസ്പെന്റ് ചെയ്തത്.
അതേസമയം വ്യാഴാഴ്ച പൊലീസില്‍ കീഴടങ്ങിയ എസ്.എഫ്.ഐ നേതാക്കളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെറ്റിനറി കോളേജ് യൂണിയന്‍ പ്രസിഡന്റ് കെ. അരുണ്‍, യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍ എന്നിവര്‍ വ്യാഴാഴ്ച രാത്രി കല്‍പ്പറ്റ ഡി.വൈ.എസ്.പി ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു.
നിലവില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട പത്തുപേര്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ഒളിവിലുള്ള ആറുപേര്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മര്‍ദനം, തടഞ്ഞുവയ്ക്കല്‍, ആയുധം ഉപയോഗിക്കല്‍, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്ക് എതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.
കേസിലെ പ്രതികള്‍ക്കെതിരെ രാഷ്ട്രീയം നോക്കാതെ പൊലീസ് നടപടി എടുക്കുമെന്ന് പ്രോ ചാന്‍സലറായ മന്ത്രി ജെ. ചിഞ്ചുറാണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വെറ്റിനറി സര്‍വകാലശാല ക്യാമ്പസില്‍ സി.സി.ടി.വി ക്യാമറകള്‍ വെക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം സിദ്ധാര്‍ത്ഥന്റെ മരണം കുടുംബത്തെ കൃത്യ സമയത്ത് അറിയിക്കുന്നതില്‍ കോളേജ് ഡീന് വീഴ്ച പറ്റിയിട്ടുണ്ടെന്നും മറ്റ് പരാതികള്‍ ഒന്നും ഡീനിനെതിരെ ഇതുവരെ കിട്ടിയിട്ടില്ലെന്നും ജെ. ചിഞ്ചുറാണി പറഞ്ഞു. സിദ്ധാര്‍ത്ഥനെ ആശുപത്രിയില്‍ എത്തിച്ചതും തുടര്‍നടപടികള്‍ ചെയതതും ഡീന്‍ തന്നെയായിരുന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. എസ്.എഫ്.ഐ കേരളത്തിലെ ക്യാമ്പസുകളില്‍ അഴിഞ്ഞാടുന്നുവെന്ന് വി.ഡി. പ്രതികരിച്ചു. ക്രിമിനലുകളെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.
വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രത്യക്ഷ സമരത്തിന് തയ്യാറാവുകയാണെന്നും അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം കെ.എസ്.യുവിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉണ്ടാകുമെന്നും അറിയിച്ചു.
Content Highlight: Minister Chinchurani said that action will be taken regardless of politics on Siddharth’s death